കൊച്ചി: മദ്യ വില്‍പ്പനയില്‍ മറ്റ് പല സംസ്ഥാനങ്ങളേക്കാള്‍ പിന്നിലാണെങ്കിലും 'കുടിയന്‍മാര്‍' എന്ന വിശേഷണം മലയാളിക്ക് സ്വന്തമാണ്. വിവിധ ഉത്സവങ്ങളും ആഘോഷ ദിവസങ്ങളും കഴിയുമ്പോള്‍ ഈ ദിവസങ്ങളില്‍ മലയാളി എത്ര രൂപയ്ക്ക് കുടിച്ചു എന്ന കണക്ക് ബിവറേജസ് കോര്‍പ്പറേഷന്‍ തന്നെ പുറത്ത് വിടാറുമുണ്ട്. എന്നാല്‍ കേരളത്തിലെ മദ്യ വില്‍പ്പന മേഖലയിലെ പ്രധാനപ്പെട്ട പ്രശ്‌നം എന്താണെന്ന് വെളിപ്പെടുത്തുകയാണ് ഏവിയേഷന്റെ ചുമതലയുള്ള ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍ ഐഎഎസ്.
ഡ്രൈ ഡേ എന്ന പേരില്‍ എല്ലാ മാസവും ഒന്നാം തീയതി മദ്യശാലകള്‍ അടച്ചിടുന്ന രീതിയെ കേരളത്തിലെ മദ്യ വില്‍പ്പനയിലെ ഏറ്റവും വലിയ പ്രതിസന്ധിയെന്നാണ് ബിജു പ്രഭാകര്‍ വിശേഷിപ്പിക്കുന്നത്. എല്ലാ മാസവും ഒന്നാം തീയതി മദ്യശാലകള്‍ അടച്ചിട്ടാല്‍ കേരളത്തിലേക്ക് എങ്ങനെയാണ് ഹൈ വാല്യു ടൂറിസ്റ്റുകള്‍ എത്തുകയെന്നാണ് അദ്ദേഹം ചോദിക്കുന്നത്. എന്തിനാണ് ഡ്രൈ ഡേ എന്ന് മന്‌സസിലാകുന്നില്ലെന്നും സര്‍ക്കാര്‍ ഇതിനെ എതിര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ നിരവധി കോണുകളില്‍ നിന്ന് എതിര്‍പ്പുകള്‍ വരികയാണെന്നും അദ്ദേഹം പറയുന്നു.
കൊച്ചിയിലേയ്ക്ക് വിദേശ പായ്‌വഞ്ചി സഞ്ചാരികള്‍ എത്താത്തതും ഇത്തരം സൗകര്യമില്ലാത്തത് കൊണ്ടാണെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. ഒരു സുപ്രഭാതത്തില്‍ നടക്കുന്ന കാര്യമല്ല ഹൈ വാല്യു ടൂറിസ്റ്റുകളെ കേരളത്തിലേക്ക് ആകര്‍ഷിക്കുകയെന്നത്. അത് നിരന്തര ശ്രമങ്ങളുടേയും പ്രത്യേക ക്യാമ്പയിന്‍ ആരംഭിക്കുന്നതിലൂടെയും യാഥാര്‍ത്ഥ്യമാക്കിയെടുക്കേണ്ടതാണ്. ആളുകള്‍ ജയ്പ്പുര്‍, ജോധ്പുര്‍ എന്നിവിടങ്ങളില്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് എന്നിങ്ങനെയൊക്കെ പോകുമ്പോള്‍ നമ്മളും അത്തരം സ്‌കീമുകള്‍ കൊണ്ടുവരണമെന്ന് ബിജു പ്രഭാകര്‍ പറയുന്നു.
കേരളത്തിലെ പ്രധാനപ്രശ്നം ഒന്നാം തീയതി മദ്യശാലകള്‍ അടച്ചിടുന്നു എന്നതാണ്. അത് മാറ്റിയേ തീരൂ. ഒന്നാം തീയതി കല്യാണമോ മറ്റു പരിപാടികളോ നിശ്ചയിച്ചാല്‍ ഒന്നിനും പറ്റില്ലെന്ന് പറയുന്നത് ഹോട്ടല്‍കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ്. ഈ സ്ഥിതി മാറണമെന്ന് ടൂറിസം വകുപ്പ് നിരന്തരമായി ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കേരളത്തില്‍ പുതിയ മദ്യനയത്തില്‍ ഡ്രൈ ഡേ പൂര്‍ണമായി ഒഴിവാക്കണമെന്ന നിര്‍ദേശം വിവിധ വകുപ്പുകള്‍ മുന്നോട്ടുവെച്ചുവെങ്കിലും അത് പൂര്‍ണമായി നടപ്പിലാക്കാന്‍ സര്‍ക്കാരിനും സാധിച്ചിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |