4.86% കുറവ്
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിൽ രേഖപ്പെടുത്തിയത് 70.51 ശതമാനം പോളിംഗ്. 2021നെ അപേക്ഷിച്ച് 4.8 ശതമാനത്തിന്റെ കുറവ്.ഇതിൽ ആശങ്കയിലാണ് മുന്നണികൾ.
പാലക്കാട് നഗരസഭയിലാണ് ഏറ്റവും കൂടുതൽ പോളിംഗ്. കണ്ണാടി ഗ്രാമ പഞ്ചായത്തിലാണ് ഏറ്റവും കുറവ്.
രാവിലെ പല സ്ഥലത്തും മെഷീനുകൾ തകരാറായതിനാൽ വോട്ടിംഗ് വൈകി.
ആകെ 1,94,706 വോട്ടർമാരിൽ 1,36,323 വോട്ടർമാരാണ് ജനവിധിയെഴുതിയത്. 70,203 സ്ത്രീകളും 66,116 പുരുഷൻമാരും നാല് ട്രാൻസ്ജെൻഡേഴ്സും വോട്ടു രേഖപ്പെടുത്തി.
വെണ്ണക്കരയിലെ പോളിംഗ് ബൂത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ തടയാൻ ശ്രമമുണ്ടായി.
ബൂത്തിൽ കയറി വോട്ട് ചോദിച്ചെന്നാണ് എൽ.ഡി.എഫ്, ബി.ജെ.പി പ്രവർത്തകർ ആരോപിച്ചത്. ഇരുപാർട്ടികളുടെയും പ്രവർത്തകർ ചേർന്നാണ് തടഞ്ഞത്. സംഘർഷത്തിലേക്ക് നീങ്ങിയതോടെ പൊലീസ് ഇടപെട്ടു.
ഇരട്ട വോട്ടിന്റെ പേരിൽ വിവാദത്തിലായ ബി.ജെ.പി ജില്ല പ്രസിഡന്റ് കെ.എം. ഹരിദാസ് വോട്ട് ചെയ്തില്ല. ഹരിദാസിന് ഇരട്ട വോട്ടുണ്ടെന്ന് ആരോപിച്ച് 73ാം നമ്പർ ബൂത്തിൽ കോൺഗ്രസ് പ്രവർത്തകർ സംഘടിച്ചെത്തി പ്രതിഷേധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |