എൻജിനിയറിംഗ്, മെഡിക്കൽ എന്നിവയ്ക്കപ്പുറം ഏതു പ്ലസ് ടു ഗ്രൂപ്പെടുത്തവർക്കും അപേക്ഷിക്കാവുന്ന നിരവധി മികച്ച കോഴ്‌സുകളെക്കുറിച്ചറിയാം
* സി.യു.ഇ.ടി വഴിയുള്ള ബിരുദ പ്രവേശനം:- രാജ്യത്തെ 250 ഓളം സർവകലാശാലകളിലേക്കുള്ള ബിരുദ പ്രവേശനത്തിന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി കോമൺ യൂണിവേഴ്‌സിറ്റി യു.ജി പ്രവേശന പരീക്ഷ നടത്തും. ഇത് CUET എന്ന പേരിലറിയപ്പെടുന്നു. കേന്ദ്ര സർവ്വകലാശാലകൾ, തിരഞ്ഞെടുത്ത സംസ്ഥാന തല, ഡീംഡ്, സ്വകാര്യ സർവകലാശാലകളടക്കം ബിരുദ പ്രവേശനം CUET 2025 വഴിയാണ്. ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി, ഡൽഹി യൂണിവേഴ്‌സിറ്റി, ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്‌സിറ്റി, കാസർകോട് കേന്ദ്ര സർവകലാശാല എന്നിവിടങ്ങളിൽ ബിരുദ പ്രവേശനം CUET 25 വഴിയാണ്. നോട്ടിഫിക്കേഷൻ ഫെബ്രുവരിയിൽ. ആർട്‌സ്, ഹ്യൂമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ്, ലിബറൽ ആർട്‌സ്, സയൻസ് വിഷയങ്ങളിൽ 200-ൽ അധികം ബിരുദ പ്രോഗ്രാമുകളുണ്ട്. www.cuet.samarth.ac.in
*ഐസർ:- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ IISER ബി.എസ്-എം.എസ് ഇന്റഗ്രേറ്റഡ് പ്രോഗ്രാമിലേക്ക് പ്ലസ് ടു സയൻസ് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഇതിനായി ISAT അഭിരുചിപരീക്ഷയുണ്ട്. സയൻസിൽ 60 ശതമാനം മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം. തിരുവനന്തപുരമടക്കം രാജ്യത്ത് ഏഴ് ഐസറുകളുണ്ട്. ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ മികച്ച റാങ്ക് നേടിയവർക്കും ഐസറിൽ പ്രവേശനം നേടാം. ഏപ്രിൽ മാസത്തിൽ നോട്ടിഫിക്കേഷൻ പുറത്തിറങ്ങും. ജൂൺ മൂന്നാമത്തെ ആഴ്ചയിലാണ് പരീക്ഷ. www.iiseradmissions.in.
* നൈസർ പ്രവേശനം:- ഭുവനേശ്വറിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് എജ്യുക്കേഷൻ & റിസർച്ചിൽ (NISER) ബി.എസ്- എം.എസ് ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾക്ക് പ്രവേശനം അഖിലേന്ത്യ തലത്തിലുള്ള NEST പരീക്ഷയിലൂടെയാണ്. പ്ലസ് ടു സയൻസ് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. മുംബയ് യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ള അറ്റോമിക് എനർജി സെന്ററിലെ ബേസിക് സയൻസ് യു.ജി പ്രവേശനവും നെസ്റ്റ് വഴിയാണ്. www.nestexam.in
* കൊൽക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്റ്റാറ്റിസ്റ്റിക്‌സ്, കണക്ക്, കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ബി.എസ്- എം.എസ് പ്രോഗ്രാമുകൾക്ക് പ്രത്യേക പ്രവേശന പരീക്ഷയുണ്ട്. ഫെബ്രുവരിയിൽ വിജ്ഞാപനം പുറത്തിറങ്ങും. www.isical.ac.in.
* ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ബി.എസ് സി ഓണേഴ്‌സ് പ്രോഗ്രാമിന് പ്രത്യേക പ്രവേശന പരീക്ഷയുണ്ട്. മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ഉപരിപഠനത്തിനുഅവസരങ്ങളുണ്ട്. www.cmi.ac.in.
* ദേശീയ നിയമസർവ്വകലാശാലകളിലടക്കം രാജ്യത്തെ മികച്ച നിയമ സ്‌കൂളുകളിൽ ഇന്റഗ്രേറ്റഡ് ബിരുദ കോഴ്‌സുകൾക്ക് CLAT പരീക്ഷയിലൂടെയാണ് അഡ്മിഷൻ. www.consortumofnlus.ac.in.
* ഡിസൈൻ കോഴ്‌സുകൾ പഠിക്കാൻ ഐ.ഐ.ടികൾ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്‌നോളജി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈൻ എന്നിവിടങ്ങളിലെ പ്രവേശനത്തിന് യൂസീഡ്, നിഫ്റ്റ് അഡ്മിഷൻ ടെസ്റ്റ്, എൻ.ഐ.ഡി അഭിരുചി പരീക്ഷ തുടങ്ങിയവയുണ്ട്. ഒക്ടോബർ- ഡിസംബർ മാസത്തിൽ വിജ്ഞാപനം പുറത്തിറങ്ങും. നിരവധി ബി.ഡെസ് പ്രോഗ്രാമുകളാണ് ഡിസൈൻ സ്ഥാപനങ്ങൾ ഓഫർ ചെയ്യുന്നത്. www.uceediitb.ac.in, www.admissions.nid.edu, www.fddindia.com, www.nift.ac.in.
* നാഷണൽ ഡിഫെൻസ് അക്കാഡമിയിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന പ്രവേശന പരീക്ഷയിലൂടെ പ്ലസ് ടു വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ആർമി, നേവി, എയർഫോഴ്‌സ് ബ്രാഞ്ചുകളിലേക്കുള്ള ഓഫീസർ തലത്തിലേക്ക് പരിശീലനം ലഭിക്കുന്ന സെലക്ഷൻ പ്രക്രിയയാണിത്. പരീക്ഷയ്ക്ക് രണ്ട് അപേക്ഷാ ഘട്ടങ്ങളുണ്ട്. ആദ്യ ഘട്ട പരീക്ഷ ഏപ്രിൽ ഒന്നിനും രണ്ടാം ഘട്ടം സെപ്തംബർ ഒന്നിനുമാണ്. www.upsc.gov.in ലൂടെ അപേക്ഷിക്കാം. നേവിയിലെ സീറ്റുകളിലേക്ക് ആൺകുട്ടികൾക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. അപേക്ഷകരുടെ പ്രായം 16.5 നും 19.5 വയസിനും ഇടയിലായിരിക്കണം. ആർമിയിലേക്കു ഏതു പ്ലസ് ടു ഗ്രൂപ്പെടുത്തവർക്കും അപേക്ഷിക്കാം. നേവി, എയർഫോഴ്‌സ് എന്നിവയിലേക്ക് പ്ലസ് ടു തലത്തിൽ മാത്തമാറ്റിക്‌സ്, ഫിസിക്‌സ് പഠിച്ചിരിക്കണം. എൻ.ഡി.എ പരീക്ഷയ്ക്ക് രണ്ടര മണിക്കൂർ വീതമുള്ള മാത്തമാറ്റിക്‌സ്, ജനറൽ എബിലിറ്റി ടെസ്റ്റുകളുണ്ട്.
* പുനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്, കൊൽക്കത്തയിലെ സത്യജിത്‌റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനത്തിന് ജോയിന്റ് എൻട്രൻസ് ടെസ്റ്റുണ്ട്. www.ftii.ac.in, www.srfti.ac.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |