ആലപ്പുഴ : കോമളപുരത്ത് ഭീതിപരത്തി, കുറുവാസംഘമെന്ന് സംശയിക്കുന്ന കവർച്ചാസംഘം രണ്ട് വീടുകളിൽ നിന്നായി സ്വർണ്ണമാലകൾ കവർന്നു. മൂന്ന് വീടുകളിൽ മോഷണശ്രമവും ഉണ്ടായി. ഇന്നലെ പുലർച്ചെ 12.30നും രണ്ടിനും ഇടയിലായിരുന്നു മോഷണം. മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്ന സി.സി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
മണ്ണഞ്ചേരി പഞ്ചായത്ത് 11ാം വാർഡ് വടക്കനാര്യാട് മാളിയേക്കൽ വീട്ടിൽ കുഞ്ഞുമോൻ,നായ്ക്കംവെളിയിൽ അജയകുമാർ എന്നിവരുടെ വീടുകളിൽ അടുക്കളവാതിൽ പൊളിച്ചായിരുന്നു മോഷണം. അയൽവീടിന്റെ ഗേറ്റിന് സമീപത്ത് നിന്ന് നീലയും കറുപ്പും കലർന്ന ചുരിദാറിന്റെ ടോപ്പും ഒന്നരകിലോ ഭാരം വരുന്ന സിമന്റ് കട്ടയും പൊലീസ് കണ്ടെടുത്തു. വടക്കനാര്യാട് കോട്ടയിൽ വീട്ടിൽ രാജൻ, ശ്രീഭദ്രം വീട്ടിൽ പുഷ്പ, വെളിയിൽ രാജേന്ദ്രൻ എന്നിവരുടെ വീടുകളിലും കതക് കുത്തിത്തുറന്നെങ്കിലും വീട്ടുകാർ ഉണർന്നതിനാൽ മോഷണ ശ്രമം വിജയിച്ചില്ല. ഡിവൈ.എസ്.പി മധുബാബുവിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ സ്ഥലത്തെത്തിയ പൊലീസ് ഡോഗ് സ്ക്വാഡിന്റെയും വിരലടയാള വിദഗ്ധരുടെയും സഹായത്തോടെ തെളിവെടുപ്പ് നടത്തി. വീടുകളിൽ വളർത്തുനായ്ക്കൾ ഉണ്ടായിരുന്നെങ്കിലും മോഷ്ടാക്കളെത്തിയ സമയത്ത് അവ കുരച്ചില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
മോഷണം പുലർച്ചെ, നഷ്ടമായത് നാലര പവൻ
ഇന്നലെ പുലർച്ചെ 12.50ഓടെയായിരുന്നു അജയകുമാറിന്റെ വീട്ടിലെ കവർച്ച. കൂലിപ്പണിക്കാരനായ അജയകുമാറും ഭാര്യ ജയന്തിയും മക്കളായ പാർവതിയും പവിത്രയുമാണ് വീട്ടിലുണ്ടായിരുന്നത്. ജയന്തിയുംഭർത്താവും കിടന്ന മുറിക്ക് കുറ്റിയിട്ടിരുന്നില്ല. ഉറക്കത്തിൽ കഴുത്തിൽ നിന്ന് മാല തറയിൽ വീണതായി തോന്നിയതിനെത്തുടർന്ന് ജയന്തി, അജയകുമാറിനെ വിളിച്ചുണർത്തിയപ്പോൾ മുറിയിൽ നിന്ന് ആരോ പുറത്തേക്ക് പോകുന്നത് കണ്ടു. ഇവർ ബഹളമുണ്ടാക്കിയതുകേട്ട് അയൽവാസികൾ എത്തിയപ്പോഴേക്കും കവർച്ചാസംഘം രക്ഷപ്പെട്ടു. ജയന്തിയുടെ മാലയിൽ ആറ് ഗ്രാം താലിയും കൊളുത്തും മാത്രമായിരുന്നു സ്വർണ്ണം. താലി തിരിച്ചുകിട്ടി. സ്വർണത്തിലുള്ള കൊളുത്തും താലിയിട്ടിരുന്ന മുക്കുപണ്ടത്തിലുളള മാലയുമായാണ് നഷ്ടപ്പെട്ടത്. മണ്ണഞ്ചേരി പൊലീസിൽ അറിയിച്ചതനുസരിച്ച് എസ്.ഐ കെ.ആർ.ബിജുവിന്റെ നേതൃത്വത്തിൽ പൊലീസ് ഇവിടെയെത്തി വിവരങ്ങൾ ആരായുന്നതിനിടെ പുലർച്ചെ 1.45ഓടെ മോഷ്ടാക്കൾ അര കിലോമീറ്റർ അകലെയുള്ള കുഞ്ഞുമോന്റെ വീടിന്റെ അടുക്കളവാതിൽ തകർത്ത് മോഷണം നടത്തുകയായിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞുമോന്റെ ഭാര്യ ഇന്ദുവിന്റെ കഴുത്തിലണിഞ്ഞിരുന്ന മൂന്നേമുക്കാൽ പവൻ സ്വർണ്ണമാലയും താലിയുമാണ് കവർന്നത്. പഴ്സും അതിലുണ്ടായിരുന്ന 500രൂപയും കൈക്കലാക്കി.
നടുക്കം മാറാതെ ഇന്ദു
'ഉറങ്ങുന്നതിനിടെ എന്തോ കഴുത്തിൽ ഇഴയുന്നതായി തോന്നി. കഴുത്തിൽ തപ്പി നോക്കിയപ്പോൾ മൂന്നര പവന്റെ താലിമാല നഷ്ടമായ വിവരം അറിഞ്ഞു' വടക്കനാര്യാട് മാളിയേക്കൽ വീട്ടിൽ കുഞ്ഞുമോന്റെ ഭാര്യ ഇന്ദു പറഞ്ഞു.കണ്ണുതുറന്നപ്പോൾ ഒരാൾ കിടപ്പുമുറിയിൽ നിന്ന് പുറത്തേക്ക് പോകുന്നതു കണ്ടു. അടുക്കളയുടെയും മുൻഭാഗത്തെയും കതകുകൾക്ക് കുറ്റി ഇട്ടതിനാൽ കിടപ്പുമുറിയുടെ കതകിന് കുറ്റിയിട്ടിരുന്നില്ല. അടുക്കളയുടെ ഭാഗത്തെ വർക്ക് എരിയയിലെ ഗ്രില്ലിന്റെ കുറ്റി തട്ടിമാറ്റിയ ശേഷമാണ് മോഷ്ടാക്കൾ വീടിനുള്ളിൽ കയറിയത്.
ഭയന്ന് വിറച്ച് ജയന്തി
കതകിന്റെ കുറ്റിയിട്ടിരുന്നതിനാൽ മക്കളുടെ ജീവൻ തിരിച്ച് കിട്ടിയതെന്ന് വിറയലോടെ കോമളപുരം നായ്ക്കംവീട്ടിൽ അജയകുമാറിന്റെ ഭാര്യ ജയന്തി പറഞ്ഞു. നാല് ദിവസം മുമ്പ് അപരിചിതനായ ഒരാൾ വൃദ്ധസദനത്തിലേക്ക് വസ്ത്രം ചോദിച്ച് ഇവിടെ എത്തിയിരുന്നു. ഇന്നലെ മോഷണം നടക്കുന്നതിന് അല്പം മുമ്പ് മൂത്തമകൾ പാർവതി ബാത്ത് റൂമിൽ കയറിയ ശേഷം കിടപ്പുമുറിയിൽ കയറി കുറ്റിയിട്ടതിനാൽ ആഭരണങ്ങൾ നഷ്ടമായില്ല. പാർവതിയുടെ വിവാഹ നിശ്ചയം കഴിഞ്ഞ ഞായറാഴ്ചയായിരുന്നു. പണവും സ്വർണ്ണവും വീട്ടിൽ ഉണ്ടെന്ന് കരുതിയാണ് മോഷ്ടാക്കൾ എത്തിയതെന്ന സംശയവും ഉണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |