ഭോപാൽ: പാർട്ടിയിലെ ആദ്യത്തെ 'വാട്‌സാപ്പ് പ്രമുഖിനെ' നിയമിച്ച് ബിജെപി. മദ്ധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപാലിലാണ് പുതിയ നിയമനം ബിജെപി നടത്തിയത്. എംഎസ്‌സി ബിരുദധാരിയായ രാംകുമാർ ചൗരസ്യയെയാണ് വാട്‌സാപ്പ് പ്രമുഖായി നിയമിച്ചിരിക്കുന്നത്. പാർട്ടി പ്രവർത്തകരുമായി വാട്‌സാപ്പ് വഴി ബന്ധപ്പെടുകയും പാർട്ടിയെ സംബന്ധിച്ച വിവരങ്ങളും സർക്കാർ പദ്ധതികളെക്കുറിച്ചും വിവരം നൽകുകയുമാണ് പ്രധാനമായും ചെയ്യേണ്ടത്.
പുതിയ പദ്ധതി രാജ്യത്തുടനീളം താമസിയാതെ നടപ്പിലാക്കുമെന്ന് ചൗരസ്യ മാദ്ധ്യമങ്ങളോട് പറഞ്ഞു. നവംബർ 20ന് മുമ്പായി മദ്ധ്യപ്രദേശിലെ 65,015 ബൂത്തുകളിൽ ഉടനീളം ഡിജിറ്റൽ നെറ്റ്‌വർക്ക് വ്യാപിപ്പിക്കുകയാണ് നീക്കം. വരാനിരിക്കുന്ന സംസ്ഥാന ബൂത്ത് കമ്മിറ്റി തിരഞ്ഞെടുപ്പിൽ ഇത് ഗുണം ചെയ്യുമെന്നാണ് പാർട്ടിയുടെ വിശ്വാസം.
ബിജെപി ബൂത്ത് കമ്മിറ്റി ഘടനയിൽ മാറ്റം വരുത്തിയ പാർട്ടിയുടെ പുതിയ നീക്കമാണ് വാട്‌സാപ്പ് പ്രമുഖിന്റെ നിയമനം. പുതിയ ഘടന പ്രകാരം 12 അംഗങ്ങളായിരിക്കും ബൂത്ത് കമ്മിറ്റിയിൽ ഉണ്ടായിരിക്കുക. ബൂത്ത് പ്രസിഡന്റ്, മൻ കി ബാത്ത് പ്രമുഖ്, ബെനിഫിഷ്യറി ചീഫ് എന്നിവരും കമ്മിറ്റിയിൽ ഉണ്ടാവും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്ത് പരിപാടിയിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കുക, സർക്കാർ പദ്ധതികൾ കൂടുതൽ ആളുകളിലേയ്ക്ക് എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മൻ കി ബാത്ത് പ്രമുഖ്, ബെനിഫിഷ്യറി ചീഫ് എന്നിവരെ നിയമിക്കുന്നത്. ബൂത്ത് കമ്മിറ്റിയിൽ മൂന്ന് വനിത അംഗങ്ങളും ഉണ്ടാവും.
തിരഞ്ഞെടുപ്പ് പ്രക്രിയകൾ ഡിജിറ്റലൈസ് ചെയ്യുന്നതിനായി ഒരു സംഘടനാ ആപ്പ് പുറത്തിറക്കാനും ബിജെപി പദ്ധതിയിടുകയാണ്. ബൂത്ത് പ്രസിഡന്റിനെ തിരഞ്ഞെടുത്തതിന് പിന്നാലെ അവരുടെ എല്ലാ വിവരങ്ങളും ആപ്പിൽ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |