കാസർകോട്: സിപിഎം പത്രങ്ങളിൽ നൽകിയ വിദ്വേഷ പരസ്യം കേരളത്തിന്റെ മതേതര മനസിനെ മുറിവേൽപ്പിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആ മുറിവ് ഉണങ്ങാൻ താമസമെടുക്കും. സംഘപരിവാറിന്റെ വഴികളിലൂടെ യാത്ര ചെയ്ത് മതപരമായ ഭിന്നിപ്പുണ്ടാക്കണമെന്ന ദുരുദ്ദേശ്യത്തോടെയാണ് സിപിഎം പരസ്യം നൽകിയത്. വർഗീയ വിദ്വേഷമുണ്ടാക്കുന്ന പരസ്യമാണെന്നും ഇടതു മുന്നണിയല്ല ഇത് നൽകിയതെന്നും സി.പി.ഐ പറഞ്ഞിട്ടുണ്ട്. സി.പി.ഐ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പോലും പരസ്യത്തെ കുറിച്ച് അറിഞ്ഞിട്ടില്ല. പരസ്യം നൽകിയതിന്റെ ഉത്തരവാദി മന്ത്രി എം.ബി രാജേഷാണ്. എന്നിട്ടും മന്ത്രി ന്യായീകരിക്കുകയാണ്. ചെലവ് കുറവുള്ളതു കൊണ്ടാണ് ഈ രണ്ടു പത്രങ്ങളിൽ പരസ്യം നൽകിയതെന്നാണ് പറഞ്ഞത്. ഈ പരസ്യം നൽകുന്നതിന്റെ തലേ ദിവസം പ്രമുഖ ദിനപത്രത്തിൽ നാല് പേജുള്ള പരസ്യം നൽകിയിരുന്നു. എന്നാൽ അതിൽ വർഗീയ വിദ്വേഷം പരത്തിയിരുന്നില്ല. അപ്പോൾ പണമില്ലാത്തതു കൊണ്ടാണ് രണ്ടു പത്രങ്ങളിൽ പരസ്യം നൽകിയതെന്നു പറഞ്ഞത് പച്ചക്കള്ളമാണ്. സ്വന്തം പത്രമായ ദേശാഭിമാനിയിൽ പോലും കൊടുക്കാൻ പറ്റാത്ത പരസ്യം മുസ്ലീം സംഘടനകളുടെ നേതൃത്വത്തിലുള്ള പത്രത്തിൽ കൊടുത്താണ് വിദ്വേഷം ജനിപ്പിക്കാൻ ശ്രമിച്ചത്. ഇത് വലിയ മുറിവാണ് ഉണ്ടാക്കിയിരിക്കുന്നത്.
പാർലമെന്റ് തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു ശേഷം സി.പി.എം നേതാക്കൾക്ക് സമനില നഷ്ടപ്പെട്ടിരിക്കുകയാണ്. എന്തു പറയണമെന്നു പോലും അറിയില്ല. ഇവരെ റിമോട്ട് കൺട്രോളിൽ നിയന്ത്രിക്കുന്ന ബി.ജെ.പിയാണ്. ഇന്നലെ സന്ദീപ് വാര്യർ പറഞ്ഞതു പോലെ ബി.ജെ.പിയുടെ ഓഫീസിൽ നിന്നാണ് സി.പി.എമ്മിനു വേണ്ടി പരസ്യം നൽകിയത്. ഹീനമായ വർഗീയത പ്രചരിപ്പിക്കാൻ നോക്കിയവർക്ക് പാലക്കാട്ടെ വോട്ടർമാർ ശക്തമായ തിരിച്ചടി നൽകും. മതേതര കേരളമാണെന്ന പ്രഖ്യാപനം കൂടിയായിരിക്കും പാലക്കാട്ടെ തിരഞ്ഞെടുപ്പ് ഫലം.
തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാണ് സി.പി.എം പരസ്യം നൽകിയത്. മന്ത്രി കണ്ട ശേഷമാണ് ഈ പരസ്യം നൽകിയത്. സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിയാ വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന പരസ്യം നൽകിയത്. ഇത്തരം സംഭവം കേരളത്തിൽ ഒരിക്കലും ആവർത്തിക്കാൻ പാടില്ല എന്നതു കൊണ്ട് യു.ഡി.എഫ് നിയമപരമായി നേരിടും.
മതേതര നിലപാട് ഉയർത്തിപ്പിടിക്കുന്ന ആളാണ് തങ്ങൾ. ഇവരെല്ലാം കേരളത്തിന്റെ മതേതരത്വത്തെ കളങ്കപ്പെടുത്താൻ ശ്രമിക്കുമ്പോഴാണ് പാണക്കാട് സാദിഖലി തങ്ങൾ എറണാകുളത്തെത്തി മുനമ്പം സംഭവത്തിൽ ബിഷപ്പുമാർ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയത്. ആ മനുഷ്യനെയാണ് വർഗീയവാദിയെന്നു പറഞ്ഞ് വേട്ടയാടുന്നത്. സാദിഖലി തങ്ങളെ അപമാനിക്കാൻ മുഖ്യമന്ത്രി തന്നെ രംഗത്തിറങ്ങിയിരിക്കുകയാണ്. ഇരുട്ടി നേരം വെളുക്കുന്നതിനു മുൻപാണ് സി.പി.എം നിലപാട് മാറ്റുന്നത്.
സന്ദീപ് വാര്യർ ക്രിസ്റ്റൽ ക്ലിയറാണെന്നു പറഞ്ഞവരാണ് ഇപ്പോൾ വർഗീയവാദികൾ എന്നു പറയുന്നത്. പി. ജയരാജൻ ഉൾപ്പെടെയുള്ളവരെ ആക്രമിച്ച ഒ.കെ വാസുവിനെ ചുവന്ന മാലയിട്ട് സ്വീകരിച്ച് മലബാർ ദേവസ്വത്തിന്റെ പ്രസിഡന്റാക്കിയ ആളാണ് പിണറായി വിജയൻ. അങ്ങനെയുള്ള പിണറായിയാണ് സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതിനെ പരിഹസിക്കുന്നതും വെപ്രാളപ്പെടുന്നതും പൊട്ടിക്കരയുന്നതും.
പൂരം കലക്കിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ആരോപണത്തിന് അടിവരയിടുന്ന റിപ്പോർട്ടാണ് കൊച്ചിൻ ദേവസ്വം ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന റിപ്പോർട്ട്. അജിത് കുമാറാണ് പൂരം ആലങ്കോലമാക്കിയതെന്നാണ് ദേവസ്വം നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
ആന്റണി രാജു മന്ത്രിയായിരിക്കുമ്പോൾ തന്നെ പ്രതിപക്ഷം ആരോപണം ഉന്നയിച്ചതാണ്. അന്ന് മുഖ്യമന്ത്രി നിശബ്ദനായിരുന്നു. ഇപ്പോൾ സുപ്രീം കോടതി അദ്ദേഹം വിചാരണ നേരിടണമെന്ന് ഉത്തരവിട്ടിരിക്കുകയാണ്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച് ലഹരി വസ്തു കൊണ്ടു വന്ന കേസിൽ തെളിവായ അടിവസ്ത്രം കോടതിയിൽ നിന്നും പുറത്തെടുത്ത് തെളിവ് നശിപ്പിച്ചത് ഗുരുതര കുറ്റമാണ്. അങ്ങനെ ഒരാൾ മന്ത്രിയായിരുന്നു എന്നത് കേരളത്തിനു തന്നെ അപമാനമാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും ഉത്തരം പറയണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |