വാഷിംഗ്ടൺ: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് ജനുവരി മാസത്തിൽ ചുമതലയേൽക്കാൻ പോകുകയാണ്. അമേരിക്കയുടെ പുതിയ വിദ്യാഭ്യാസ സെക്രട്ടറിയായി ലിൻഡ മക്മാനെ ട്രംപ് തിരഞ്ഞെടുത്തിരിക്കുകയാണ്. ഇന്ത്യയിലടക്കം കുട്ടികൾക്കും മുതിർന്നവർക്കും പ്രിയപ്പെട്ട റെസ്ലിംഗ് പരിപാടിയായ വേൾഡ് റെസ്ലിംഗ് എന്റർടെയ്ൻമെന്റിന്റെ മുൻ സിഇഒയാണ് ലിൻഡ.
റെസ്ലിംഗിനെ അമേരിക്കയ്ക്ക് പുറമേ മറ്റ് ഭൂഖണ്ഡങ്ങളിലും പ്രശസ്തമാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചയാളാണ് ലിൻഡ. രാജ്യമാകെ സ്‌കൂൾ വിദ്യാഭ്യാസ വികസനത്തിന് ലിൻഡ അക്ഷീണം പ്രവർത്തിക്കുമെന്ന് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ട്രംപിന്റെ ആദ്യ ഭരണകാലത്ത് ലിൻഡയുടെ ഭർത്താവായ മക്‌മാനെ രാജ്യത്തെ ചെറുകിട ബിസിനസ് അഡ്‌മിനിസ്‌ട്രേഷൻ തലവനായി നിയമിച്ചിരുന്നു. ലോണുകളും ദുരന്തനിവാരണം ഒപ്പം ബിസിനസ്, കരാർ ചട്ടങ്ങൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കൽ എന്നിവയായിരുന്നു അദ്ദേഹത്തിന്റെ കടമകൾ.
2009ൽ ലിൻഡ കണക്‌റ്റിക്കട്ട് ബോർഡ് ഓഫ് എഡ്യൂക്കേഷനിൽ ഒരുവർഷം സേവനമനുഷ്‌ഠിച്ചിരുന്നു. കണക്‌റ്റിക്കട്ടിലെ സേക്രട്ട് ഹാർട്ട്സ് സർവകലാശാലയിൽ ബോർഡ് ഓഫ് ട്രസ്‌റ്റിയായും വർഷങ്ങളോളം സേവനം അനുഷ്‌ഠിച്ചു. ഒരു അദ്ധ്യാപികയാകണം എന്ന തന്റെ മോഹം മാറ്റിവച്ചാണ് റെസ്‌ലിംഗ് ബിസിനസിലേക്ക് ലിൻഡ തിരിഞ്ഞത്.
ഭർത്താവ് വിൻസന്റ് കെന്നഡി മക്‌മാനൊപ്പം 1980കളിൽ കാപിറ്റോൾ റെസ്‌ലിംഗ് കമ്പനിയുടെ തലപ്പത്തെത്തിയ ലിൻഡ അതിന്റെ ഡബ്ളു ഡബ്ളു ഇ എന്ന പ്രശസ്‌ത റെസ്‌ലിംഗ് ബ്രാൻഡ് ആക്കുന്നതിൽ വലിയ പങ്കുവഹിച്ചു. 2009ൽ കമ്പനി സിഇഒ പദവിയിൽ നിന്ന് രാജിവച്ച് ലിൻഡ രാഷ്‌ട്രീയത്തിൽ ഒരു കൈനോക്കാൻ പുറപ്പെട്ടു. എന്നാൽ 2010ലും 2012ലും അവർ തോറ്റു. എന്നാൽ റിപബ്ളിക്കൻ പാർട്ടിയോടുള്ള അവരുടെ കൂറ് വൈകാതെ ജനങ്ങൾക്കിടയിൽ പ്രശസ്‌തമായി. ട്രംപിന്റെ 2016ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആറ് മില്യൺ ഡോളർ അവർ നൽകിയത് വലിയവാർത്തയായി.
2020ൽ ട്രംപിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാപിച്ച അമേരിക്ക ഫസ്‌റ്റ് ആക്ഷൻ എന്ന ആക്ഷൻ കമ്മിറ്റിയുടെ സാരദ്ധ്യം വഹിച്ചു. ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഖ്യപങ്കും വഹിച്ചു. ഇതാണ് ഇപ്പോൾ രാജ്യത്തെ പ്രധാനപ്പെട്ട നേതൃപദവിയിലേക്ക് ലിൻഡയെ തിരഞ്ഞെടുക്കാൻ ഇടയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |