ഇന്ത്യയുടെ കറുത്ത ദിനമായി ചരിത്രത്തിൽ രേഖപ്പെടുത്തുന്ന തീയതിയാണ് 2008 നവംബർ 26. മുംബയിലെ വിവിധയിടങ്ങളിൽ ഭീകരന്മാർ നുഴഞ്ഞുകയറി നടത്തിയ ആക്രമണങ്ങളിൽ 166 പേർക്കാണ് ജീവൻ നഷ്ടമായത്. 300ൽ അധികം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അവരിലൊരാളാണ് ദേവിക റൊട്ടാവാൻ.
26/11 മുംബയ് ഭീകരാക്രമണത്തെ അതിജീവിച്ച ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയാണ് ദേവിക. തീവ്രവാദികൾ ചുറ്റുമുള്ളവരെ കൊന്നൊടുക്കുന്നതിന് സാക്ഷിയാകുമ്പോൾ വെറും ഒൻപത് വയസ് മാത്രമായിരുന്നു ദേവികയ്ക്ക് പ്രായം. കാലിന് വെടിയേറ്റ ദേവിക അതിജീവിത മാത്രമല്ല, അജ്‌മൽ കസബ് എന്ന കൊടും ഭീകരനെതിരെ കോടതിയിൽ മൊഴി നൽകിയ ദൃക്‌സാക്ഷി കൂടിയാണ്. ഇന്ന് തന്റെ 25ാം വയസിൽ മുംബയ് ഭീകരാക്രമണത്തിന്റെ 16 വാർഷികത്തിലും അന്ന് കൺമുന്നിൽ നടന്ന ഓരോ കാഴ്‌ചകളും ദേവികയുടെ മുന്നിൽ വളരെ വ്യക്തമായുണ്ട്.
2008ലെ ആ കറുത്ത രാത്രിയിൽ ഛത്രപധി ശിവാജി ടെർമിനസിൽ വച്ച് ദേവികയുടെ കാലിലേയ്ക്ക് കസബ് നിറയൊഴിക്കുകയായിരുന്നു. കാലിലേറ്റ ഗുരുതര പരിക്കിലും ദേവിക കോടതിയിലെത്തി കസബിനെ തിരിച്ചറിഞ്ഞു. ഇതിനുശേഷം 'കസബിനെ തിരിച്ചറിഞ്ഞ പെൺകുട്ടി' എന്ന വിളിപ്പേര് ദേവികയ്ക്ക് ചാർത്തപ്പെട്ടു.
കസബിനെ തിരിച്ചറിയുന്ന നടപടിക്രമത്തിന് ദേവിക തയ്യാറാണോയെന്ന് മുംബയ് ക്രൈം ബ്രാഞ്ച് കുടുംബത്തോട് ആരാഞ്ഞപ്പോൾ തികച്ചും തയ്യാറാണെന്നായിരുന്നു ദേവികയുടെ മറുപടി. 'ഞാനും എന്റെ പിതാവും ഭീകരരെ കണ്ടിരുന്നു. അനേകം ആളുകളെ വേദനിപ്പിച്ച കസബിനെ എനിക്ക് തിരിച്ചറിയാൻ സാധിക്കുമായിരുന്നു. എനിക്ക് അവരെ കൊല്ലാൻ തോന്നി. എന്നാൽ എനിക്കന്ന് ഒൻപത് വയസ് മാത്രമായിരുന്നു പ്രായം. അവനെ കോടതിയിൽ തിരിച്ചറിയുകയല്ലാതെ വേറൊന്നും എനിക്ക് ചെയ്യാൻ സാധിക്കുമായിരുന്നില്ല'- ദേവിക പറയുന്നു.
ദേവിക ഉൾപ്പെടെയുള്ളവർ തിരിച്ചറിഞ്ഞതോടെ ഭീകരാക്രമണത്തിൽ ജീവനോടെ പിടികൂടിയ ഏക തീവ്രവാദിയായ കസബിന് 2010 മേയിൽ തൂക്കുകയർ വിധിച്ചു. രണ്ടുവർഷത്തിനുശേഷം പൂനെയിലെ ജയിലിൽ തൂക്കിലേറ്റി.
ദേവിക ഇപ്പോൾ ഡിഗ്രി ബിരുദധാരിയാണ്. കാലിനെ വെടിയേറ്റതിന്റെ പാട് ഇടയ്ക്കിടെ ദേവികയുടെ ഉള്ളുലയ്ക്കാറുണ്ട്. ഭാവിയിൽ ഒരു ഐപിഎസ് ഉദ്യോഗസ്ഥയായി തീവ്രവാദം അവസാനിപ്പിക്കുകയെന്നാണ് ദേവികയുടെ സ്വപ്നം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |