കോഴിക്കോട്: കണ്ണെഴുതി പൊട്ടുതൊട്ട് നൃത്ത ചുവടുമായി വേദികൾ കീഴടക്കി മത്സരാർത്ഥികൾ. കൈയടിച്ചും ആർപ്പുവിളിച്ചും നിറഞ്ഞൊഴുകി കാണികൾ. സൂര്യനെ തോൽപ്പിച്ച പോരാട്ടച്ചൂടിൽ ജില്ല സ്കൂൾ കലോത്സവ ആദ്യ ദിനം. പാട്ടും ഡാൻസും നാടകവുമായി നഗരം കലയിൽ ആറാടി. കുട്ടികൾ സെൽഫിയെടുക്കുന്നു, പരിശീലിക്കുന്നു, ചിലർ ആവേശത്തോടെ വേദികളിൽ നിന്ന് വേദികളിലേക്ക് ഓടുന്നു... എവിടേയും നിറമുള്ള ആഘോഷം. ആദ്യദിനം തന്നെ ഗ്ലാമർ ഇനങ്ങളായ നാടകവും നൃത്തവും മോണോ ആക്ടുമെല്ലാം വേദിയിലെത്തിയത് ആസ്വാദകരുടെ മനം കവർന്നു.
പ്രധാന വേദിയായ വെെക്കം മുഹമ്മദ് ബഷീറിനെ ആവേശത്തിലാക്കി തിരുവാതിരക്കളി അരങ്ങുതകർത്തു. കേരള നടനം, വട്ടപ്പാട്ട്, കുച്ചിപ്പുടി എന്നിവയെല്ലാം നിറമുള്ള കാഴ്ചയായി. ആസ്വാദകരെകൊണ്ട് നിറഞ്ഞതായിരുന്നു ഓരോ വേദിയും. പലവേദികളിലും മത്സരം തുടങ്ങാൻ വെെകിയത് കല്ലുകടിയായി. ഒന്നാം വേദിയായ വെെക്കം മുഹമ്മദ് ബഷീറിൽ പതാക ഉയർത്തിയതോടെ വേദികൾ ഉണർന്നു. അദ്ധ്യാപകരുടെ സ്വാഗത ഗാനവും അദ്ധ്യാപികമാരുടെ സ്വാഗത നൃത്തവും ഹൃദ്യമായി. കലോത്സവം എഴുത്തുകാരൻ ബെന്യാമിൻ ഉദ്ഘാടനം ചെയ്തു. മേയർ ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സി.രേഖ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സി മനോജ് മണിയൂർ സ്വാഗതവും സ്വീകരണ കമ്മിറ്റി കൺവീനർ കെ.സുധിന നന്ദിയും പറഞ്ഞു.
കോഴിക്കോട് സിറ്റി മുന്നിൽ
കോഴിക്കോട് : റവന്യു ജില്ല സ്കൂൾ കലോത്സവത്തിന്റെ ആദ്യദിനം കോഴിക്കോട് സിറ്റി ഉപജില്ല മുന്നിൽ. 223 പോയിന്റുമായാണ് നിലവിലെ ചാമ്പ്യന്മാരായ സിറ്റി ഉപജില്ല കുതിപ്പ് തുടങ്ങിയത്. 211 പോയിന്റുമായി കൊടുവള്ളി ഉപജില്ലയാണ് രണ്ടാമത്. 199 പോയിന്റുമായി മുക്കവും പേരാമ്പ്രയും മൂന്നാം സ്ഥാനത്തുണ്ട്. 193 പോയിന്റുമായി കൊയിലാണ്ടിയാണ് നാലാമത്. 72 പോയിന്റുമായി എച്ച് .എസ്. എസ് മേമുണ്ടയാണ് സ്കൂളുകളിൽ ഒന്നാമത്. 65 പോയിന്റുമായി ജി .എച്ച് .എസ് .എസ് കോക്കല്ലൂർ -ബാലുശ്ശേരി രണ്ടാമതാണ്. 64 പോയിന്റുമായി ചേവായൂർ സിൽവർഹിൽസ് എച്ച് .എസ് .എസാണ് മൂന്നാമത്.
കലോത്സവ വേദികൾ സ്വാർത്ഥതയുടെ
വേദികളല്ല: ബെന്യാമിൻ
കോഴിക്കോട്: കലോത്സവ വേദികൾ സ്വാർത്ഥതയുടെ വേദികളല്ലെന്നും സ്വയം പ്രകാശിക്കാൻ കഴിയുന്ന ഇടങ്ങളാണെന്നും എഴുത്തുകാരൻ ബെന്യാമിൻ.
കുട്ടികൾ അവനവനോടാണ് മത്സരിക്കുന്നതെന്ന ബോദ്ധ്യമുണ്ടാകുമ്പോൾ മാത്രമാണ് കലോത്സവ വേദികൾ സർഗാത്മകമായി മാറുന്നത്. നമ്മുടെ കുട്ടിൾ ഭൂമിയിലേക്ക് വരുന്നത് ഓരോ സർഗാത്മക കഴിവുമായാണ്. ഇവ വളർത്തിയെടുക്കാൻ കൂടിയുള്ളതാണ് വിദ്യാഭ്യാസം. അതിന്റെ ഭാഗമായാണ് കലോത്സവങ്ങൾ നടക്കുന്നത്. അതിനെ മത്സരമായി കാണാതെ സ്വന്തം വളർച്ചയുടെ പടവായി കാണണം. കുട്ടികളേക്കാൾ അസ്വസ്ഥരാകുന്നത് മാതാപിതാക്കളാണ്. തന്റെ കുട്ടിയ്ക്ക് മികച്ച മാർക്ക് ഇല്ലെങ്കിൽ അതൊരു പ്രശ്നമായി മാറുന്നു. കുട്ടികൾ പാഠഭാഗങ്ങൾ പഠിച്ചാൽ മതി കലയും സാഹിത്യവും വേണ്ട എന്ന തോന്നലുള്ള മാതാപിതാക്കൾ ഉള്ളത് ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
ആടിയതല്ല... പാടിയതല്ല...
ചോര നീരാക്കി നേടിയതാ...
വട്ടപാട്ടു മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കൊയിലാണ്ടി ഐ.സി.എസ് ഹയർസെക്കൻഡറി സ്കൂളിലെ മുഹമ്മദ് ഹാദിയും കൂട്ടുകാരും ആർത്തു വിളിച്ചു പറഞ്ഞു ആടിയതല്ല... പാടിയതല്ല...
ചോര നീരാക്കി നേടിയതാ... മാസങ്ങളുടെ വിയർപ്പും കഠിന പരിശീലവുമാണ് വേദി മുഴുവൻ കേൾക്കെ വിളിച്ചു പറഞ്ഞപ്പോൾ അവരോരോത്തരുടെയും മനസിലൂടെ കടന്ന് പോയത്. തുടർച്ചയായി മൂന്നാം തവണയാണ് ഇവർ വിജയികളായി സംസ്ഥാന കലോത്സവത്തിലേക്ക് പോകുന്നത്. മലബാറിലെ മുസ്ലിം കല്യാണ വീടുകളിൽ മണവാളന്റെ കൂട്ടരും മണവാട്ടിയുടെ കൂട്ടരും മത്സരിച്ചു പാടിയതായിരുന്നു വട്ടപാട്ട്. ഒരു കൂട്ടരുടെ പാട്ടിന്റെ ബാക്കി മറ്റൊരു കൂട്ടർ പാടുന്നതായിരുന്നു മത്സരം. എന്നാൽ ഇന്നത് കലോത്സവ വേദികളിലെ 10 മിനുട്ട് മത്സരം മാത്രമായി. വഴിനീളം, മുനാജാത്ത്, വർണിച്ചുപാട്ട്, പദ ചരിത്രം, ചായൽ മുറുക്കം, അപ്പപ്പാട്ട് തുടങ്ങി പത്തു പാട്ടുകളാണ് വട്ടപ്പാട്ടിലുള്ളത്. കലോത്സവത്തിലെ ഗ്ലാമർ ഇനങ്ങളിലൊന്നായ വട്ടപ്പാട്ടിൽ ഇത്തവണ 19 ടീമുകളാണ് പങ്കെടുത്തത്. എല്ലാവർക്കും എ ഗ്രേഡും ലഭിച്ചു. പങ്കെടുത്ത ടീമുകളെല്ലാം ഉയർന്ന നിലവാരം പുലർത്തിയതായി വിധികർത്താക്കൾ പറഞ്ഞു.
പാഠകത്തിൽ
അമാൻ ഒരു പാഠം
കോഴിക്കോട്: എം.ജെ.എച്ച്.എസ്.എസ് എളേറ്റിലെ പത്താം ക്ലാസ് വിദ്യാർത്ഥി അമാൻ ഹാദി 'പാഞ്ചാലി സ്വയംവരം'ത്തിൽ എഴുതിയത് രണ്ടാം ചരിതം. പാഠകം മത്സരത്തിൽ പങ്കെടുക്കുന്ന ആദ്യ മുസ്ലിം വിദ്യാർത്ഥിയെന്ന പെരുമ നിലനിർത്തി ഒന്നാം സ്ഥാനവും എ ഗ്രേഡും അമാൻ സ്വന്തമാക്കി. സംസ്കൃതം ഉപന്യാസത്തിലും ഫസ്റ്റ് എ ഗ്രേഡ് നേടി. പാഠകത്തിൽ സ്കൂളിലെ സംസ്കൃത അദ്ധ്യാപിക എം.ദിവ്യയായിരുന്നു പരിശീലക. കഴിഞ്ഞ വർഷം സംസ്ഥാനതലത്തിൽ പാഠകത്തിലും മോണോ ആക്ടിലും ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയിരുന്നു. കൊടുവള്ളി സ്വദേശിയായ അബ്ദുൽ ലത്തീഫിന്റെയും സജീനയുടെയും മകനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |