ന്യൂഡൽഹി: വഖഫ് ബോർഡിന്റെ കീഴിൽ രാജ്യത്ത് ഭൂമി കൈയേറ്റം വ്യാപകമായെന്നും അതു തടയാൻ വഖഫ് ബോർഡ് നിയമം അനിവാര്യമായെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ ബിൽ പാസാക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാരിനെ ആർക്കും തടയാനാകില്ലെന്നും പറഞ്ഞു. ജാർഖണ്ഡിലെ ബഗ്മാരയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വഖഫ് ബോർഡിന് ഭൂമി തട്ടിയെടുക്കുന്ന സ്വഭാവമുണ്ട്. കർണാടകയിൽ ഗ്രാമീണരുടെ സ്വത്തുക്കൾ വിഴുങ്ങി.ക്ഷേത്രങ്ങളുടെയും കർഷകരുടെയും ഗ്രാമവാസികളുടെയും ഭൂമി തട്ടിയെടുത്തു. വഖഫ് ബോർഡിലും നിയമത്തിലും മാറ്റങ്ങൾ ആവശ്യമാണ്. വഖഫ് ബോർഡിൽ മാറ്റം വരുത്തുന്നതിനെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും എതിർക്കുകയാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. രാജ്യത്ത് ഏക സിവിൽ കോഡും അനിവാര്യമാണെന്ന് അമിത് ഷാ പറഞ്ഞു.
ആദിവാസികളെ ഏകസിവിൽ കോഡിന്റെ പരിധിയിൽ പെടുത്തില്ല. ജാർഖണ്ഡിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ അനധികൃത കുടിയേറ്റക്കാരെ ബംഗ്ലാദേശിലേക്ക് മടക്കി അയക്കും. ജെഎംഎം-കോൺഗ്രസ് നേതാക്കൾ കൊള്ളയടിച്ച പണമെല്ലാം ട്രഷറിയിൽ തിരിച്ചെത്തിക്കും. അഴിമതിക്കാരെ തലകീഴായി തൂക്കിയിടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത് കരാർ പ്രകാരം,കൈയേറ്റമല്ല
മേരിക്കുന്നിൽ ജെ.ഡി.ടി ഇസ്ലാം ഓർഫനേജ് കമ്മിറ്റിയിൽനിന്ന് പാട്ടത്തിനെടുത്ത സ്ഥലത്ത് 2000 ഏപ്രിൽ 30നാണ് ഇപ്പോഴത്തെ വഖഫ് കേസിന് ആധാരമായ പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത് . 2004 സെപ്തംബർ 30വരെ വരെയുള്ള കരാർ വീണ്ടും നീട്ടാമെന്നായിരുന്നു വ്യവസ്ഥ. പോസ്റ്റ് ഓഫീസ് ഇരിക്കുന്ന സ്ഥലത്ത് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കുന്നതിനാൽ അവരുടെതന്നെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി.
കെട്ടിടത്തിനു പുതിയ ഗ്രിൽവച്ചു വൽകാമെന്ന് ഉടമസ്ഥർ 2006 ആഗസ്റ്റിൽ പോസ്റ്റ് ഓഫീസിനെ അറിയിച്ചെങ്കിലും 2014വരെ പാലിച്ചില്ല. എന്നാൽ വാടക വാങ്ങിയിരുന്നു. പിന്നീട് വാടക വാങ്ങാതിരിക്കുകയും കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകുകയും ചെയ്തു.
വഖഫ് ട്രൈബ്യൂണൽ സ്ഥല ഉടമയ്ക്ക് അനുകൂലമായി വിധി പറഞ്ഞെങ്കിലും പോസ്റ്റ് ഓഫീസ് അധികൃതരുടെ അപ്പീലിൽ വിധി റദ്ദാക്കി. ഭൂമി കൈയേറിയെന്ന് വഖഫ് ബോർഡ് സി.ഇ.ഒ നോട്ടീസ് നൽകിയതോടെ കേസ് വീണ്ടും ട്രൈബ്യൂണലിനു മുന്നിലെത്തി. 45 ദിവസത്തിനകം ഒഴിയണമെന്ന് വിധിയുമായി. കെട്ടിടം തേടി പോസ്റ്റ് ഓഫീസ് അധികൃതർ പത്രപ്പരസ്യം നൽകിയെങ്കിലും കിട്ടാത്തതിനാൽ മാറാനായില്ല.
തുടർന്നാണ് പോസ്റ്റ് ഓഫീസ് ജീവനക്കാർക്കെതിരെ വഖഫ് ബോർഡ് കോഴിക്കോട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.
വഖഫ് നോട്ടീസ്: സി.പി.എം നേതാക്കൾ സ്ഥലം സന്ദർശിച്ചു
വയനാട് തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിൽ വഖഫ് ബോർഡ് നോട്ടീസ് ലഭിച്ച കുടുംബങ്ങളെ സി.പി.എം നേതാക്കൾ സന്ദർശിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ, ജില്ലാ സെക്രട്ടറി പി.ഗഗാറിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. തലപ്പുഴ വി.പി ഹൗസിൽ വി.പി സലിം, ഫൈസി ഹൗസിൽ സി.വി ഹംസ ഫൈസി, അറഫ ഹൗസിൽ ജമാൽ, കൂത്തുപറമ്പ് നിർമലഗിരി മാങ്ങാട്ടിടം ഉക്കാടൻ റഹ്മത്ത്, തലപ്പുഴ പുതിയിടം ആലക്കണ്ടി രവി എന്നിവരെയും കുടുംബാംഗങ്ങളേയുമാണ് കണ്ടത്.
വഖഫിന്റെ ഉടമസ്ഥതയിലുള്ള ഭൂമി അന്യാധീനപ്പെട്ടതായി കാണിച്ച് തലപ്പുഴ ഹിദായത്തുൽ ജമാഅത്ത് പള്ളിക്കമ്മിറ്റി ഭാരവാഹികൾ വഖഫ് ബോർഡിനു വിവരം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ബോർഡ് അഞ്ചുപേർക്ക് നോട്ടീസ് നൽകിയത്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും കുടുംബങ്ങളോടൊപ്പമുണ്ടാകുമെന്നും സംസ്ഥാന സർക്കാരിന്റെ ഇടപെടൽ കാര്യക്ഷമമാക്കുമെന്നും സി.പി.എം നേതാക്കൾ ഉറപ്പുനൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |