മലപ്പുറം: ഗോട്ടികളിക്കും അഖില കേരള മത്സരം. മലപ്പുറം ചെറുമുക്കിൽ വരുന്ന ശനിയാഴ്ചയാണ് അഖില കേരള ഫെഡ്‌ലൈറ്റ് ഗോട്ടികളി മത്സരം സംഘടിപ്പിക്കുന്നത്. ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മയും യൂത്ത് ഡിഫൻസ് ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന മത്സരത്തിന് ചെറുമുക്ക് ആമ്പൽ പാടത്തിന് സമീപമാണ് വേദിയൊരുങ്ങുന്നത്. ശനിയാഴ്ച്ച വൈകുന്നേരം അഞ്ചു മണിക്ക് തുടങ്ങുന്ന മത്സരം രാത്രി പതിനൊന്ന് മണിവരെ തുടരും.
ഗോട്ടികളിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മത്സരം നടത്തുന്നത്. നേരത്തേ ചൂണ്ടയിടൽ മത്സരം പോലുള്ളവ ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മയുടെ ഭാഗമായി നടത്തിയിരുന്നു. വൻ ജനപങ്കാളിത്തമാണ് ഇതിനെല്ലാം ലഭിച്ചത്. മറ്റുജില്ലകളിൽ നിന്നുപോലും മത്സരങ്ങൾ കാണാനും പങ്കെടുക്കാനുമായി നിരവധിപേർ എത്തിയിരുന്നു.
നിയമാവലി ഇങ്ങനെ
ഒരു ടീമിൽ മൂന്നു പേർ ഉണ്ടാവണം. രണ്ട് ടീമുകളായാണ് മത്സരിക്കുക. രണ്ട് കുഴികൾ തമ്മിലുള്ള അകലം പത്ത് സെന്റ്റീമീറ്റർ ആയിരിക്കും. ത്രികോണ രൂപത്തിലുള്ള പത്ത് കുഴികളാണ് ഉണ്ടായിരിക്കുക. പത്ത് മുതൽ നൂറു വരെ പോയിന്റുള്ളവയാണ് കുഴികൾ . ഒരു ടീം വിജയിക്കണമെങ്കിൽ
1000 പോയിന്റ് വേണം .പ്രീ ക്വാർട്ടർ .ക്വാട്ടർ, സെമി ഫൈനൽ. ഫൈനൽ എന്നി ക്രമത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ഫോൺ നമ്പർ : 9645494528.+919544169629.
കുറച്ചുകാലം മുമ്പുവരെ കുട്ടികളുടെയും കൗമാരക്കാരുടെയും ഹരമായിരുന്നു ഗോട്ടികളി. പക്ഷേ, മൊബൈൽഫോണിന്റെയും സോഷ്യൽ മീഡിയയുടെയും കടന്നുവരവോടെ ഗോട്ടികളി പതിയെ അപ്രത്യക്ഷമായി. യുവതലമുറയെ മൊബൈൽ ഫോണിന്റെയും സോഷ്യൽ മീഡിയയുടെയും പിടിയിൽ നിന്ന് രക്ഷപ്പെടുത്തുക എന്ന ലക്ഷ്യവും ഉണ്ടെന്നാണ് സംഘാടകൾ പറയുന്നത്.
ഗോട്ടികളി മത്സരത്തെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നതോടെ നാട്ടിലെ പഴയ ഗോട്ടികളി വീരന്മാരെല്ലാം പരിശീലനം തുടങ്ങിയിട്ടുണ്ട്. ഇവരുടെ അടുത്തുനിന്ന് കളി പഠിക്കാനും പരിശീലനം നേടാനും യുവാക്കളും എത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |