പാലക്കാട്: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രാജ്യത്ത് നിരോധിക്കപ്പെട്ട ഭീകരവാദ സംഘടനയുടെ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പിഎഫ്‌ഐ നിരോധനത്തിന് കാരണമായ രണ്ട് കൊലപാതകങ്ങളിൽ പ്രതികളായവരുടെ കുടുംബാംഗങ്ങളുമായി വി ഡി സതീശൻ ചർച്ച നടത്തിയെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. പാലക്കാട്ട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പോപ്പുലർ ഫ്രണ്ടിന്റെ രാഷ്‌ട്രീയ പാർട്ടിയായ എസ്‌ഡിപിഐയുടെ പേരിൽ കോൺഗ്രസ് വ്യാപകമായ നോട്ടീസ് പ്രചാരങ്ങൾ നടത്തുകയാണെന്നും സുരേന്ദ്രൻ വിമർശിച്ചു. തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ഉറപ്പായപ്പോൾ ഭീകരവാദ ശക്തികളെ കൂട്ടുപിടിച്ച് വി ഡി സതീശനും യുഡിഎഫും തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു. ഗ്രീൻ ആർമി ഇവിടെ എന്തിനാണ് രൂപീകരിച്ചതെന്ന് വിശദീകരിക്കാൻ വി ഡി സതീശൻ തയ്യാറാവുമോ?
പോപ്പുലർ ഫ്രണ്ടും ജമാ അത്തെ ഇസ്ളാമിയും പരസ്യമായി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. കോൺഗ്രസ് ഓഫീസുകൾ മുഴുവൻ പിഎഫ്‌ഐ നേതാക്കൾ നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കാണിച്ച അതേ വർഗീയ തന്ത്രമാണ് യുഡിഎഫ് ഇപ്പോഴും കാണിക്കുന്നത്. അവരോട് മത്സരിക്കുകയാണ് എൽഡിഎഫ്. അവർ മഅദനിയുടെ പാർട്ടിയെ ആണ് കൂട്ടുപിടിച്ചിരിക്കുന്നത്.
വി ഡി സതീശന് കണ്ടകശനിയാണ്. ഷാഫി പറമ്പിൽ വന്നതോടെ കോൺഗ്രസ് ഉപജാപക സംഘത്തിന്റെ കയ്യിലായി. സന്ദീപ് വാര്യർ പാണക്കാട് പോയത് നന്നായി. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ കാണാം'- കെ സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |