ന്യൂയോർക്ക്: 1876 മാർച്ച് 3...ഏകദേശം ഉച്ചയ്‌ക്ക് 12 മണിയായിരുന്നു...അമേരിക്കയിലെ കെന്റകിയിലെ ബാത് കൗണ്ടിയിൽ മഴപെയ്യുകയാണ്. അതൊരു സാധാരണ മഴ ആയിരുന്നില്ല. മഴത്തുള്ളികൾക്ക് പകരം ആകാശത്ത് നിന്നും താഴേക്ക് പതിച്ച വസ്‌തുക്കൾ കണ്ട് നാട്ടുകാർ ഞെട്ടി. ഏകദേശം അഞ്ച് സെന്റീമീറ്റർ നീളവും വീതിയുമുള്ള പച്ച മാംസക്കഷണങ്ങളായിരുന്നു അത്. വളരെ കുറച്ച് നേരം മാത്രമാണ് ഇത് നീണ്ടുനിന്നത്. മണവും നിറവും വച്ച് നോക്കുകയാണെങ്കിൽ ബീഫിനോട് ഏറെ സാദൃശ്യം അവയ്‌ക്കുണ്ടായിരുന്നു. പലരും പല അഭിപ്രായങ്ങൾ പറഞ്ഞു. ഒടുവിൽ ഈ മാംസം രുചിച്ചു നോക്കിയ രണ്ടുപേർ മാനിന്റെയോ ചെമ്മരിയാടിന്റെയോ ഇറച്ചിയാകാമെന്ന് പറഞ്ഞു. ഒരു പ്രാദേശിക വേട്ടക്കാരൻ കരടിയുടെ മാംസമെന്നും അിപ്രായപ്പെട്ടു. ഒടുവിൽ അധികൃതർ ഈ മാംസം ശേഖരിച്ച് പരിശോധനയ്‌ക്കയച്ചു. ചില ഗവേഷകർ ബീഫിന്റേതാകാമെന്നും ചിലർ മനുഷ്യന്റേതാകാമെന്നും പറഞ്ഞു. കുതിരയുടെയോ, മനുഷ്യക്കുഞ്ഞിന്റെയോ ശ്വാസകോശഭാഗമെന്നാണ് അലൻ മക്‌ലെയ്ൻ ഹാമിൽട്ടൺ എന്ന ഡോക്‌ടർ കണ്ടെത്തിയത്. നോസ്‌റ്റോക് എന്നയിനം സൈനോബാക്‌ടീരിയ ആകാമിതെന്നും അഭിപ്രായമുണ്ടായി. എവിടെ നിന്ന് ഇവ വന്നുവെന്നതും ഏവരെയും കുഴപ്പിച്ചു. ക്രൂച്ച് എന്ന കർഷകന്റെ ഭാര്യയാണ് ആകാശത്ത് നിന്നും മാംസ മഴ പെയ്യുന്നത് കണ്ട ആദ്യത്തെ വ്യക്തി. ക്രൂച്ച് ഉൾപ്പെടെയുള്ള നാട്ടുകാർ വിശ്വസിച്ചത് ആകാശത്ത് നിന്നും ദൈവമായിരിക്കാം ഈ മാംസകഷണങ്ങൾ വർഷിച്ചതെന്നാണ്. ചിലർ കഴുകൻമാർ കൂട്ടത്തോടെ ഛർദ്ദിച്ച മാംസകഷണങ്ങളെന്നും വിശ്വസിച്ചു. സമാനമായ മഴ യൂറോപ്പിലും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ശരിക്കും എന്താണ് മാംസ മഴയ്‌ക്ക് കാരണമായതെന്നോ എവിടെ നിന്നാണ് അവ വന്നതെന്നോ ഇന്നും ആർക്കും അറിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |