തിരുവനന്തപുരം: ആത്മകഥ വിവാദത്തിന്റെ മറവിൽ തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ആസൂത്രിത നീക്കം നടക്കുന്നുവെന്ന് ഇ.പി ജയരാജൻ സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തിൽ വ്യക്തമാക്കി. ഇടതുമുന്നണി കൺവീനർ സ്ഥാനത്തു നിന്നും ഒഴിവാക്കപ്പെട്ടശേഷം ആദ്യമായാണ് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് അദ്ദേഹം എത്തിയത്. തനിക്കെതിരെ ഗൂഢാലോചന നടക്കുകയാണ്. ആത്മകഥ പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. വസ്തുതാപരമായി കാര്യങ്ങൾ പരിശോധിച്ച് ശരിയായ അന്വേഷണം നടന്നാൽ നിജസ്ഥിതി പുറത്തുവരുമെന്നും പറഞ്ഞു.
ജയരാജൻ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ അന്വേഷണം നടക്കട്ടെയെന്നും ബാക്കി കാര്യങ്ങൾ അതിനുശേഷം തീരുമാനിക്കാമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് നിലപാടെടുത്തു. ആത്മകഥയിലെ ഭാഗമെന്ന നിലയിൽ പ്രചരിച്ച വിവരങ്ങൾ ഉപതിരഞ്ഞെടുപ്പു ദിവസം തന്നെ പുറത്തുവന്നത് ദോഷം ചെയ്‌തെന്ന അഭിപ്രായം സംസ്ഥാന സെക്രട്ടേറിയറ്റിൽ പലരും പ്രകടിപ്പിച്ചു.
നടക്കാനിരിക്കുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇടതുസ്ഥാനാർഥി പി.സരിനെതിരെ പുസ്തകത്തിലുള്ള പരാമർശം പ്രവർത്തകർക്കിടയിലും വോട്ടർമാർക്കിടയിലും ആശയക്കുഴപ്പം സൃഷ്ടിച്ചതായി അഭിപ്രായമുയർന്നു. എങ്കിലും, ഇ.പിയുടെ വാദങ്ങളെ പൂർണമായും തള്ളാത്ത നിലപാടാണ് യോഗം സ്വീകരിച്ചത്. തിരഞ്ഞെടുപ്പുഫലത്തിനുശേഷം ആത്മകഥ വിവാദം പാർട്ടി ആഴത്തിൽ പരിശോധിക്കും. പൊലീസ് അന്വേഷണം പൂർത്തിയായശേഷമാകും ഇ.പിയുടെ കാര്യത്തിൽ പാർട്ടി കൂടുതൽ പരിശോധന നടത്തി നിലപാടെടുക്കുക. അതുവരെ ആത്മകഥ വിവാദം അതിന്റെ വഴിക്കു പോകട്ടേയെന്ന നിലപാടിലെത്തുകയുംചെയ്തു. യോഗം അവസാനിക്കുന്നതിന് മുമ്പ് പുറത്തിറങ്ങിയ ഇ.പി മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.
വയനാട്ടിൽ പോളിംഗ് ശതമാനത്തിലുള്ള കുറവ് യു.ഡി.എഫിനെയാണ് ബാധിക്കുകയെന്ന് യോഗം വിലയിരുത്തി. അവിടെ മികച്ച മുന്നേറ്റം ഇടതുപക്ഷം നടത്തും. ചേലക്കരയിൽ മികച്ച വിജയം നേടാനാവുമെന്നും വിലയിരുത്തലുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |