തൃശൂർ: അര നൂറ്റാണ്ട് മുമ്പ് തൃശൂർ കേരളവർമ്മ കോളേജിലെ ചുമരിൽ നിറഞ്ഞുനിന്ന ചുമരെഴുത്തുകൾ തൃശൂർ അയ്യന്തോൾ സ്വദേശി റസാക്കിന്റെ 'ക്യാമ്പസ് ചുമരിലെ കലാപങ്ങൾ' എന്ന പുസ്തകത്തിൽ ഭദ്രം. ചുമരെഴുതിയവർ പോലും ഇവ മറന്നിരിക്കാം. എന്നാൽ പുസ്തകം വായിച്ച് ഇത് താനെഴുതിയ ചുമരെഴുത്താണെന്ന് ഓർമ്മിപ്പിച്ചവരിൽ ഇപ്പോൾ പ്രവാസികളായ കേരളവർമ്മയിലെ പൂർവ വിദ്യാർത്ഥികളുമുണ്ട്.
2013ൽ നാക് അക്രഡിറ്റേഷന്റെ ഭാഗമായി കുമ്മായമടിച്ചപ്പോൾ ചുമരെഴുത്തുകൾ മാഞ്ഞു. എന്നാൽ അതിനും മുമ്പേ റസാക്ക് അവയെല്ലാം പകർത്തിവച്ചു. തുടർന്നാണ് 2014ൽ പ്രണയവും വിരഹവും വിപ്ലവവും തുളുമ്പുന്ന 250 എണ്ണം ശീർഷകത്തോടെ സ്വന്തം പ്രതികരണവും ചേർത്ത് പുസ്തകമിറക്കിയത്. വിദ്യാർത്ഥികൾക്കിടയിൽ ചൂടപ്പം പോലെ വിറ്റതോടെ തുടർപതിപ്പുണ്ടായി. ബഹ്‌റൈൻ, കുവൈറ്റ്, യു.കെ, ഖത്തർ എന്നിവിടങ്ങളിലെ പൂർവ വിദ്യാർത്ഥികളും പുസ്തകം വാങ്ങി. ആറാം പതിപ്പിന്റെ പ്രകാശനം കഴിഞ്ഞദിവസം മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചു.
1981ൽ കേരളവർമ്മയിൽ പ്രീഡിഗ്രിക്ക് ചേർന്നപ്പോൾ റസാക്കിനെ അവിടെക്കണ്ട ജീവൻ തുടിക്കുന്ന ചുമരെഴുത്തുകൾ ആകർഷിച്ചു. ബിരുദപഠനകാലത്തും പകർത്തിയവയിൽ ശ്രീനാരായണ ഗുരുവിന്റേതും കവി ഒ.എൻ.വിയുടേതുമുൾപ്പെടെ വരികളുണ്ട്.
പഠനശേഷം സംവിധായകൻ ഫാസിലിന്റെ അസിസ്റ്റന്റായിരുന്നു. നിരവധി പരസ്യചിത്രങ്ങളുടെയും ഷോർട്ട് ഫിലിമുകളുടെയും സംവിധായകനായ റസാക്ക് കുട്ടികൾക്കുള്ള തിരക്കഥയും നാടകവുമുൾപ്പെടെ പുസ്തകങ്ങളും രചിച്ചു. പത്രപ്രവർത്തകനുമായിരുന്നു. ഇപ്പോഴും ഇടയ്ക്ക് കേരളവർമ്മയിലെത്തി പുതിയ ചുമരെഴുത്തുകളുടെ ഫോട്ടോയും വീഡിയോയുമെടുക്കും. ഭാര്യ: നാസിറ. മക്കൾ: റിസ്വാൻ റസൽ, റയ്ഹാൻ റസാക്ക് (ഇരുവരും എൻജിനിയർമാർ).
ചുമരെഴുത്തുകളിൽ ചിലവ
തെരുവേ ഒരു ചിത്രം വരയ്ക്കുക, ചോരയാൽത്തന്നെ; കണ്ണീരുണങ്ങാത്ത പാതയിൽ കാട്ടുനീതികൾ അന്യമാകും വരെ. പ്രണയിക്കാനല്ല, പ്രണയിക്കപ്പെടാനാണ് ഭാഗ്യം വേണ്ടത്. കൊള്ളരുതാത്തവരാണ് പലപ്പോഴും കൊള്ളാവുന്ന ഉപദേശം തരുന്നത്...
കൂടുതൽ ചുമരെഴുത്തുകൾ ഉൾപ്പെടുത്തി ഇനിയും പുതിയ പതിപ്പുകളിറക്കും.
റസാക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |