തിരുവനന്തപുരം: അഡിഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ച കൃഷിവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിനെയും മതാടിസ്ഥാനത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ വ്യവസായ ഡയറക്ടർ ഗോപാലകൃഷ്ണനെയും സസ്പെൻഡ് ചെയ്തു. ഇരുവരുടെയും പ്രവൃത്തികൾ സർക്കാരിന് നാണക്കേട് വരുത്തിയിരുന്നു.
ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് നടപടിയെടുത്തത്. സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനാൽ, വിശദീകരണം തേടാതെതന്നെ നടപടിയിലേക്ക് കടക്കാമെന്ന് ചീഫ് സെക്രട്ടറി ശുപാർശ ചെയ്തിരുന്നു. ഉപതിരഞ്ഞെടുപ്പ് പ്രചാരണം പൂർത്തിയാക്കി ഇന്നലെ മുഖ്യമന്ത്രി തലസ്ഥാനത്ത് തിരിച്ചെത്തിയതിനു പിന്നാലെയാണ് നടപടി.
അഗ്രികൾച്ചർ ഡെവലപ്മെന്റ് ആൻഡ് ഫാർമേഴ്സ് വെൽഫയർ ഡിപ്പാർട്ട്മെന്റ് സെക്രട്ടറിയായ പ്രശാന്ത് ഇന്നലെയും ഫേസ്ബുക്ക് പോസ്റ്റിലൂടെ എ.ജയതിലകിനെതിരെ ഒളിയമ്പ് എയ്തിരുന്നു.
ജൂനിയറായ ഐ.എ.എസുകാർക്കെതിരെയാണെങ്കിൽ പോലും അന്വേഷണം നടത്തുന്നതിന് നിശ്ചിതമായ ക്രമങ്ങളും വ്യവസ്ഥകളുമുണ്ട്. അത് പാലിക്കാതെയാണ് അഡിഷണൽ ചീഫ് സെക്രട്ടറി എ.ജയതിലക് 'ഉന്നതി'യുടെ സി.ഇ.ഒ ആയിരുന്ന പ്രശാന്തിനെതിരെ അന്വേഷണം നടത്തിയതെന്നായിരുന്നു ഒരു വിഭാഗം ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിലപാട്.
ഏത് സാഹചര്യത്തിലും മുതിർന്ന ഉദ്യോഗസ്ഥരെ അധിക്ഷേപിച്ച് സംസാരിക്കുന്നത് അച്ചടക്കലംഘനമാണെന്നും അത് അനുവദിക്കാൻ ആവില്ലെന്നുമാണ് മറുവാദം.
ഫോൺ ഹാക്ക് ചെയ്താണ് ഗ്രൂപ്പുകളുണ്ടാക്കിയതെന്ന ഗോപാലകൃഷ്ണന്റെ വാദം കളവാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ചീഫ്സെക്രട്ടറി ശാരദാമുരളീധരൻ ഗോപാലകൃഷ്ണനിൽ നിന്ന് വിശദീകരണം തേടിയെങ്കിലും അത് തൃപ്തികരമായിരുന്നില്ല.
ചട്ടങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്നത് ഏത് ഉന്നതനായാലും നടപടി ഉണ്ടാകുമെന്നാണ് റവന്യു മന്ത്രി കെ.രാജൻ പറഞ്ഞത്.
ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ചേരിപ്പോരിൽ സി.പി.എം നേതൃത്വത്തിനും അതൃപ്തിയുണ്ട്.
'കർഷകനാണ് കളപറിക്കാൻ ഇറങ്ങിയതാണെന്ന' ഇന്നലത്തെ പോസ്റ്റിലൂടെയും പരസ്യവിമർശനം തുടർന്ന പ്രശാന്തിന് മറുപക്ഷത്തുനിന്ന് രാഷ്ട്രീയ പിന്തുണ ലഭിക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്.
കൃത്യവിലോപം ഇല്ല,
പെരുമാറ്റദോഷം മാത്രം
# രണ്ട് ഉദ്യോഗസ്ഥരും കൃത്യനിർവഹണത്തിൽ വീഴ്ചയോ ക്രമക്കേടോ കാട്ടിയെന്ന പരാതിയില്ല.അതിനാൽ ഇത് ഭരണപരമായ നടപടി അല്ല.
# രണ്ടുപേർക്കും ഷോക്കോസ് നോട്ടീസ് നൽകും.ഇതിനു അവർ നൽകുന്ന വിശദീകരണം വിലയിരുത്തിയാണ് സസ്പെൻഷൻ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്.
# സസ്പെൻഷൻ തുടരാൻ തീരുമാനിച്ചാൽ മാത്രമേ ഇവർക്ക് നിയമപരമായി ചോദ്യം ചെയ്യാൻ കഴിയൂ.ഷോക്കോസ് നോട്ടീസ് അടിയന്തരമായി നൽകും. പക്ഷേ, വിശദീകരണത്തിൽ തീരുമാനമെടുക്കുന്നത് നീട്ടിക്കൊണ്ടുപോകാം.
# ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ പരമാവധി ആറു മാസംവരെ മാത്രമേ സസ്പെൻഡ് ചെയ്യാൻ കഴിയൂ.ആ കാലയളവിൽ ശമ്പളത്തിന്റെ 75 ശതമാനവും മറ്റ് ആനുകൂല്യങ്ങൾ പൂർണമായും നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |