ലക്‌നൗ: ഉത്തർപ്രദേശിൽ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിലെ വോട്ടിംഗ് പുരോഗമിക്കുന്നതിനിടെ പർദ ധരിച്ചെത്തുന്ന വോട്ടർമാരെ വിശദമായി പരിശോധിക്കണമെന്ന ആവശ്യവുമായി ബിജെപി. ഇതുസംബന്ധിച്ച് സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മിഷന് പാർട്ടി കത്തയയ്ക്കുകയും ചെയ്തു.
പർദ ധരിച്ച സ്ത്രീകൾ ഒന്നിലധികം തവണ വോട്ടുചെയ്യാൻ ശ്രമിച്ച സംഭവങ്ങൾ നേരത്തേ ഉണ്ടായിട്ടുണ്ടെന്നും കത്തിൽ ബിജെപി ചൂണ്ടിക്കാണിക്കുന്നു. 'ചില പുരുഷന്മാർ പർദ ധരിച്ച് വോട്ടുചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. പല അവസരങ്ങളിലും അവരെ പോളിംഗ് ഉദ്യോഗസ്ഥർ തടഞ്ഞിട്ടുണ്ട്. പർദ ധരിച്ചെത്തുന്നവരുടെ രേഖകൾ പരിശോധിച്ചില്ലെങ്കിൽ വ്യാജ വോട്ടിംഗ് നടക്കും. ശരിയായ പരിശോധന സുതാര്യമായ വോട്ടിംഗ് ഉറപ്പാക്കും' എന്നാണ് കത്തിൽ ബിജെപി ചൂണ്ടിക്കാണിക്കുന്നത്. പർദ ധരിച്ചെത്തുന്നവരെ പരിശോധിക്കാൻ കൂടുതൽ വനിതാ പൊലീസുകാരെ നിയോഗിക്കണമെന്നും പാർട്ടി ആവശ്യപ്പെടുന്നുണ്ട്.
എന്നാൽ പോളിംഗിന്റെ വേഗം കുറയ്ക്കാനാണ് ബിജെപിയുടെ നീക്കം എന്നാണ് പ്രതിപക്ഷമായ സമാജ്‌വാദി പാർട്ടിയുടെ ആരോപണം. വോട്ടെടുപ്പിന്റെ വേഗം കുറയുന്നില്ലെന്നും വോട്ടർമാർ പോളിംഗ് ബൂത്തിൽ നിന്ന് അകലുന്നില്ലെന്നും ജില്ലാ ഭരണകൂടം ഉറപ്പാക്കാണമെന്നും അവർ ആവശ്യപ്പെടുന്നു. വോട്ടർമാരുടെ തിരിച്ചറിയൽ രേഖകൾ അനാവശ്യമായി പരിശോധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങൾ പുറത്തുവിട്ട പാർട്ടി ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ഉണ്ടാവണമെന്നും പാർട്ടി ആവശ്യപ്പെട്ടു. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുന്ന രംഗങ്ങളും ഇതിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇതിന് തൊട്ടുപിന്നാലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡുചെയ്തു. പൊലീസ് തടഞ്ഞതിനെത്തുടർന്ന് വോട്ടുചെയ്യാതെ മടങ്ങിയവർ വീണ്ടുമെത്തി വോട്ടുചെയ്യണമെന്ന് സമാജ്‌വാദി പാർട്ടി നേതാവായ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ആരെങ്കിലും തടഞ്ഞാൽ പോളിംഗ് ഉദ്യോഗസ്ഥരെയോ രാഷ്ട്രീയപാർട്ടി പ്രതിനിധികളോട് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ കതേഹാരി, കർഹാൽ, മിരാപൂർ, ഗാസിയാബാദ്, മജവാൻ, സിസാമാവു, ഖൈർ, ഫുൽപൂർ, കുന്ദർക്കി എന്നീ ഒമ്പത് നിയമസഭാ സീറ്റുകളിലേക്കാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള സിറ്റിംഗ് എംഎൽഎമാർ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഈ സീറ്റുകൾ ഒഴിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |