ന്യൂഡൽഹി: മണിപ്പൂരിൽ ചെറിയ ഇടവേളയ്‌ക്ക് ശേഷം അക്രമങ്ങൾ വ്യാപകമായതോടെ സംഘർഷബാധിത മേഖലകളിൽ ആളുകൾ ജോലിക്ക് പോകാതെ വീടുകൾക്കുളളിൽ ഒതുങ്ങിക്കഴിയാൻ നിർബന്ധിതരാകുന്നു. ഇന്റർനെറ്റ് വിച്ഛേദിച്ചതിനാൽ സമൂഹമാദ്ധ്യമങ്ങൾ വഴി ബന്ധപ്പെടാനും വഴിയില്ല. സർക്കാർ റേഷനും പലയിടത്തും ലഭിക്കുന്നില്ല. മെയ്‌തി, കുക്കി സമുദായങ്ങളിൽ നിന്ന് പരസ്‌പരം വിവാഹം ചെയ്‌ത കുടുംബങ്ങൾക്കുള്ളിൽ വിള്ളലുകളും വീണു.
വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ട ജിരിബാം പ്രദേശത്ത് കടകളെല്ലാം അടച്ചിട്ട നിലയിലാണ്. അവശ്യ സാധനങ്ങൾക്ക് ക്ഷാമമുണ്ട്. ചില കടകൾ കുറച്ചു നേരത്തേക്ക് തുറക്കുമ്പോൾ സാധനങ്ങൾ വാങ്ങണം. ജോലിക്ക് പോയാൽ തിരിച്ചു വരുമെന്നുറപ്പില്ല. ആളുകൾക്ക് വീടിന് പുറത്തിറങ്ങാൻ ഭയമാണ്. മെയ്‌തേ വിഭാഗക്കാർക്ക് കുക്കി മേഖലയിലും കുക്കിക്കാർക്ക് തിരിച്ചും ജോലി ചെയ്യാനാകുന്നില്ല. കുട്ടികളെ പുറത്ത് കളിക്കാൻ പോലും വിടുന്നില്ല. അക്രമ ബാധിത പ്രദേശങ്ങളിൽ ആയുധങ്ങളുമായി കേന്ദ്ര സായുധ സേനയെ കാണാം. അക്രമികൾ ആധുനിക ആയുധങ്ങളും ഉപയോഗിക്കുന്നത് സേനയ്‌ക്ക് വെല്ലുവിളിയാണ്. അതിർത്തി കടന്നു വരുന്ന ആയുധങ്ങൾ കലാപകാരികൾക്ക് യഥേഷ്‌ടം ലഭിക്കുന്നു. അക്രമത്തിന് രാഷ്‌ട്രീയ ഇടപെടലിലൂടെ ശാശ്വത പരിഹാരം അനിവാര്യമാണെന്നാണ് ജനങ്ങളുടെ അഭിപ്രായം. അല്ലെങ്കിൽ അക്രമം ഒരിക്കലും തീരില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |