കനവുകൾ ചേർന്നിരുന്നതു കൊണ്ടാവാം
നിഴലിനൊരു നിറഭേദം.
ഇരുണ്ട നിഴലുകൾ മേൽ നിറമുള്ള കനവുകൾ
വർണ്ണം ചാർത്തിയതുമാവാം.
നീയെന്തേ കറുത്തിട്ടെന്ന് നിഴലിനോട് കനവുകൾ!
നിറത്തിലെന്ത്, നിറമെല്ലാം ഉള്ളിലല്ലേ,
വർണ്ണാഭമെങ്കിലും,
നീയെന്നോടു ചേർന്നതല്ലെയെന്ന് കനവിനോട് നിഴലും.
നിറമെല്ലാം തന്നിലൊതുക്കി
നിഴൽ തുടർന്നു, പ്രയാണം
അന്ധകാരത്തിനുമപ്പുറമുള്ള
അനന്തവിഹായസിലേക്ക്,
അനുസ്യൂതമൊഴുകും മായാപ്രപഞ്ചത്തിലേക്ക്
കനവുകളിൽ നിറഞ്ഞ വർണ്ണങ്ങൾ
ജീവനത്തിനു വെളിച്ചമേകി
മധുര, സുന്ദര ദിനങ്ങൾ മനം കവർന്നു,
മോഹക്കൊട്ടാരത്തിൽ
കനവിൻ തേരോട്ടം തുടർന്നു...
ഉന്മാദചിന്തകൾ
നിഴൽ വീശിത്തുടങ്ങിയപ്പോൾ
ഉപജീവനം മങ്ങി, ജീവനതാളം തെറ്റി
നിറം പൊലിഞ്ഞ കനവുകളും
നില തെറ്റിയ നിഴലുകളും
മോഹനസ്വപ്നങ്ങൾ തകർത്തെറിഞ്ഞു.
ഇനി വേണ്ട ദുർവൃത്തി
ഇനിയും കാണാം നമുക്ക് കനവുകൾ
ഇരുളാം നിഴലുകൾ ഓടിയൊളിക്കട്ടെ,
ഇരുണ്ട മനം സദ്കർമ്മങ്ങളാൽ തെളിയട്ടെ...
എന്തിനു നാം അണയ്ക്കുന്നു
സ്വന്തം നിഴലും കനവുകളും?
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |