ലണ്ടൻ: ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവും പത്നി കാമില്ലയും അടുത്ത വർഷം ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തിയേക്കുമെന്ന് റിപ്പോർട്ട്. അധികാരമേറ്റ ശേഷം ഇന്ത്യയിലേക്കുള്ള ചാൾസിന്റെ ആദ്യ ഔദ്യോഗിക സന്ദർശനമാകും ഇത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുവരെയും സ്വീകരിക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു.
ഇത് പരിഗണിച്ച് ബ്രിട്ടീഷ് വിദേശകാര്യ ഉദ്യോഗസ്ഥർ ചർച്ച തുടങ്ങിയെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങൾ സന്ദർശിക്കാനും ചാൾസിന് താത്പര്യമുണ്ട്. ചാൾസും കാമില്ലയും ഒക്ടോബറിൽ ബംഗളൂരുവിൽ സുഖ ചികിത്സയ്ക്കായി എത്തിയിരുന്നു. സ്വകാര്യ സന്ദർശനമായിരുന്നതിനാൽ മാദ്ധ്യമങ്ങളെ വിവരമറിയിച്ചില്ല. പൊതുപരിപാടികളുമുണ്ടായില്ല.
എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്റെയും മൂത്ത മകനാണ് ചാൾസ്. 2022 സെപ്തംബറിൽ എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്നാണ് ചാൾസ് രാജസിംഹാസനത്തിന്റെ ഉടമയായത്. സെപ്തംബർ 10ന് ലണ്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തിൽ വച്ച് ചാൾസ് ഔദ്യോഗികമായി അധികാരമേറ്റിരുന്നു. 2023 മേയ് 6ന് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ ചാൾസും പത്നി കാമില്ലയും ബ്രിട്ടന്റെ രാജാവും രാജ്ഞിയുമായി കിരീടധാരണം ചെയ്യപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരിയിൽ ചാൾസിന് ക്യാൻസർ സ്ഥിരീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |