തിരുവനന്തപുരം: മാനവീയം വീഥിക്ക് സമീപം ആൽത്തറയിൽ വ്യാഴാഴ്ച രാത്രിയിൽ വെമ്പായം തേക്കട സ്വദേശി ഷിജിത്തിനെ (25) കുത്തി പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ കൂടി പിടിയിൽ. വെമ്പായം സ്വദേശികളായ മുഹമ്മദ് ഫർഹാൻ (28),ആർ.രാഹുൽ(29) എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിലെ ആറും ഏഴും പ്രതികളാണിവർ. ഇതോടെ കേസിൽ അകത്തായവരുടെ എണ്ണം മൂന്നായി. ഒന്നു മുതൽ 5വരെയുള്ള പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചെന്നതാണ് ഇവർക്കെതിരെയുള്ള കേസ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അക്രമി സംഘത്തിനു വേണ്ടി ഷിജിത്തിനെ മാനവീയം വീഥിയിൽ വിളിച്ചു വരുത്തി ആക്രമണത്തിനു കൂട്ടുനിന്ന പത്തനംതിട്ട മലയാലപ്പുഴ ഏറം സ്വദേശി സ്നേഹ അനിലിനെ (23) കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷിജിത്തിന്റെ സുഹൃത്തുക്കളായിരുന്ന വെമ്പായം സ്വദേശി ഷിയാസ്, ഷിയാസിന്റെ ബന്ധു സുഹൈൽ,രഞ്ജിത്ത്, അർഫാജ് എന്നിവരാണ് നാലുവരെയുള്ള പ്രതികൾ. സുഹൃത്തുക്കളായിരുന്ന പ്രതികളും ഷിജിത്തും മാസങ്ങൾക്ക് മുൻപാണ് തെറ്റിപ്പിരിഞ്ഞത്. ലഹരിക്കേസുകളിൽ ഷിയാസിനെ അടുത്തിടെ പിടികൂടിയത് ഷിജിത്ത് ഒറ്റിയതിനെ തുടർന്നാണെന്ന സംശയമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചത്. ഇടതു നെഞ്ചിൽ കുത്തേറ്റ ഷിജിത്ത് മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മ്യൂസിയം പൊലീസിന്റെ റൗഡി ലിസ്റ്റിലുള്ളയാളാണ് ഷിജിത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |