കൊച്ചി: ശൈശവ വിവാഹത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് വയനാട്ടിലെ ഗോത്രവിഭാഗങ്ങളിൽ അവബോധം വളർത്താൻ ദീർഘകാലപദ്ധതി വേണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. വോളന്റിയർമാരുടെയും സ്വാധീനമുള്ള വ്യക്തികളുടെയും സന്നദ്ധ സംഘനകളുടെയും സഹകരണത്തോടെ പദ്ധതി തയ്യാറാക്കാൻ വയനാട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയെ (ഡി.എൽ.എസ്.എ) ചുമതലപ്പെടുത്തി. സർക്കാർ വകുപ്പുകളുടെയും പഞ്ചായത്തുകളുടെയും നിർദ്ദേശങ്ങൾ പരിഗണിക്കണം. സ്വമേധയാ എടുത്ത കേസിലാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങിയ ഡിവിഷൻബെഞ്ചിന്റെ നിർദ്ദേശം. ജനുവരി ആറിന് വീണ്ടും വിഷയം പരിഗണിക്കും.
പണിയർ, മുള്ളക്കുറുമർ, അടിയാർ, കുറിച്ച്യർ, ഊരാളി, കാട്ടുനായ്ക്കർ, കണ്ടുവടിയർ, തച്ചനാടർ, കനലാടി വിഭാഗങ്ങളിൽ ശൈശവ വിവാഹം നിലവിലുണ്ടെന്ന് വയനാട് ഡി.എൽ.എസ്.എ ചെയർമാൻ കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
ഡോ.വന്ദന ദാസ്
കൊലക്കേസ്:
പ്രതിക്ക് ഇടക്കാല
ജാമ്യമില്ല
ന്യൂഡൽഹി: ഡോ.വന്ദന ദാസ് കൊലക്കേസിൽ ഇടക്കാല ജാമ്യം വേണമെന്ന പ്രതി ജി. സന്ദീപിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. പ്രതിയുടെ മാനസികനില സംബന്ധിച്ച റിപ്പോർട്ട് മൂന്നാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ അഭയ് എസ്. ഓക, അഗസ്റ്രിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. മാനസികനില പരിശോധിക്കാൻ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചതായി സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ഡിസംബർ 13ന് പ്രതിയുടെ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. കേസിൽ നിന്ന് കുറ്റവിമുക്തനാക്കണമെന്ന സന്ദീപിന്റെ ഹർജി സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു.
ഐ.എ.എസ് പോരിൽ
സർക്കാർ നിശ്ചലം
കോഴിക്കോട്: സംസ്ഥാനത്ത് ഐ.എ.എസ് ഉദ്യോഗസ്ഥർ തമ്മിൽ നടക്കുന്ന പോര് വ്യക്തമാക്കുന്നത് ഇവിടെ ഒരു സർക്കാരില്ലെന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസടക്കം ഉപജാപകസംഘം നിയന്ത്രിക്കുമ്പോൾ സംസ്ഥാനത്ത് ഇതല്ല ഇതിൽക്കൂടുതലും നടക്കും.
നേതൃതലത്തിൽ നടക്കുന്ന സി.പി.എം-ബി.ജെ.പി ഡീലിനെ സി.പി.എം പ്രവർത്തകരും പാലക്കാട്ടെ സാധാരണ ജനതയും തള്ളിക്കളയും. പൊലീസിൽ ആർ.എസ്.എസിന്റെ കടന്നുകയറ്റമെന്നു പറഞ്ഞ സി.പി.ഐ നേതാവ് ആനി രാജയെ ഇവർ അപമാനിച്ചു. സിവിൽ സർവീസിലും ഈ ശക്തികളുടെ കടന്നുകയറ്റമുണ്ടായിട്ടും സർക്കാർ നടപടിയെടുക്കുന്നില്ല. മുഖ്യമന്ത്രിയുടെ വകുപ്പ് പോലും ഭരിക്കുന്നത് ഉപജാപകസംഘമാണ്. അവരാണ് നവീൻ ബാബു അഴിമതിക്കാരനാണെന്ന് വരുത്തി തീർക്കാനും, പ്രതിയെ രക്ഷിക്കാനും ശ്രമിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറി നവീൻ ബാബുവിന്റെ വീട്ടിൽ പോയി കുടുംബത്തിനൊപ്പമാണ് പാർട്ടിയെന്ന് പറയുമ്പോഴാണ് പാർട്ടി ഗ്രാമത്തിൽ പ്രതിയെ സി.പി.എം ഒളിപ്പിച്ചത്. എം.വി. ഗോവിന്ദൻ സ്വന്തം സഹധർമ്മിണിയെ വിട്ടാണ് ജയിലിൽ നിന്നിറങ്ങിയ ദിവ്യയെ സ്വീകരിച്ചതെന്നും സതീശൻ പറഞ്ഞു.
മുഖ്യമന്ത്രി മാപ്പ് പറയണം:
കെ. സുരേന്ദ്രൻ
ചേലക്കര: വഖഫ് ഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം പാസാക്കിയതിന് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും എന്തുകൊണ്ടാണ് ഇത്രയും ദിവസം മുനമ്പം വിഷയത്തിൽ പ്രതികരിക്കാതിരുന്നതെന്ന് വ്യക്തമാക്കണമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. വേട്ടക്കാരുടെ കൂടെയാണോ ഇരകളുടെ കൂടെയാണോയെന്ന് വ്യക്തമാക്കണം. വഖഫ് ബോർഡിനെ നിയന്ത്രിക്കുന്നത് സർക്കാരാണെന്ന് വ്യക്തമായിരിക്കുകയാണ്. മുനമ്പം വഖഫ് വിഷയത്തിൽ മുഖ്യമന്ത്രി ചർച്ച നടത്താൻ തയ്യാറായത് കൂടുതൽ സ്ഥലങ്ങളിലേക്ക് അധിനിവേശം വ്യാപിക്കുന്നതുകൊണ്ടാണ്. തിരഞ്ഞെടുപ്പ് മുൻപിൽ കണ്ട് ആളുകളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണ് മുഖ്യമന്ത്രി നടത്തുന്നത്. പ്രതിപക്ഷവും ഭരണപക്ഷവും വഖഫ് ബോർഡിനൊപ്പമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |