എടക്കര: നിലമ്പൂർ പോത്തുകല്ലിൽ നടന്ന പ്രളയദുരിതാശ്വാസ പ്രവർത്തന സർവകക്ഷി യോഗത്തിനിടെ വിങ്ങിപ്പൊട്ടി പി.വി അൻവർ എം.എൽ.എ. പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് വ്യക്തിപരമായി 10 ലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപിച്ച് നടത്തിയ പ്രസംഗത്തിനിടെയാണ് എം.എൽ.എ കരഞ്ഞത്. മുസ്‌ലിം ലീഗിന്റെ രാജ്യസഭാംഗം പി.വി. അബ്ദുൽ വഹാബടക്കം വേദിയിലുണ്ടായിരുന്നു. നിലമ്പൂർ എം.എൽ.എയായ അൻവറിന്റെ മണ്ഡലത്തിൽ പ്രളയം വൻദുരന്തമാണ് സൃഷ്ടിച്ചത്.കവളപ്പാറയിലടക്കം നിലമ്പൂരിലെ പ്രളയഭൂമിയിൽ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനത്തിനും എം.എൽ.എയും മുന്നിലുണ്ടായിരുന്നു.
എല്ലാം നഷ്ടപ്പെട്ടവരോട് ഒരു എം.എൽ.എ എന്ന നിലയിൽ എന്തു ചെയ്യാൻ കഴിയുമെന്ന് പറയാനാവാതെ താൻ വീർപ്പുമുട്ടുകയാണ്. സർക്കാർ സഹായത്തിന് കാത്തുനിൽക്കാതെ അടിയന്തര സഹായങ്ങൾ ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്തു കൊടുക്കണം. അണ്ണാറക്കണ്ണനും തന്നാലായത് എന്ന് പറയുന്നത് പോലെ ഒരാൾ നൂറ് രൂപയെങ്കിലും സംഭാവന ചെയ്യുക. ഒരു രാത്രി കൊണ്ട് സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ട് ഉറ്റവരെയും നഷ്ടപ്പെട്ടിരിക്കുന്നവരോട് എന്ത് പറഞ്ഞ് സമാധാനിപ്പിക്കുമെന്ന് ആലോചിച്ച് താൻ വീർപ്പുമുട്ടുകയാണെന്ന് പറഞ്ഞ് എം.എൽ.എ മൈക്കിന് മുന്നിൽ നിന്ന് വിതുമ്പി. പിന്നീട് പത്ത് ലക്ഷം രൂപ വ്യക്തിപരമായി നൽകുമെന്നറിയിച്ച് പ്രസംഗം പാതിയിൽ അവസാനിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |