മോസ്കോ : ഉത്തര കൊറിയയ്ക്ക് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ സൗഹൃദ സൂചകമായി ഒരു ആഫ്രിക്കൻ സിംഹത്തെയും രണ്ട് കരടികളെയും നൽകിയെന്ന് റിപ്പോർട്ട്. ഒരു റഷ്യൻ ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യുക്രെയിൻ അധിനിവേശത്തിന്റെ പേരിൽ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങൾ നേരിടുന്ന റഷ്യ അടുത്തിടെ ഉത്തര കൊറിയയുമായുള്ള രാഷ്ട്രീയ, സൈനിക, സാംസ്കാരിക ബന്ധങ്ങൾ ശക്തമാക്കിയിരുന്നു.
ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നുമായി റഷ്യയിലും പ്യോംഗ്യാങ്ങിലും വച്ച് പുട്ടിൻ കൂടിക്കാഴ്ചകളും നടത്തിയിരുന്നു. രണ്ട് യാക്കുകൾ, അഞ്ച് വൈറ്റ് കൊക്കാറ്റൂ, 25 ഫെസന്റ് പക്ഷികൾ എന്നിവയേയും മോസ്കോ മൃഗശാലയിൽ നിന്ന് പ്യോംഗ്യാങ്ങ് മൃഗശാലയിലേക്ക് എത്തിച്ചു. 40 മാൻഡരിൽ താറാവുകളും ഇക്കൂട്ടത്തിലുണ്ട്.
' ലോകത്തെ ഏറ്റവും മനോഹരമായ താറാവ് ' എന്ന് വിശേഷിപ്പിക്കുന്ന മാൻഡരിൻ താറാവുകളെ കിഴക്കൻ ചൈന, തെക്കൻ ജപ്പാൻ എന്നിവിടങ്ങളിലാണ് സാധാരണ കാണാൻ കഴിയുക. മരങ്ങളും ചെറിയ ജലാശയങ്ങളുമുള്ള പ്രദേശങ്ങളാണ് മാൻഡരിൻ താറാവുകളുടെ ആവാസവ്യവസ്ഥ. മരങ്ങളിലാണ് ഇവ കൂട് കൂട്ടുന്നത്.
അതേ സമയം, നേരത്തെ 24 കുതിരകളെ പുട്ടിൻ കിമ്മിന് സമ്മാനമായി നൽകിയിരുന്നു. പുട്ടിന് സമ്മാനമായി രണ്ട് വളർത്തു നായകളെയാണ് കിം നൽകിയത്.
നിലവിൽ യുക്രെയിൻ സൈന്യം കടന്നുകയറ്റം തുടരുന്ന റഷ്യൻ മേഖലയായ കുർസ്കിലേക്ക് 10,000 ഉത്തര കൊറിയൻ സൈനികരെ പുട്ടിൻ വിന്യസിച്ചെന്ന റിപ്പോർട്ട് അടുത്തിടെ പുറത്തുവന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |