തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചതിന് തെളിവ് കിട്ടിയതായി ക്രൈംബ്രാഞ്ച്. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പിന്റെ ഫോറൻസിക് പരിശോധനയിലാണിത്. 34പേരുടെ തിരിച്ചറിയൽ കാർഡുപയോഗിച്ച് കള്ളവോട്ട് നടത്തിയെന്നും കണ്ടെത്തി. ഒരിടത്ത് 27, മറ്രൊരിടത്ത് 7വീതം വോട്ടുകൾ ചെയ്തതായാണ് ഹെടെക് സെല്ലിന്റെ പരിശോധനയിൽ കണ്ടെത്തിയത്.
മ്യൂസിയം പൊലീസ് അന്വേഷിച്ചിരുന്ന കേസ് ജനുവരിയിൽ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരാതിയിലും കേസെടുത്തിരുന്നു. സി.ആർ കാർഡ് എന്ന ആപ്പ് വഴിയാണ് വ്യാജ കാർഡ് നിർമ്മിച്ചതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. കേസിൽ 7പ്രതികളുണ്ട്.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റിൽ നിന്ന് തിരിച്ചറിയൽ കാർഡ് വിവരങ്ങൾ ഡൗൺലോഡ് ചെയ്ത ശേഷം വ്യാജ കാർഡുകൾ നിർമ്മിക്കുകയായിരുന്നു. ഈ കാർഡുകൾ ലാപ്‌ടോപ്പുപയോഗിച്ച് യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനുള്ള വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്താണ് രജിസ്‌ട്രേഷൻ പൂർത്തിയാക്കിയത്.
ഫോണുകൾ ലാബിൽ അയച്ചു
പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഫോണുകളുടെ ലോക്ക് തുറക്കാനാവാത്തതിനാൽ അവ ചണ്ഡിഗഡിലെ ഫോറൻസിക് ലാബിലേക്ക് അയച്ചു. തിരഞ്ഞെടുപ്പിന് വെബ്സൈറ്റ് നിർമ്മിച്ച ബംഗളുരുവിലെ കമ്പനി പൊലീസ് ആവശ്യപ്പെട്ട വിവരങ്ങൾ നൽകിയില്ല. കോടതി വഴി കമ്പനിക്ക് നോട്ടീസയച്ചു. തിരഞ്ഞെടുപ്പ് പൂർത്തിയായ ശേഷം 67,200 പ്രൊഫൈലുകൾ നീക്കിയതായും അന്വേഷണത്തിൽ കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |