ഓച്ചിറ ക്ഷേത്രവും മോഹൻലാലുമായി ബന്ധപ്പെട്ട് മുൻ ഡിജിപിയും പ്രഭാഷകനുമായ ഡോ. അലക്സാണ്ടർ ജേക്കബ് നടത്തിയ പ്രഭാഷണം ശ്രദ്ധേയമാവുകയാണ്. ഓച്ചിറ ക്ഷേത്രത്തിൽ വിഗ്രഹമില്ല പരബ്രഹ്മമാണ്. അവിടെ ഞാൻ ചെന്നപ്പോൾ പതിനായിരക്കണക്കിന് ജനങ്ങൾ ക്യൂ നിൽക്കുകയാണ്. കാര്യമെന്താണെന്ന് തിരക്കിയപ്പോൾ അറിഞ്ഞത് ക്ഷേത്രത്തിൽ എത്തുന്ന മുഴുവൻ പേർക്കും ആഹാരം കൊടുക്കുന്നതിനുള്ള ക്യൂവാണ് അതെന്നാണ്. ഭക്ഷണം പാകം ചെയ്യുന്നതിനും, വിളമ്പി കൊടുക്കുന്നതിനുമെല്ലാം നേർച്ചയുണ്ട്. ഒരു ലക്ഷം വരെ ഇത്തരത്തിൽ ക്യൂവിൽ നിന്ന നേർച്ചക്കാരുടെ എണ്ണം ഉയർന്നിട്ടുണ്ടെന്ന് ചോദിച്ചറിഞ്ഞു.
അപ്പോഴാണ് ഒരു ലോറി വന്ന് 10000 കിലോഗ്രാം അരി ഇറക്കിയത്. ആരാണ് അരി തന്നയച്ചതെന്ന് അന്വേഷിച്ചപ്പോൾ സിനിമാ നടൻ മോഹൻലാൽ എന്ന മറുപടിയാണ് ലോറി ഡ്രൈവർ നൽകിയത്. രസീതിൽ എം ലാൽ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. മോഹൻലാലിന്റെ നിർബന്ധ പ്രകാരമായിരുന്നു അങ്ങനെ എഴുതിയതത്രേ.
അതേസമയം, പ്രകൃതി ആരാധനയ്ക്ക് പേരുകേട്ട ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ വൃശ്ചികോത്സവം തുടങ്ങിയതോടെ ചെളി പ്രസാദത്തിന് ആവശ്യക്കാരേറി.വാസ്തു ദോഷം, ഗൃഹദോഷം, ദുസ്വപ്നാടനം, വിവിധ ത്വക്ക് രോഗങ്ങൾ എന്നിവയ്ക്ക് പരിഹാരമായി ക്ഷേത്രത്തിലെ ചെളി പ്രസാദം ഇന്നും പതിനായിരങ്ങൾ ഉപയോഗിച്ചുവരുന്നു.
ഒണ്ടിക്കാവിന് കിഴക്ക് ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചുവരുന്ന പ്രസാദക്കുഴിയിൽ നിന്നാണ് ആരാധനാ ആൽത്തറകളിലേക്കുള്ള ചെളിയെടുക്കുന്നത്. കിഴക്ക് പടിഞ്ഞാറ് ആൽത്തറകളിൽ സ്ഥാപിച്ചിട്ടുള്ള തൊടികളിൽ സാധാരണയായി മാസത്തിൽ ഒരിക്കലാണ് ചെളി നിറയ്ക്കുന്നത്. എന്നാൽ വൃശ്ചികമാകുന്നതോടെ ഇത് ദിവസങ്ങൾക്കുള്ളിൽ കാലിയാകും. വ്രതശുദ്ധിയോടെയാണ് ചെളിയെടുപ്പിന് പ്രസാദക്കുളത്തിൽ ഇറങ്ങുന്നത് .പ്രസാദക്കുഴിയിൽ സന്ദർശകരോ ഭക്തജനങ്ങളോ ഇറങ്ങുന്നത് നിരോധിച്ചിരിക്കുകയാണ്. വീടുകൾ, സ്ഥാപനങ്ങൾ എന്നിവയുടെ നിർമ്മാണത്തിന്റെ ശിലാസ്ഥാപനത്തിന് ഉപയോഗിക്കുന്ന ആദ്യ സിമന്റ് മിശ്രിതത്തിൽ ചെളിപ്രസാദം കലർത്തുന്ന പതിവ് ഓണാട്ടുകരയിൽ വ്യാപകമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |