കൊച്ചി: ലോകത്തിലെ പരമ്പരാഗത സ്വർണ വിപണികളായ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്(യു.എ.ഇ), ഖത്തർ, ഒമാൻ സിംഗപ്പൂർ എന്നിവിടങ്ങളിലേക്കാൾ ലാഭത്തിൽ ഇന്ത്യയിൽ സ്വർണം വാങ്ങാൻ അവസരമായി. ഇന്നലെ ഇന്ത്യയിൽ 24 കാരറ്റ് സ്വർണത്തിന് പത്ത് ഗ്രാമിന് 110 രൂപ കുറഞ്ഞ് 75,650 രൂപയിലെത്തിയതോടെയാണ് പുതിയ സാഹചര്യം ഒരുങ്ങിയത്. ഇന്ത്യയിൽ 22 കാരറ്റ് സ്വർണം പത്ത് ഗ്രാമിന്റെ വില 69,350 രൂപയായും 18 കാരറ്റിന് 56,740 രൂപയിലേക്കും ഇന്നലെ കുറഞ്ഞു. എന്നാൽ യു.എ.ഇയിൽ 24 കാരറ്റ് സ്വർണത്തിന്റെ വില പത്ത് ഗ്രാമിന് 3,107.5 ദിർഹമായാണ് ഉയർന്നത്. ഇന്ത്യൻ രൂപയിലേക്ക് മാറ്റുമ്പോൾ ഇന്നലത്തെ വിനിമയ നിരക്കനുസരിച്ച് വില 76,220 രൂപയാണ്. 22 കാരറ്റ് സ്വർണത്തിന്റെ വില പത്ത് ഗ്രാമിന് 2,877.5 ദിർഹമായി(70,460 രൂപ). ഒമാനിൽ 24 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ പത്ത് ഗ്രാമിന് 75,763 രൂപയിലെത്തി. ഖത്തറിൽ 24 കാരറ്റിന് സ്വർണ വില പത്ത് ഗ്രാമിന് 76,293 രൂപയാണ്.
കഴിഞ്ഞ കേന്ദ്ര ബഡ്‌ജറ്റിൽ സ്വർണത്തിന്റെ എക്സൈസ് തീരുവ 15 ശതമാനത്തിൽ നിന്ന് ആറ് ശതമാനമാക്കിയതാണ് രാജ്യാന്തര വിപണി വിലയുമായുള്ള അന്തരം ഗണ്യമായി കുറച്ചത്. ഇതോടെ ഇന്ത്യയിലേക്കുള്ള സ്വർണ കള്ളക്കടത്ത് കുത്തനെ കുറഞ്ഞിരുന്നു. ഒരു മാസമായി ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ റെക്കാഡ് ഇടിവ് കൂടിയുണ്ടായതോടെയാണ് ഗൾഫിലേക്കാൾ ഇന്ത്യയിലെ സ്വർണ വില കുറഞ്ഞത്.
24 കാരറ്റ് സ്വർണ വില(പത്ത് ഗ്രാം)
ഇന്ത്യ 75,650 രൂപ
യു.എ.ഇ 76,220 രൂപ
ഒമാൻ 75,763 രൂപ
ഖത്തർ 76,293 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |