ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സതാംപ്ടണെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കി ലിവർപൂൾ വിജയക്കുതിപ്പ് തുടരുന്നു. പെനാൽറ്റിയിൽ നിന്നുൾപ്പെടെ രണ്ട് ഗോളുകൾ നേടിയ മുഹമ്മദ് സലയാണ് ലിവറിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. ഡൊമിനിക്ക് ഷോബ്സ്ലായിയാണ് 30-ാം മിനിട്ടിൽ ലിവറിന്റെ ആദ്യ ഗോൾ നേടിയത്. എന്നാൽ 42-ാം മിനിട്ടിൽ ആഡംസ്ട്രോംഗിലൂടെ സമനില നേടിയ സതാംപ്ടൺ 56-ാം മിനിട്ടിൽ മതേയസ് ഫെർണാണ്ടസിലൂടെ 2-1ന് മുന്നിലെത്തി. തുടർന്നായിരുന്നു 65,83 (പെനാൽറ്റി) മിനിട്ടുകളിൽ നേടിയ ഗോളുകളിലൂടെ സല ലിറിന്റെ വിജയമുറപ്പിച്ചത്. 12 മത്സരങ്ങളിൽ നിന്ന് 31 പോയിന്റുള്ള ലിവർ രണ്ടാം സ്ഥാനത്തുള്ള നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെക്കാൾ ഏറെ മുന്നിലാണ്. കഴിഞ്ഞ മത്സരത്തിൽ ടോട്ടൻ ഹാം ഹോട്ട്സ്പറിനോട് മറുപടിയില്ലാത്ത 4 ഗോളുകൾക്ക് തോറ്റ സിറ്റിയ്ക്ക് 23 പോയിന്റാണുള്ളത്. സതാംപ്ടൺ ഏറ്റവും അവസാന സ്ഥാനത്താണ്. അതേസമയം മറ്റൊരു മത്സരത്തിൽ തരം താഴ്ത്തൽ ഭീഷണി നേരിടുന്ന ഇപ്സിച്ച് ടൗൺ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 1-1ന് സമനിലയിൽ തളച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |