കൊച്ചി: നൈറ്റ് ലൈഫും കൊച്ചിയുടെ നിശാസൗന്ദര്യവും ആനവണ്ടിപ്പുറമേറി ആസ്വദിക്കാം. കൊച്ചിയിൽ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായുള്ള ഓപ്പൺ ഡബിൽഡക്കർ ബസ് എത്തി. ഒരാഴ്ചയ്ക്കുള്ളിൽ സർവീസ് ആരംഭിക്കും. തലശേരിയിൽ ഓടിയിരുന്ന ബസ് നഷ്ടത്തിലോടിയതിനാൽ കൊച്ചിക്ക് കൈമാറുകയായിരുന്നു. തിരുവനന്തപുരത്ത് മാത്രമാണ് ഇത്തരം ബസ് സർവീസ് നടത്തുന്നത്.
ബസിന്റെ സ്റ്റിക്കറുകൾ, സീറ്റ് കവർ, മാറ്റ് എന്നിവ മാറ്റുകയാണ്. കണ്ണൂരിന്റെ പൗരാണികത പറയുന്ന സ്റ്റിക്കറുകൾക്ക് പകരം കൊച്ചിയുടെ സ്റ്റിക്കറുകൾ ഒട്ടിക്കും. ബസ് ഇപ്പോൾ കാരിക്കാമുറിയിലെ ഗ്യാരേജിലുണ്ട്. ബസിന്റെ പൂർണമായും തുറന്ന മുകൾഭാഗത്ത് 40 പേർക്ക് ഇരിക്കാം. താഴെ 30 പേർക്കും. ടിക്കറ്റ് നിരക്ക് തീരുമാനിച്ചിട്ടില്ല. ബസ് റൂട്ട് ഉടനെ .... ഫോർട്ടുകൊച്ചിയിലേക്കായിരുന്നു ബസിന്റെ പരീക്ഷണഓട്ടം. ഇവിടെ മരച്ചില്ലകളും കേബിളുകളും ധാരാളമുള്ളതിനാൽ പരീക്ഷണം വിജയിച്ചില്ല.
കണ്ടെയ്നർ റോഡുവഴി വൈറ്റില, കുണ്ടന്നൂർവഴി തോപ്പുംപടിയിലെത്തി തിരികെ സ്റ്റാൻഡിലേക്ക് എന്ന തരത്തിലാണ് സർവീസ് ലക്ഷ്യമിടുന്നത്. വൈകിട്ട് അഞ്ചിന് ആരംഭിച്ച് രാത്രി എട്ടിന് തിരികെഎത്തും. നിലവിൽ ഒരു സർവീസ് മാത്രമേ പരിഗണനയിലുള്ളു. ആളുകൾ കൂടിയാൽ രാത്രി 9.30 മുതൽ 12.30 വരെയുള്ള മറ്റൊരു സർവീസും പരിഗണിക്കും. ഒന്നിച്ച് ബസ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ടാവും. ഓൺലൈൻ വഴിയാകും ബുക്കിംഗ്. ഡബിൾഡക്കർ ബസിന് ഡിമാൻഡ് കുറഞ്ഞാൽ മറ്റ് ഡിപ്പോകളിലേക്ക് ബസ് കൈമാറും. ഇതുണ്ടാവാതിരിക്കാൻ പരമാവധി ശ്രമങ്ങൾ അധികൃതർ നടത്തുന്നുണ്ട്. കോഴിക്കോട്, മൂന്നാർ തുടങ്ങിയ സ്ഥലങ്ങളിൽ ബസ് വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. അതിനാൽ വരുമാനം കുറഞ്ഞാൽ ബസ് ഈ സ്ഥലങ്ങളിലേക്ക് കൈമാറും. ഡബിൾ ഡക്കർ ബസ് കൊച്ചിക്ക് മുതൽക്കൂട്ടാകും. ഒരാഴ്ചയ്ക്കുള്ളിൽ സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമെന്ന് എറണാകുളം ഡി.ടി.ഒ ടോണി കോശി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |