കൊല്ലം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ വിമർശിച്ച് വീണ്ടും മുഖ്യമന്ത്രി. പാണക്കാട് ഒരുപാട് തങ്ങൾമാരുണ്ട് അവരെയൊന്നും വിമർശിച്ചില്ല. മുസ്ളീം ലീഗ് പ്രസിഡന്റിനെയാണ് താൻ വിമർശിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിപിഎം നെടുവത്തൂർ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനവേളയിലാണ് മുഖ്യമന്ത്രി വീണ്ടും വിമർശനം ഉന്നയിച്ചത്. സിപിഎം എല്ലാകാലത്തും വർഗീയതയോട് കൃത്യമായ അകലം പാലിച്ച പാർട്ടിയാണെന്നും സാദിഖലി തങ്ങൾ പ്രസിഡന്റായ ശേഷമാണ് മുസ്ളീംലീഗ് എസ്‌ഡിപിഐയോടും ജമാഅത്ത് ഇസ്ളാമിയോടും അനുകൂലമായ നിലപാട് സ്വീകരിക്കാൻ തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. തീവ്രവാദികളുടെ ഭാഷയുമായി തങ്ങളുടെയടുത്ത് വരേണ്ട. എല്ലാ വർഗീയതയ്‌ക്കും എതിരാണ് തങ്ങൾ. മുഖ്യമന്ത്രി വ്യക്തമാക്കി.
കോൺഗ്രസ് വോട്ടിന് വേണ്ടി വർഗീയതയുമായി സമരസപ്പെടുകയാണോ എന്ന് ചോദിച്ച മുഖ്യമന്ത്രി കോൺഗ്രസ് നേതാക്കൾ ആർഎസ്എസ് ആളായ ഒരാളെയാണ് നേരിട്ടെത്തി സ്വീകരിച്ചതെന്ന് കുറ്റപ്പെടുത്തി. മതനിരപേക്ഷ ചിന്താഗതിയുള്ളവർക്ക് ഇത് അസ്വസ്ഥതയുണ്ടാക്കി. കോൺഗ്രസിന്റെയും ലീഗിന്റെയും അണികൾക്ക് അമർഷമുണ്ടായി. അപ്പോഴാണ് കോൺഗ്രസും ലീഗും ആലോചിച്ച് ഇയാളെ പാണക്കാട് എത്തിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനെക്കുറിച്ച് പറയാൻ പാണക്കാട് തങ്ങളെക്കുറിച്ച് താൻ ഒരു വാചകം പറഞ്ഞതായും അതിന് പാണക്കാട് തങ്ങളെക്കുറിച്ച് പറയാമോ എന്നാണ് ചിലർ ചോദിക്കുന്നതെന്നും സാദിഖലി തങ്ങൾ പ്രസിഡന്റാകും മുൻപ് മുസ്ളീംലീഗ് എസ്‌ഡിപിഐയോടും ജമാഅത്തിനോടൊപ്പവും നിന്നിട്ടുണ്ടോ? ഈ നിലപാട് സ്വീകരിച്ചതിൽ സാദിഖലി തങ്ങൾക്ക് ഉത്തരവാദിത്വമില്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.
ഇക്കാര്യത്തിൽ ഞങ്ങൾക്ക് പറയാനുള്ളത് പറയുമെന്നും അത് പാടില്ലെന്ന് ലീഗുകാർ പറഞ്ഞാൽ ആ ഭാഷ തീവ്രവാദികളുടേത് ആണെന്നും അത് ചെലവാകില്ലെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. തലശേരി കലാപത്തിൽ ഇടതുപക്ഷക്കാർക്കാണ് ജീവൻ നഷ്‌ടമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |