ന്യൂഡൽഹി: ശതകോടീശ്വരനായ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇത്രയും വലിയ അഴിമതി നടത്തിയിട്ടും അദാനി സ്വതന്ത്രനായിരിക്കുന്നു. അദാനിയുടെ എല്ലാ ഇടപാടുകളെക്കുറിച്ചും ജെപിസി (ജോയിന്റ് പാർലമെന്ററി കമ്മിറ്റി) അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. അദാനിക്കെതിരെ ന്യൂയോർക്ക് കോടതി അഴിമതിക്കുറ്റം ചുമത്തിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
രാഹുൽ ഗാന്ധി പറഞ്ഞത്:
'അദാനിക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണ്? അദാനിയെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നത് പ്രധാനമന്ത്രിയാണ്. വലിയ അഴിമതി നടത്തിയിട്ടും അദാനി സ്വതന്ത്രനായി നടക്കുകയാണ്. പല കേസുകളിലായി രാജ്യത്തെ വിവിധ മുഖ്യമന്ത്രിമാർ അറസ്റ്റിലായിട്ടും അദാനിക്കെതിരെ ഒരു നടപടിയും ഇല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അഴിമതിയിൽ പങ്കുണ്ട്. സെബി ചെയർപേഴ്‌സൺ മാധബി ബുച്ച് അദാനിയുടെ സംരക്ഷകയാണ്. മോദി അദാനിയെ സംരക്ഷിക്കുകയാണ്.'
'വിഷയം പാർലമെന്റിൽ ഉന്നയിക്കും. സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണം. അദാനിയെ അറസ്റ്റ് ചെയ്യണം. ആര് കുറ്റം ചെയ്താലും ജയിലിൽ ഇടുമെന്ന് പറഞ്ഞ മോദി അദാനിക്കെതിരെ നടപടിക്ക് തയ്യാറാവുന്നില്ല. മോദിക്ക് ഇനി നടപടി എടുക്കണം എന്നുണ്ടെങ്കിലും നടക്കില്ല. കാരണം മോദിയെ സംരക്ഷിക്കുന്നതും അദാനിയാണ്. ഈ അഴിമതിയിൽ ആർക്കൊക്കെ പങ്കുണ്ടെങ്കിലും അന്വേഷണം നടക്കണം '
സൗരോർജ കരാറുകൾ ലഭിക്കുന്നതിനായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 250 ദശലക്ഷം ഡോളറിൽ (2,100 കോടി രൂപ) അധികം കൈക്കൂലി നൽകിയെന്നതാണ് അദാനിക്കെതിരെയുള്ള കുറ്റം. ഇരുപതുവർഷത്തിനുള്ളിൽ രണ്ടു ബില്യൻ ഡോളറിലധികം ലാഭം പ്രതീക്ഷിക്കുന്ന സൗരോർജ കരാറുകൾ സ്വന്തമാക്കുന്നതിനായി കൈക്കൂലി വാഗ്ദാനം ചെയ്തെന്നാണ് ആരോപണം. അഴിമതി, വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ഗൗതം അദാനിക്കുപുറമേ അദാനി ഗ്രീൻ എനർജി ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ വിനീത് ജെയ്ൻ, സാഗർ അദാനി എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. വായ്പകളും ബോണ്ടുകളും സ്വന്തമാക്കുന്നതിനായി അദാനിയും കൂട്ടരും അമേരിക്കൻ നിക്ഷേപകരെ കബളിപ്പിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു.ന്യൂയോർക്കിൽ യു എസ് അറ്റോർണി ഓഫീസാണ് കുറ്റപത്രം സമർപ്പിച്ചത്.യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനും അദാനി ഗ്രീൻ എനർജിക്കെതിരെ അഴിമതിക്കുറ്റം ചുമത്തുകയും സിവിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമേ വിഷയത്തിൽ അന്വേഷണം തടസപ്പെടുത്താൻ അദാനിയും കൂട്ടാളികളും ശ്രമിച്ചതായി എഫ്ബിഐ അസിസ്റ്റന്റ് ഡയറക്ടർ ജെയിംസ് ഡെന്നിഹിയെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |