രാജ്യത്തെ സാധാരണക്കാരുടെ നിത്യജീവിതം ദുരിതപൂർണമാക്കി വിലക്കയറ്റം കുതിക്കുകയാണ്. ഔദ്യോഗിക സ്ഥിതിവിവരക്കണക്കു പ്രകാരം ഭക്ഷ്യപദാർത്ഥങ്ങളുടെ വിലയിൽ 10.9 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പച്ചക്കറി വിലയിൽ മാത്രം 42 ശതമാനം വർദ്ധന വന്നുകഴിഞ്ഞു. കഴിഞ്ഞ 57 മാസത്തിനിടെ ഇത്രയും വലിയ തോതിൽ വില ഉയരുന്നത് ഇതാദ്യമാണ്. പണപ്പെരുപ്പമാകട്ടെ 6.2 ശതമാനമായി ഉയർന്നിരിക്കുന്ന പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്.
ശതമാനക്കണക്കുകൾ യഥാർത്ഥ വിലയെ പ്രതിഫലിപ്പിക്കാറില്ലെന്നത് യാഥാർത്ഥ്യമാണ്. ഏട്ടിലെ പശു പുല്ലു തിന്നുകയില്ലെന്നു പറയുന്നതുപോലെ, യഥാർത്ഥ വിലയും സർക്കാർ സൂചിക പ്രകാരമുള്ള വിലയും തമ്മിൽ പൊരുത്തമുണ്ടാകണമെന്നില്ല. ഗ്രാമങ്ങളിലും പട്ടണങ്ങളിലും വിലക്കയറ്റം ഒരുപോലെ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അനുഭവം.
ഭക്ഷ്യധാന്യോത്പാദനം ഉൾപ്പെടെ ഒട്ടുമിക്ക മേഖലകളിലും കുറവോ തളർച്ചയോ പ്രകടമല്ലെങ്കിലും വിലനിലവാരം ഉയരുന്നതിലാണ് പരക്കെ ഉത്കണ്ഠ. ഉത്സവനാളുകൾക്കു മുൻപ് പൊതുവേ വില ഉയരുന്ന പ്രതിഭാസം മുൻകാലങ്ങളിലും പതിവാണ്. ഇപ്പോഴും അതു ദൃശ്യമായിത്തുടങ്ങിയിട്ടുണ്ട്. പഴം, പച്ചക്കറി, മാംസം, മത്സ്യം എന്നിവയ്ക്കൊക്കെ ദിവസംപ്രതിയാണ് വില കൂടുന്നത്. സവാളയ്ക്കും ഉള്ളിക്കും മറ്റും പിടിച്ചാൽ കിട്ടാത്ത ഉയരത്തിലേക്ക് വില ഉയർന്നുകഴിഞ്ഞു. സെപ്തംബറിൽ പച്ചക്കറി വിലയിൽ 36 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയതെങ്കിൽ ഒക്ടോബറിൽ 42 ശതമാനമായി ഉയർന്നു. ഭക്ഷ്യഎണ്ണ വിലയും കൂടിക്കൊണ്ടിരിക്കുകയാണ്. വിലക്കയറ്റത്തിന്റെ നീരാളിപ്പിടിത്തത്തിൽ നിന്ന് സാധാരണ ജനങ്ങളെ രക്ഷിക്കാൻ ഫലപ്രദമായ സർക്കാർ ഇടപെടലുകൾ അനിവാര്യമാണ്. വിപണി ഇടപെടലുകളിലൂടെ മാത്രമേ ഇതു സാദ്ധ്യമാകൂ.
ഭക്ഷ്യധാന്യോത്പാദനത്തിൽ രാജ്യം റെക്കാഡ് നേടിയിട്ടുണ്ടെങ്കിലും ദാരിദ്ര്യവും വിശപ്പും ഇന്നും സങ്കടകരമായ യാഥാർത്ഥ്യമാണ്. ഭക്ഷണം അവകാശമായി പ്രഖ്യാപിക്കപ്പെട്ട ശേഷവും റേഷൻ സംവിധാനത്തിൽപ്പെടാതെ വളരെയധികം പേർ ഇപ്പോഴും രാജ്യത്തുണ്ട്. ഭക്ഷ്യ ഉത്‌പാദന രംഗത്ത് വൻകിടക്കാരുടെ സാന്നിദ്ധ്യവും കുത്തകയും വർദ്ധിച്ചുവരുന്നത് പ്രത്യക്ഷത്തിൽ ദോഷകരമായി ഭവിക്കുന്നത് അർദ്ധ പട്ടിണിക്കാരെയാണ്. കർഷകർ നിരന്തരം ചൂഷണം ചെയ്യപ്പെടുന്നത് തടയാൻ കഴിയുന്നില്ല. നല്ല ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക പരിഷ്കരണ നിയമങ്ങൾ സംഘടിത ലോബികൾ ആസൂത്രിതമായി അട്ടിമറിച്ചത് കണ്ടതാണ്. കൃഷിമേഖലയിൽ ഇപ്പോഴും ഇടനിലക്കാർക്കും കരാറുകാർക്കുമാണ് ആധിപത്യം. എത്ര സമൃദ്ധമായ വിളവെടുപ്പാണെങ്കിലും വിപണിയിൽ വില നിശ്ചയിക്കുന്നത് ഇത്തരക്കാരായിരിക്കും. ഇത്തരം പ്രതികൂല ഘടകങ്ങൾക്കു പുറമെയാണ് കാലാവസ്ഥാ വ്യതിയാനം കാരണം സംഭവിച്ചുകൊണ്ടിരിക്കുന്ന കാർഷികത്തകർച്ച. ഇത്തരം സാഹചര്യങ്ങൾ ഇവിടെ മാത്രമല്ല. കാർഷിക സമൃദ്ധികൊണ്ടു സമ്പന്നമായ പല രാജ്യങ്ങളും നേരിടുന്നുണ്ട്.
കേരളത്തിൽ തീർത്ഥാടനകാലം എത്തിക്കഴിഞ്ഞു. ഈ സമയത്ത് പച്ചക്കറി ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങൾക്ക് വില കൂടുന്നത് പതിവാണ്. സപ്ളൈകോ പോലുള്ള സർക്കാർ സംവിധാനങ്ങളാണ് ഇത്തരം അവസരങ്ങളിൽ ജനങ്ങൾക്ക് തുണയാകാറുള്ളത്. എന്നാൽ കഴിഞ്ഞ കുറെ നാളുകളായി സപ്ളൈകോയുടെ പ്രവർത്തനം ദുർബലമാവുകയാണ്. കഴിഞ്ഞ ഓണക്കാലത്ത് വളരെയധികം ശ്രമപ്പെട്ടാണ് അവ നടത്തിക്കൊണ്ടുപോയത്. ഓണം കഴിഞ്ഞതോടെ വീണ്ടും ദുർബലമായി. വിപണിയിൽ നിലവിൽ അരിക്കു മാത്രമാണ് വില കൂടാത്തത്. പച്ചക്കറികൾക്കെല്ലാം പൊള്ളുന്ന വിലയായതോടെ പലതും ഉപേക്ഷിക്കേണ്ടിവരികയാണ്. തൊഴിലില്ലായ്മ പെരുകുന്നതിനൊപ്പം വിലക്കയറ്റം കൂടിയാകുമ്പോൾ സാധാരണക്കാർ വൻ പ്രതിസന്ധിയിലാവുകയാണ്. സംസ്ഥാന സർക്കാർ ഇതിലുമൊക്കെ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്നതിനാൽ വിലക്കയറ്റ നിയന്ത്രണ നടപടികൾ ഊർജ്ജിതമായി ഏറ്റെടുക്കാനുമാകുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |