കൊച്ചി: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. നിലവിൽ നടക്കുന്ന പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ല. സി പി എം നേതാവ് പ്രതിയായ കേസിൽ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് കരുതുന്നില്ല. ഈ സാഹചര്യത്തിൽ സി ബി ഐ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. നവീൻ ബാബുവിന്റെ ഭാര്യയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
പൊലീസ് അന്വേഷണത്തിൽ കുടുംബത്തിന് തൃപ്തിയില്ല. സംസ്ഥാന പൊലീസ് അന്വേഷിച്ചാൽ പലതും പുറത്തേക്ക് വരില്ല. സംഭവവുമായി ബന്ധപ്പെട്ട് പല കഥകളും പലരും പുറത്തുവിടുന്നുണ്ട്. സി പി എം നേതാവാണ് കേസിലെ പ്രതി.
ഭരണതലത്തിലടക്കം അവർക്ക് വലിയ സ്വാധീനമുണ്ട്. ഇത് കേസന്വേഷണത്തെ ബാധിച്ചേക്കാം. ഇക്കാര്യത്തിൽ നീതിപൂർവമായ അന്വേഷണമാണ് വേണ്ടത്. ഇപ്പോഴത്തെ സാഹചര്യത്തിൽ അത് സംസ്ഥാന പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് കരുതുന്നില്ല. നീതി ലഭിക്കാൻ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണം. കുറ്റക്കാർക്കെതിരെ കൃത്യമായ അന്വേഷണം വേണം എന്നാണ് ഹർജിയിൽ പറയുന്നത്. ഇന്ന് ഉച്ചയോടെ നവീൻ ബാബുവിന്റെ കുടുംബം ഹർജി സമർപ്പിച്ചത്. ഹൈക്കോടതി നാളെയോ മറ്റന്നാളോ ഹർജി പരിഗണിച്ചേക്കും.
സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണം
കണ്ണൂർ ജില്ലാ കളക്ടറുടെയും പമ്പുടമ പ്രശാന്തിന്റെയും ഫോൺ കോൾ റെക്കോർഡുകളും കളക്‌ട്രേറ്റിലെയടക്കം സിസിടിവി ദൃശ്യങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം നേരത്തെ തലശ്ശേരി കോടതിയിൽ ഹർജി നൽകിയിരുന്നു. കേസ് ഏതെങ്കിലും ഘട്ടത്തിൽ വേറെ ഏജൻസികൾ അന്വേഷിക്കേണ്ടിവന്നാൽ തെളിവുകൾ നഷ്ടപ്പെട്ടുപോകുമെന്നും ഈ ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |