പരമ്പരാഗത മാദ്ധ്യമങ്ങൾ വലിയ വെല്ലുവിളി നേരിടുന്ന ഒരു കാലഘട്ടമാണിത്. ദിനംപ്രതി ജനങ്ങളുടെ വായനാഭിരുചികൾ മാറിക്കൊണ്ടിരിക്കുന്നു. അതോടൊപ്പം സോഷ്യൽ മീഡിയ വലിയ കടന്നുകയറ്റം നടത്തിയിരിക്കുകയും ചെയ്യുന്നു. പക്ഷേ, മൊബൈലിൽ കാണുന്നതും കേൾക്കുന്നതും സത്യമാണോ മിഥ്യയാണോ എന്ന് മനസിലാക്കണമെങ്കിൽ ജനങ്ങൾക്ക് പരമ്പരാഗത മാദ്ധ്യമങ്ങളെ ആശ്രയിക്കേണ്ടിവരും. ഇന്ത്യയിലെ മാദ്ധ്യമ മേഖല വളരെ വിപുലമാണ്. പല ഭാഷകളിലായി ചെറുതും വലുതുമായ മുപ്പതിനായിരത്തിലധികം ദിനപ്പത്രങ്ങൾ ഇന്ത്യയിലുണ്ട്. ദിനപ്പത്രങ്ങളിലെ വാർത്തകൾക്ക് മറ്റുള്ളവയെ അപേക്ഷിച്ച് വിശ്വാസ്യത കൂടുതലാണ്. ഡിജിറ്റൽ ലോകത്തിന്റെ കടന്നുവരവോടെ മാദ്ധ്യമ മേഖല എല്ലാത്തരം ആളുകളിലേക്കും കടന്നുചെന്നിരിക്കുകയാണ്. അതോടെ വ്യാജ വാർത്തകളും തെറ്റായ പ്രചാരണങ്ങളും സമൂഹത്തിൽ വേർതിരിവ് ഉണ്ടാക്കുംവിധം ഭീഷണിയായും മാറിയിട്ടുണ്ട്.
പലപ്പോഴും വാർത്തകളുടെയും ഉള്ളടക്കത്തിന്റെയും ആധികാരികത പരിശോധിക്കാതെ ഡിജിറ്റൽ പ്ളാറ്റ്‌ഫോമുകൾ പ്രസിദ്ധീകരിക്കുന്നത് 'ഉത്തരവാദിത്വമില്ലാത്ത ജേർണലിസം" എന്ന ഒരു പുതിയ വിഭാഗത്തിന്റെ ഉയർന്നുവരവിനു തന്നെ ഇടയാക്കിയിരിക്കുകയാണ്. പലപ്പോഴും പരമ്പരാഗത മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചു വരുന്ന ഉള്ളടക്കങ്ങൾ ചൂണ്ടിയെടുത്ത് നിറം പിടിപ്പിച്ചാണ് സോഷ്യൽ മീഡിയ പ്രചരിപ്പിക്കുന്നത്. യൂട്യൂബിൽ നിന്ന് വരുമാനം ലഭിക്കാൻ തുടങ്ങിയതോടെ എല്ലാ പ്രായത്തിലുള്ളവരും റീൽസുകളുമായി രംഗത്തിറങ്ങിയിരിക്കുന്നു. പരമ്പരാഗത മാദ്ധ്യമങ്ങൾ നടത്തിക്കൊണ്ടുപോകുക, ന്യൂസ്‌പ്രിന്റിന്റെ വിലക്കൂടുതലും പരസ്യവരുമാനത്തിന്റെ കുറവും കാരണം വലിയ പ്രതിസന്ധിയായി മാറിയിരിക്കുന്ന കാലഘട്ടം കൂടിയാണിത്. ഈ പശ്ചാത്തലത്തിൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് ഡിജിറ്റൽ കമ്പനികളോടു നടത്തിയ അഭ്യർത്ഥന വളരെ പ്രാധാന്യമർഹിക്കുന്നു.
പരമ്പരാഗത മാദ്ധ്യമങ്ങളുടെ ഉള്ളടക്കം ഉപയോഗിക്കുന്ന വൻകിട ടെക്‌നോളജി കമ്പനികളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും വരുമാനത്തിന്റെ ഒരു വിഹിതം പരമ്പരാഗത മാദ്ധ്യമങ്ങൾക്ക് നൽകണമെന്നാണ് മന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. ദേശീയ പത്രദിനത്തിൽ നടത്തിയ വെർച്വൽ പ്രഭാഷണത്തിലാണ് അദ്ദേഹം ഈ ആവശ്യം മുന്നോട്ടുവച്ചത്. നിലവാരമുള്ള ഉള്ളടക്കം തയ്യാറാക്കുന്നതിന് ചെലവ് ഏറെയാണ്. പത്രപ്രവർത്തകർക്ക് ശമ്പളത്തിനും പരിശീലനത്തിനും എഡിറ്റോറിയൽ സംവിധാനങ്ങൾ ഒരുക്കുന്നതിനും പരമ്പരാഗത മാദ്ധ്യമങ്ങൾ വലിയ നിക്ഷേപമാണ് നടത്തുന്നത്. ഇക്കാര്യം പരിഗണിച്ച് അവരുടെ ഉള്ളടക്കം ഉപയോഗിക്കുന്നവർ വിഹിതം നൽകാൻ ബാദ്ധ്യസ്ഥരാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വാർത്തകളുടെ ആധികാരികത പരിശോധിക്കുന്നതിനും ഉള്ളടക്കത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനും പണമായും സമയമായും പരമ്പരാഗത മാദ്ധ്യമ സ്ഥാപനങ്ങൾ വലിയ പരിശ്രമവും നിക്ഷേപവുമാണ് നടത്തുന്നത്. ഇവർ സൃഷ്ടിക്കുന്ന വാർത്തകൾ അപ്പാടെ എടുത്ത് ചെറുകഷണങ്ങളാക്കി വിൽക്കുന്നവർക്ക് പണച്ചെലവുമില്ല, ഉത്തരവാദിത്വവുമില്ല എന്നതാണ് നിലവിലെ സ്ഥിതി. ഇതു മാറേണ്ടതാണ്.
ഇങ്ങനെ ഉള്ളടക്കം ഉപയോഗിക്കുന്നവർ നിശ്ചിത വിഹിതം നൽകണമെന്നുള്ളത് നിയമം മൂലം ഉറപ്പാക്കിയിട്ടുള്ള ചില വിദേശ രാജ്യങ്ങളുണ്ട്. അത്തരം നിയമം ഇന്ത്യയിലും നടപ്പാക്കേണ്ടതാണ്. തേഡ് പാർട്ടി കണ്ടന്റുകൾക്ക് ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരും ഡിജിറ്റൽ പ്ളാറ്റ്‌ഫോമുകളും ബാദ്ധ്യസ്ഥരല്ലെന്ന നിയമത്തിലും മാറ്റം വരേണ്ടതാണ്. ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളിൽ നടത്തിയ നിക്ഷേപങ്ങൾ 4ജി, 5ജി നെറ്റ‌്‌വർക്ക് സേവനങ്ങൾ ഉപയോഗിക്കുന്ന രാജ്യങ്ങളുടെ മുൻനിരയിലേക്ക് ഇന്ത്യയെ എത്തിച്ചിരിക്കുകയാണ്. സ്വാതന്ത്ര്യസമര കാലത്തും, പിന്നീട് രാജ്യം പ്രതിസന്ധികളെ അഭിമുഖീകരിച്ച ഘട്ടങ്ങളിലും പരമ്പരാഗത മാദ്ധ്യമങ്ങൾ നടത്തിയ ഇടപെടലുകൾ ആർക്കും വിസ്മരിക്കാൻ കഴിയുന്നതല്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യയെ നിലനിറുത്തുന്നതിൽ പരമ്പരാഗത മാദ്ധ്യമങ്ങളുടെ പങ്ക് ചെറുതല്ല. ഇതെല്ലാം കണക്കിലെടുത്ത് ഇവരുടെ ഉള്ളടക്കം ഉപയോഗിക്കുമ്പോൾ ലാഭത്തിൽ നിന്ന് വിഹിതം നൽകേണ്ടത് തികച്ചും ന്യായമായ വസ്തുതയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |