ശബരിമല: മണ്ഡലകാല തീർത്ഥാടനത്തിന് നടതുറന്ന ശേഷമുള്ള ആദ്യ അവധി ദിവസത്തിലും സന്നിധാനത്ത് തിരക്ക് കുറവ്. സുഖദർശനം നടത്തിയാണ് ഇന്നലെ തീർത്ഥാടകർ മടങ്ങിയത്. നട അടച്ചിരിക്കുമ്പോഴും പതിനെട്ടാം പടികയറാൻ തീർത്ഥാടകരെ അനുവദിക്കുന്നുണ്ട്. ഇവരെ വടക്കേനടയിലേക്ക് ഇറക്കിനിറുത്തിയശേഷം നടതുറക്കുമ്പോൾ ആദ്യം കടത്തിവിടും. പുലർച്ചെ നടതുറക്കുമ്പോൾ മാത്രമാണ് വലിയ നടപ്പന്തലിലും സന്നിധാനത്തും ചെറിയതോതിൽ തിരക്ക് അനുഭവപ്പെടുന്നത്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 1,51,977 പേർ ദർശനത്തിനെത്തി. ഇന്നലെ വൈകിട്ട് ഏഴ് വരെയുള്ള കണക്കാണിത്. നടതുറന്ന വെള്ളിയാഴ്ച വൈകിട്ട് നാലുമുതൽ രാത്രി 11 വരെ 30,687 പേരാണ് എത്തിയത്. 30,000 പേരാണ് അന്ന് വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്തിരുന്നത്. ഇതിൽ 26,942 പേർ ദർശനം നടത്തി. ശനിയാഴ്ച 59,624 പേർ വെർച്വൽ ക്യൂ വഴിയും 5,862 പേർ സ്‌പോട്ട് ബുക്കിംഗിലൂടെയും സന്നിധാനത്ത് എത്തി. ഇന്നലെ വെർച്വൽ ക്യൂ ബുക്കിംഗ് 70,000 ആയിരുന്നു. രാത്രി ഏഴുവരെ 55,804 പേർ ദർശനം നടത്തി. ഇതിൽ 51,210 പേർ വെർച്വൽ ക്യൂ വഴിയും 4,594 പേർ സ്‌പോട്ട് ബുക്കിംഗിലൂടെയുമാണ് എത്തിയത്.
സുരക്ഷയ്ക്ക് 1,300 പൊലീസ് ഉദ്യോഗസ്ഥർ
തീർത്ഥാടകർക്ക് വേണ്ട സഹായവും സുരക്ഷയുമൊരുക്കാൻ 1,300 പൊലീസ് ഉദ്യോഗസ്ഥരെയാണ് സന്നിധാനത്ത് വിന്യസിച്ചിരിക്കുന്നത്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യുന്നതിനാൽ തീർത്ഥാടകരുടെ എണ്ണം പൊലീസിനും ദേവസ്വം ബോർഡിനും മുൻകൂട്ടി അറിയാം. അതിനാൽ വേണ്ട മുൻകരുതലെടുക്കാൻ കഴിയുന്നുണ്ട്. പതിനെട്ടാംപടിയിൽ പൊലീസിന്റെ ഡ്യൂട്ടി സമയം 20 മിനിറ്റിൽ നിന്ന് 15 മിനിറ്റായി കുറച്ചത് കാര്യക്ഷമത വർദ്ധിപ്പിച്ചു. മിനിറ്റിൽ മിനിമം 80 പേരെയാണ് നിലവിൽ പതിനെട്ടാംപടിയിലൂടെ കടത്തിവിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |