തൃശൂർ: ഓർഡർ ചെയ്യുന്ന ഭക്ഷണം വീടുകളിലെത്തിക്കുന്ന സ്വിഗ്ഗി തൊഴിലാളികൾ ഇന്ന് മുതൽ സമരത്തിലേക്ക്. പെട്രോൾ ഇൻസെന്റീവ് നൽകുക, കിലോമീറ്ററിന് പത്ത് രൂപ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് തൃശൂരിലെ 350ഓളം വരുന്ന തൊഴിലാളികൾ ഇന്ന് മുതൽ ഭക്ഷണത്തിന്റെ ഓർഡർ സ്വീകരിക്കാതെ സമരം ചെയ്യാൻ തീരുമാനിച്ചതെന്ന് എൻ.നന്ദിത, സി.സുജിത് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. വെയിലേറ്റും മരണപ്പാച്ചിൽ നടത്തിയും സമയത്തിന് ഭക്ഷണം ഓർഡർ ചെയ്യുന്നവർക്കെത്തിക്കാൻ രാവിലെ അഞ്ച് മുതൽ രാത്രി വരെ പണിയെടുക്കുന്ന തങ്ങൾക്ക് മുമ്പ് തന്നിരുന്ന ആനുകൂല്യങ്ങളൊക്കെ പിൻവലിച്ചു. 12 മണിക്കൂറും പണിയെടുത്താൽ 400 മുതൽ 500 രൂപ വരെയേ ലഭിക്കൂ. പെട്രോളിന് 65 രൂപയുണ്ടായിരുന്ന കാലത്തെ കണക്കു വച്ചാണ് ഇപ്പോഴും പ്രതിഫലം നിശ്ചയിക്കുന്നത്. സുഖമില്ലാതെയോ ഇരുചക്രവാഹനം കേടുവന്നത് മൂലമോ മൂന്ന് ദിവസത്തിൽ കൂടുതൽ ലീവെടുത്താൽ ഇൻസെന്റീവ് തരാതെ പിടിച്ചു വയ്ക്കും. കുടുംബം പുലർത്താൻ വെയിലും മഴയും നോക്കാതെ പണിയെടുക്കുന്ന തങ്ങളുടെ ആവശ്യങ്ങൾ നേടുന്നതുവരെ സമരം നടത്താനാണ് തീരുമാനം. പത്രസമ്മേളനത്തിൽ ആന്റണി ഐനിക്കൽ, എം.ടി.ദാവൂദ്, ടി.അഭിലാഷ് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |