മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാർഡ് നേടിയ മുഹമ്മദ് മുസ്‌തഫയുടെ പുതിയ ചിത്രം മുറ ക്വട്ടേഷൻ ഗ്യാങുകളും അവിടെ നടക്കുന്ന വഴിവിട്ട ഏറ്റുമുട്ടലും ഒക്കെ നിറഞ്ഞതാണ്. വയലൻസ് ഉണ്ടെങ്കിലും ഒരു എന്റർടെയ്നർ എന്ന നിലയിൽ പ്രേക്ഷകരെ ചിത്രം നിരാശപ്പെടുത്തുകയില്ല. പുതിയ മുഖങ്ങളാണ് അഭിനേതാക്കളിൽ ഭൂരിഭാഗവും. ഓരോരുത്തരും ഒന്നിനൊന്ന് മികച്ച പ്രകടനം തന്നെ കാഴ്ചവച്ചു. പരിചിത മുഖങ്ങൾ ആയി സുരാജ് വെഞ്ഞാറമ്മൂടും മാല പാർവതിയുമാണ്. ഇരുവരും മികച്ച അഭിനയമാണ് കാഴ്ചവയ്ക്കുന്നത്. അതിൽ എടുത്തുപറയേണ്ടത് മാല പാർവതി അവതരിപ്പിച്ച 'രമാദവി " എന്ന ഗുണ്ടാ നേതാവിന്റെ പ്രകടനമാണ്. ഒരു നടിയെന്ന നിലയിൽ ബഹുഭാഷകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്‌തിട്ടുണ്ടെങ്കിലും മുറയിലെ കഥാപാത്രം അവരുടെ കരിയർ ബെസ്റ്റാണെന്ന് പറയാം. മാസ്റ്രർ പീസ് എന്ന വെബ് സീരീസിലെ ആനിയമ്മ എന്ന കഥാപാത്രവും മുറയിലെ രമദേവിയുമായുള്ള അന്തരം ഒരു നടി എന്ന നിലയിൽ വളരുന്നതിന്റെയും പ്രയത്നത്തിന്റെയും അർപ്പണബോധത്തിന്റെയും കൃത്യമായ സമീപനത്തിന്റെയും ഫലമെന്ന് ഉറപ്പിക്കാൻ സാധിക്കും.
വനിതാ ഗുണ്ടാനേതാവിന്റെ പ്രമേയം പൊതുവെ മലയാള സിനിമയിൽ അങ്ങനെ കാണാറില്ല. ഈ സിനിമയുടെ നട്ടെല്ലെന്ന് വിശേഷിപ്പിക്കാവുന്ന കഥാപാത്രമാണ് രമ ചേച്ചി. മുൻ മാതൃകകളില്ലാത്ത ഈ വേഷം മാല പാർവതി അവിസ്‌മരണീയമാക്കി. കഥാപാത്രം നടത്തുന്ന ചേഷ്ടകൾ അവതരിപ്പിക്കുന്നത് ഉജ്ജ്വലമായ രീതിയിലാണ്. അഭിനയ സാദ്ധ്യത പ്രയോജനപ്പെടുത്തുമ്പോഴാണ് ഒരു നടന്റെയും നടിയുടെയും ഒക്കെ പൊട്ടൻഷ്യൽ പുറത്തുവരുന്നത്. രമചേച്ചിയുടെ കഥാപാത്രത്തെ പാർവതിക്കു നൽകിയതിൽ സംവിധായകൻ അഭിനന്ദനം അർഹിക്കുന്നു.കഥാപാത്രമാകാൻ വേണ്ടി നടത്തിയ രൂപമാറ്രങ്ങൾ പലപ്പോഴും മാലപർവതി എന്ന് തിരിച്ചറിയാൻ പോലും കഴിയാത്ത വിധമായി.
കാൻസിൽ പുരസ്‌കാരം നേടിയ ആൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന പായൽ കപാഡിയ ചിത്രത്തിൽ അഭിനയിച്ച ഹൃദു ഹാറുണാണ് മുറയിൽ അനന്തു എന്ന മുഖ്യവേഷം ചെയ്യുന്നത്. നല്ല അഭിനയമാണ് ഹൃദുവിന്റേത്. മലയാളത്തിൽ ഹൃദു അഭിനയിക്കുന്ന ആദ്യ സിനിമയും. അനന്തുവിന്റെ സുഹൃത്തക്കാളായി എത്തിയവരും നന്നായിട്ടുണ്ട്.
കുറ്റകൃത്യം പ്രതിഫലം കൊയ്യില്ല. (Crime Never Pays) എന്ന സന്ദേശമാണ് ചിത്രം മുന്നോട്ടുവയ്ക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |