തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിന് നാലുവർഷത്തിനകം 20,000കോടി അദാനി മുടക്കും. രണ്ടും മൂന്നും ഘട്ടങ്ങളുടെ നിർമ്മാണം 2028ഡിസംബറിൽ പൂർത്തിയാക്കാൻ 9600കോടിയാണ് ചെലവ്. ഇതിനുപുറമെയുള്ള അനുബന്ധ വ്യവസായങ്ങളിലാണ് മുതൽമുടക്കുന്നത്. തുറമുഖത്തിനടുത്ത് സിമന്റ് മിക്സിംഗ് പ്ലാന്റ്, കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കാനുള്ള ബങ്കറിംഗ് യൂണിറ്റ്, ക്രൂസ് ടെർമിനൽ എന്നിവയ്ക്കായാണ് നിക്ഷേപം. കൂടുതൽ തൊഴിലവസരങ്ങൾക്കും സർക്കാരിന് അധിക നികുതിവരുമാനത്തിനും വഴിയൊരുക്കും.
800മീറ്ററുള്ള കണ്ടെയ്നർ ബർത്ത് രണ്ട് കിലോമീറ്റർ നീളത്തിലാക്കും. 2960 മീറ്ററുള്ള പുലിമുട്ട് നാല് കിലോമീറ്ററാക്കും.
വിനോദസഞ്ചാരികളുമായി ക്രൂസ് കപ്പലുകളടുക്കാനുള്ള മൾട്ടിപർപ്പസ് ബർത്താവും പണിയുക. തുറമുഖത്തിനടുത്തായാണ് സിമന്റ് മിക്സിംഗ് പ്ലാന്റ്. അസംസ്കൃത വസ്തുക്കളെത്തിച്ച് മിക്സ് ചെയ്ത് സിമന്റാക്കി കപ്പലുകളിൽ കയറ്റിഅയയ്ക്കും. തദ്ദേശവാസികൾക്കും തൊഴിൽ ലഭിക്കും. അന്താരാഷ്ട്ര കപ്പൽച്ചാലിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കാനാണ് ബങ്കറിംഗ് യൂണിറ്റ്. കപ്പൽച്ചാലിന് 11നോട്ടിക്കൽ മൈൽ അടുത്തുള്ള വിഴിഞ്ഞത്തേക്ക് വേഗത്തിലെത്തി ഇന്ധനം നിറച്ച് മടങ്ങാനാവും. സർക്കാരിന് നികുതിയും ലഭിക്കും. സീഫുഡ് പാർക്ക്, ഫിഷിംഗ് ഹാർബർ എന്നിങ്ങനെ പദ്ധതികളും അദാനിഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
സിമന്റ് രാജാവായി അദാനി
വൻകിട സിമന്റ് കമ്പനികളായ എ.സി.സി, അംബുജ, പെന്ന, സാംഘി എന്നിവയെ അദാനി ഏറ്റെടുത്തിട്ടുണ്ട്. ഇവയെല്ലാം ചേർത്ത് അദാനിയുടെ സിമന്റ് കമ്പനിവരും.
സിമന്റിനുള്ള അസംസ്കൃത വസ്തുക്കൾ പൊടിക്കാനുള്ള ഗ്രൈൻഡിംഗ് യൂണിറ്റും വിഴിഞ്ഞത്ത് തുടങ്ങാൻ ആലോചനയുണ്ട്.
വിഴിഞ്ഞം സിമന്റ് ഹബായി മാറും.കൊച്ചി തുറമുഖത്തും അദാനിക്ക് സിമന്റ് ടെർമിനലുണ്ട്. അവിടത്തെ പ്രധാന കാർഗോയും സിമന്റാണ്.
തലസ്ഥാനം വളരും
1)വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ-റിംഗ്-റോഡിന്റെ ഇരുവശത്തുമായി വ്യവസായ, വാണിജ്യ ശാലകൾ.
2)റിന്യൂവബിൾ എനർജി, ഗ്രീൻ ഹൈഡ്രജൻ, സീഫുഡ്, അഗ്രികൾച്ചർ പാർക്കുകളും ലോജിസ്റ്റിക് ഹബുംവരും.
3)തുറമുഖാധിഷ്ഠിത വ്യവസായ ഇടനാഴി, ക്ലസ്റ്ററുകൾ, ഔട്ടർഏരിയ ഗ്രോത്ത് കോറിഡോർ എന്നിവയും വരും.
''തുറമുഖസാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനുള്ള വികസനപദ്ധതികൾ ആവിഷ്കരിക്കാൻ കൺസൾട്ടന്റിനെ നിയോഗിക്കും''
- വി.എൻ.വാസവൻ,
മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |