പാഴ്‌വസ്തുക്കൾക്കും പുനരുപയോഗിക്കാൻ പറ്റിയ മാലിന്യങ്ങൾക്കും മികച്ച വരുമാനം ലഭിക്കുമെന്ന് തെളിയിക്കുന്നതാണ് ഈയിനത്തിൽ മൂന്നര വർഷംകൊണ്ട് കേന്ദ്ര സർക്കാർ നേടിയ വൻ നേട്ടം. 2021 മുതൽ ഇതുവരെ പാഴ്‌വസ്തുക്കൾ വിറ്റ വകയിൽ കേന്ദ്ര ഖജനാവിൽ എത്തിയത് 2364 കോടി രൂപയാണ്. കേന്ദ്ര സർക്കാർ ഓഫീസുകളിലും മറ്റു കളക്‌ഷൻ കേന്ദ്രങ്ങളിലും സൂക്ഷിച്ചിരുന്ന പാഴ്‌വസ്‌തുക്കൾ സ്വച്ഛതാ ക്യാമ്പെയിൻ വഴി ശേഖരിച്ചവയാണ്. ഈ വർഷം ഇതുവരെ മാത്രം പാഴ്‌വസ്തുക്കൾ വിറ്റ വകയിൽ 650 കോടിയാണ് ലഭിച്ചത്. വൻ വരുമാനം ലഭിച്ചുവെന്നതു മാത്രമല്ല മെച്ചം. സർക്കാർ ഓഫീസുകളിലും കളക്‌ഷൻ സെന്ററുകളിലും കെട്ടിക്കിടന്ന പാഴ്‌വസ്തുക്കളത്രയും നീക്കം ചെയ്യാനും സാധിച്ചു. ഇങ്ങനെ 190 ലക്ഷം ചതുരശ്ര അടിയിൽ കൂട്ടിയിട്ടിരുന്ന പാഴ്‌വസ്തുക്കൾ നീക്കാനായത് വലിയ നേട്ടം തന്നെയാണ്.
സ്വച്ഛ് ഭാരത് ക്യാമ്പെയ്‌ൻ രാജ്യമൊട്ടുക്ക് നടപ്പാക്കാൻ കേന്ദ്ര സർക്കാർ ശ്രമം തുടങ്ങിയിട്ട് വർഷങ്ങളായി. കേന്ദ്ര ഓഫീസുകളിൽ വൃത്തിയും വെടിപ്പും കൈവന്നിട്ടുണ്ടെങ്കിലും പല സംസ്ഥാനങ്ങളും ഈ രംഗത്ത് വളരെ പിന്നിലാണ്. ഏതു സംസ്ഥാന ഓഫീസുകളിൽ നോക്കിയാലും പാഴ്‌വസ്തുക്കളുടെ കൂമ്പാരം തന്നെ കാണാം. ഓഫീസിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് തടസമാകും വിധം പാഴ്‌വസ്തുക്കൾ കുന്നുകൂടിക്കിടന്നാലും നീക്കം ചെയ്യാനോ ലേലം ചെയ്ത് വരുമാനമുണ്ടാക്കാനോ ചുമതലപ്പെട്ടവർ ശ്രദ്ധിക്കാറില്ല. പാഴ്‌വസ്തുക്കളുടെ വില്പന മാത്രമല്ല മാലിന്യ സംഭരണവും സംസ്കരണവും ശാസ്ത്രീയമായി കൈകാര്യം ചെയ്യൽ നഗര സംസ്കാരത്തിന്റെ ഭാഗമാക്കാൻ കഴിയണം. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന കീർത്തി ഏറെ നാളായി നിലനിറുത്തുന്ന ഇൻഡോർ പോലുള്ള പ്രദേശങ്ങൾ രാജ്യത്തിനു മാതൃകയാണ്. അവിടവിടെ അത്യാധുനിക സംസ്കരണ കേന്ദ്രങ്ങൾ സ്ഥാപിച്ചും മാലിന്യ സംഭരണത്തിന് കുറ്റമറ്റ സംവിധാനങ്ങൾ ഏർപ്പെടുത്തിയുമാണ് ഇൻഡോർ നഗരസഭ ഈ നേട്ടം കൈവരിക്കുന്നത്.
കേരളത്തിൽത്തന്നെ കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യ സംഭരണ കേന്ദ്രം ആധുനിക സംവിധാനങ്ങളിലൂടെ കീർത്തി നേടിയ വാർത്തകൾ ഈയിടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. നഗര ഭരണാധികാരികളും സർക്കാരും ഒരുമിച്ചു ശ്രമിച്ചാൽ അനായാസം ഈ നേട്ടം കൈവരിക്കാനാകും. അത്തരമൊരു നീക്കം നടത്തുന്നില്ലെന്നതാണ് കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളുടെയും ദുര്യോഗം. അതിസുന്ദരമായ വിശാല പാതകൾ മിക്ക സംസ്ഥാനങ്ങളിലുമുണ്ട്. എന്നാൽ ഇവയിലൂടെ യാത്രചെയ്യുന്ന ആർക്കും, പാതയ്ക്കിരുവശവും അട്ടിയട്ടിയായിട്ടിരിക്കുന്ന മാലിന്യങ്ങൾ എത്രമാത്രം അസഹനീയമാണെന്നു കാണാം. പാതവക്കിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടുപിടിച്ച് പിഴ ഈടാക്കാൻ നഗരസഭകൾ ക്യാമറകളും സ്ഥാപിച്ച് കാത്തിരിക്കുന്നുണ്ട്. എന്നാൽ ചുരുക്കം പേരേ ഇതിൽ കുടുങ്ങാറുള്ളൂ. മാലിന്യങ്ങൾ മാത്രമല്ല, പാതകൾക്കിരുവശവും വാഹനം ഓടിക്കുന്നവരുടെ കാഴ്ച മറയ്ക്കുംവിധം ഫ്ളക്സ് ബോർഡുകളും ബാനറുകളും മറ്റും നിറഞ്ഞിരിക്കുകയാണ്.
ട്രാഫിക് നിയമ ലംഘനങ്ങളുടെ പേരിൽ പൊലീസ് പിടികൂടുന്ന വാഹനങ്ങളുടെ നീണ്ട നിര ഗതാഗത തടസമുണ്ടാക്കും വിധം കേരളത്തിലെവിടെയും കാണാം. നടപടിക്രമങ്ങൾ തീർത്ത് അവ ലേലത്തിൽ വിറ്റാൽ വലിയ വരുമാനം സർക്കാരിനു ലഭിക്കും. എന്നാൽ വർഷങ്ങളോളം കൂട്ടിയിട്ട് തുരുമ്പെടുത്താലും ഇത്തരം വാഹനങ്ങൾ ലേലം ചെയ്യുകയില്ല. തുരുമ്പെടുത്തു നശിക്കാനാണ് അവയുടെ വിധി. ഹൈക്കോടതി പലവട്ടം ആവശ്യപ്പെട്ടിട്ടും നടപടി എടുക്കാറില്ല. പാഴ്‌വസ്തുക്കൾക്കും അതിന്റേതായ വിലയുണ്ട്. തക്കസമയത്ത് ലേലം ചെയ്യണമെന്നു മാത്രം. സർക്കാർ ഓഫീസുകളും കളക്‌ഷൻ സെന്ററുകളും വൃത്തിയോടെയും വെടിപ്പായും നിലനിൽക്കാൻ കൃത്യമായ ഇടവേളകളിൽ അവ നീക്കം ചെയ്യേണ്ടതുണ്ട്. ചുമതലപ്പെട്ടവരുടെ ഉത്തരവാദിത്വബോധത്തെ ആശ്രയിച്ചിരിക്കും ഈ വക കാര്യങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |