അധികം കേട്ടുകേൾവിയില്ലാത്ത ഒരു വാക്കാണ് ഡെമിസെക്ഷ്വാലിറ്റി. യു കെ ഗായികയും ടിവി താരവുമായ തുലിസ കോണ്ടോസ്റ്റാവ്‌ലോസിന്റെ വെളിപ്പെടുത്തലോടെയാണ് ഈ വാക്ക് സോഷ്യൽ മീഡിയയിൽ ചർച്ചയായത്. റിയാലിറ്റി ഷോയ്ക്കിടെയായിരുന്നു ഗായികയുടെ വെളിപ്പെടുത്തൽ.
താൻ ഡേറ്റിംഗ് ആപ്പുകൾ ഒഴിവാക്കുകയാണെന്നായിരുന്നു 37 കാരിയായ ഗായികയുടെ വെളിപ്പെടുത്തൽ. തനിക്ക് ഡേറ്റിംഗ് ആപ്പായ റായയിൽ ഒരു പ്രൊഫൈൽ ഉണ്ടെന്ന് അവർ വെളിപ്പെടുത്തി. എന്നാൽ ആരെങ്കിലുമായി ഡേറ്റിംഗ് നടത്തുകയോ അല്ലെങ്കിൽ അതിലുള്ള ആരെങ്കിലുമായി കിടക്ക പങ്കിടുകയോ ചെയ്യുന്നത് വളരെ ബുദ്ധിമുട്ടായി തോന്നുന്നുവെന്നും അവർ പറഞ്ഞിരുന്നു.
'ഡേറ്റിംഗ് ആപ്പിലുണ്ടായിരുന്നെങ്കിലും ഞാൻ ഒരിക്കലും ആരുമായും യഥാർത്ഥ ഡേറ്റിംഗിന് പോയിട്ടില്ല.'- എന്നും അവർ പറഞ്ഞിരുന്നു. മൂന്ന് വർഷത്തിലേറെയായി ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടെന്നും ഗായിക വെളിപ്പെടുത്തി.
'ഞാൻ ഡെമിസെക്ഷ്വൽ ആണെന്ന് എനിക്ക് തോന്നുന്നു. ഒരാളുമായി വളരെ അടുത്ത വൈകാരിക ബന്ധം വേണം. ഞാൻ അമിത ലൈംഗിക ആസക്തിയുള്ളയാളല്ല.'- എന്നും തുലിസ വ്യക്തമാക്കി. വാക്കുകൾ വൈറലായതോടെ എന്താണ് ഈ ഡെമിസെക്ഷ്വൽ എന്ന സംശയം ആരാധകരിൽ ഉടലെടുക്കുകയും ചെയ്തു.
എന്താണ് ഡെമിസെക്ഷ്വാലിറ്റി
എസെക്ഷ്വാലിറ്റി(asexuality) എന്നത് മിക്കവർക്കും അറിയാവുന്ന കാര്യമാണ്. മറ്റുള്ളവരോട് ലൈംഗിക ആകർഷണം തീരെയില്ലാത്ത ഒരാളെയാണ് ഇങ്ങനെ പറയുന്നത്. എസെക്ഷ്വൽ സ്‌പെക്‌ട്രത്തിൽ ഉൾപ്പെടുന്നതാണ് ഡെമിസെക്ഷ്വാലിറ്റിയെന്ന് പറയാം.
എന്നാൽ ഇവിടെ ലൈംഗിക ആകർഷണം ഒട്ടുമില്ലെന്ന് പറയാൻ പറ്റില്ല. ഒറ്റനോട്ടത്തിലൊന്നും ലൈംഗിക ആകർഷണം തോന്നില്ല. വളരെയേറെ ആത്മബന്ധം ഉണ്ടായതിന് ശേഷം ചിലപ്പോൾ ലൈംഗിക അകർഷണം തോന്നാം. ഇതിനെയാണ് ഡെമിസെക്ഷ്വാലിറ്റി എന്നുപറയുന്നത്.
2006ൽ എസെക്ഷ്വൽ വിസിബിലിറ്റി ആൻഡ് എജ്യുക്കേഷൻ നെറ്റ്‌വർക്കിന്റെ (AVEN) ഭാഗമായി നടന്ന ഓൺലൈൻ ചർച്ചയിലാണ് 'ഡെമിസെക്ഷ്വൽ' എന്ന പദം ആദ്യമായി ഉപയോഗിച്ചത്. എസെക്ഷ്വാലിറ്റിയ്ക്കും സാധാരണ രീതിയിലുള്ള ലൈംഗിക ആകർഷണത്തിനും ഇടയിലുള്ള വൈകാരികമായ അവസ്ഥയെ വിവരിക്കാനായിരുന്നു ഈ പദം ഉപയോഗിച്ചത്.
ലൈംഗിക ആകർഷണം ഉണ്ടാകാൻ സമയമെടുക്കുന്നുണ്ടെങ്കിലും അവർ സെക്സിന് എതിരാണെന്ന് അർത്ഥമില്ലെന്ന് റിലേഷൻഷിപ്പ് ആൻഡ് ഡേറ്റിംഗ് കോച്ച് കേറ്റ് മാൻസ്ഫീൽഡ് മെട്രോയോട് വിശദീകരിച്ചു.
'ആരെങ്കിലുമായി സ്‌നേഹബന്ധത്തിൽപ്പെടുമ്പോൾ ഡെമിസെക്ഷ്വൽ ആളുകൾ ആലിംഗനം ചെയ്യാനും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും ഇഷ്ടപ്പെടുന്നു. അതിനാൽത്തന്നെ അവർ സെക്സിന് എതിരാണെന്ന് ഒരിക്കലും പറയാനാകില്ല. '- കേറ്റ് മാൻസ്ഫീൽഡ് പറഞ്ഞു. ശക്തവും ആരോഗ്യകരവുമായ ബന്ധങ്ങൾക്ക് ഡെമിസെക്ഷ്വാലിറ്റി ഒരു അടിത്തറയായിരിക്കുമെന്ന് അവർ ഊന്നിപ്പറഞ്ഞു.
ഡെമിസെക്ഷ്വലുകൾക്കിടയിൽ ഒരു വൈകാരിക ബന്ധം രൂപപ്പെടുത്തുന്നതിന് ആവശ്യമായ സമയം ഒരുപോലെയല്ല. അതായത് ഒരാളിൽ നിന്ന് മറ്റൊരാൾ തികച്ചും വ്യത്യസ്തമാണ്. ചിലരിൽ ഒരു ബന്ധം വളരെ വേഗത്തിൽ വളർന്നേക്കും. ഒന്നോ രണ്ടോ മാസത്തിനുള്ളിൽ തന്നെ അഗാധമായ പ്രണയം ഉണ്ടായേക്കാം. എന്നാൽ മറ്റുചിലർക്ക് വൈകാരിക ബന്ധം ഉരുത്തിരിയാൻ വർഷങ്ങൾ തന്നെ വേണ്ടിവന്നേക്കാം.
ലോകത്ത് എത്ര പേർ ഡെമിസെക്ഷ്വൽ ആണെന്ന് പറയുക എളുപ്പമുള്ള കാര്യമല്ല. ഡെമിസെക്ഷ്വൽ എന്ന് കേട്ടുകേൾവി പോലും ഇല്ലാത്തവർ ഏറെയാണ്. എന്നിരുന്നാലും യുകെ ജനസംഖ്യയുടെ 0.06 ശതമാനം മാത്രമാണ് എസെക്ഷ്വൽ എന്നാണ് 2021 ലെ ബ്രിട്ടീഷ് സെൻസസ് കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |