മൂന്ന് പഴവർഗങ്ങളിലും കീടനാശിനി കൂടുതൽ.
50 ലക്ഷത്തിൽ ലക്ഷം പേർക്ക് കാൻസർ സാദ്ധ്യത
തിരുവനന്തപുരം : കാൻസർ പോലുള്ള മാരക രോഗങ്ങൾ പിടിമുറുക്കുമ്പോൾ മലയാളി കഴിക്കുന്ന പച്ചക്കറികളിൽ 13.33ശതമാനവും വിഷമയം. 23 പച്ചക്കറികളിലും മൂന്നു പഴവർഗങ്ങളിലും ക്രമാതീതമായി കീടനാശിനി കണ്ടെത്തിയിട്ടുണ്ട്.
വിഷാംശം കണ്ടെത്താനുള്ള പരിശോധനകൾ നടക്കുമ്പോഴും പലവഴികളിലൂടെ വിഷംനിറഞ്ഞ പച്ചക്കറികൾ എത്തും. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറിയിലും പഴങ്ങളിലും മാത്രമല്ല, ഇവിടെ ഉത്പാദിപ്പിക്കുന്നവയിലും അമിതമായി കീടനാശിനിയുണ്ട്.
ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കാൻ ആരോഗ്യവകുപ്പ് അടുത്തിടെ നടത്തിയ പരിശോധനയിൽ 50 ലക്ഷം പേരിൽ 1,10,781 പേർക്ക് കാൻസർ സാദ്ധ്യത കണ്ടെത്തിയിരുന്നു. രാസപദാർത്ഥങ്ങൾ നിറഞ്ഞ ഭക്ഷ്യസാധനങ്ങൾ കാൻസറിനുള്ള പ്രധാന കാരണങ്ങളിലൊന്നായി ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
ഈ വർഷം ജൂലായ് മുതൽ സെപ്തംബർ വരെ ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച 195 സാമ്പിളുകളാണ് വെള്ളായണി കാർഷിക കോളേജിലെ ലാബിൽ പരിശോധിച്ചത്. ഇതിലാണ് 23 പച്ചക്കറികളിലും മൂന്ന് പഴവർഗങ്ങളിലും (13.33) അമിത കീടനാശിനി കണ്ടെത്തിയത്. ബാക്കി 169 എണ്ണം കീടനാശിനി സാന്നിദ്ധ്യം ഇല്ലാത്തവയോ അനുവദനീയ അളവിലോ ആയിരുന്നു.
അമിത വിഷം കലർന്നവ
പാവയ്ക്ക, ചുരയ്ക്ക, കാപ്സിക്കം, കാരറ്റ്, മുരിങ്ങയ്ക്ക, നെല്ലിക്ക, പച്ചമുളക്, കോവയ്ക്ക, നാരങ്ങ, പച്ചമാങ്ങ, വെള്ളരി, റാഡിഷ് വെള്ള, പടവലം, തക്കാളി, എന്നീ പച്ചക്കറികളിലും പേരയ്ക്ക , തണ്ണിമത്തൻ, ഗ്രീൻആപ്പിൾ എന്നീ പഴങ്ങളിലും.
അപകടകാരികൾ പലത്
അസഫേറ്റ്, ഡൈമെത്തോവേറ്റ്, ഒമേത്തോയേറ്റ്, മോണോക്രോട്ടോഫോസ്, പെൻഡിമെത്തലിൻ തുടങ്ങിയവയാണ് പച്ചക്കറികളിൽ കൂടുതലായി കാണുന്ന കീടനാശിനികൾ. തയാമേത്തോക്‌സാം,അസറ്റാമിപ്രിഡ്,
ഡൈഫെനകൊണസോൾ എന്നിവയാണ് പഴങ്ങളിലെ കീടനാശിനികൾ.
ഭക്ഷ്യസുരക്ഷാ വകുപ്പ് വിഷവസ്തുക്കൾ കണ്ടെത്തുന്നുണ്ട്. ഇവ വിപണിയിലെത്തുന്നത് വലിയതോതിൽ തടഞ്ഞു. ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണം. ഹാനികരമായ ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കാൻ ബോധവൽകരണം ശക്തമാക്കും.
-വീണാ ജോർജ്
ആരോഗ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |