SignIn
Kerala Kaumudi Online
Sunday, 08 December 2024 5.01 PM IST

നിയമത്തിന് ജനകീയ ഭാഷ്യം ഭൂരേഖകൾ സുതാര്യം

Increase Font Size Decrease Font Size Print Page
k-rajan

ജനങ്ങളുടെ നിത്യേനയുള്ള ബഹുവിധ ആവശ്യങ്ങൾക്ക് സമീപിക്കേണ്ടത് റവന്യു ഓഫീസുകളെയാണ്. അതു കൊണ്ടുതന്നെ, ഒരു സർക്കാരിനെ ജനഹൃദയങ്ങളിൽ മുദ്രപ്പെടുത്തേണ്ട പല വകുപ്പുകളിൽ സുപ്രധാനവുമാണ്. കഴിഞ്ഞ മൂന്നര വർഷം റവന്യു വകുപ്പിന് ഊർജ്ജസ്വലമായ നേതൃത്വം നൽകി വ്യക്തമായ ദിശാബോധത്തോടെ നയിക്കുന്ന മന്ത്രിയാണ് കെ.രാജൻ. അപ്രായോഗികം എന്ന മുൻവിധിയോടെ കണ്ടിരുന്ന, നൂലാമാലകൾ നിറഞ്ഞ പല പ്രവൃത്തികളുടെയും കുരുക്കഴിച്ച്, സേവനങ്ങൾ ജനങ്ങളുടെ കൈകളിലേക്ക് എത്തിക്കാൻ ജാഗരൂകനായി കർത്തവ്യനിർഹഹണം നടത്തുന്ന കെ. രാജൻ 'കേരളകൗമുദി"യോട് സംസാരിക്കുന്നു.

? റവന്യു വകുപ്പിന്റെ കഴിഞ്ഞ മൂന്നു വർഷത്തെ പ്രവർത്തനങ്ങൾ എങ്ങനെ വിലയിരുത്തുന്നു.

 ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം ഉയർത്തിപ്പിടിച്ച പ്രധാന തലവാചകം 'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് " എന്നതായിരുന്നു. അതേ നിലവാരത്തിൽ മുന്നോട്ടു കൊണ്ടുപോകാൻ സാദ്ധ്യമാകുന്നുമുണ്ട്. എല്ലാവർക്കും ഭൂമി എന്നത് പട്ടയവുമായി ബന്ധപ്പെട്ട കാര്യമാണ്. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ 1,80,877 പട്ടയങ്ങൾ വിതരണം ചെയ്യാൻകഴിഞ്ഞു. സമീപ ഭൂതകാലത്തിൽ ഒരു സർക്കാർ കൊടുത്ത ഏറ്റവും അധികം പട്ടയങ്ങളാണ് ഇത്. ചിട്ടയായ പ്രവർത്തനങ്ങളിലൂടെയാണ് ഇതു സാദ്ധ്യമായത്. അതിന്റെ പ്രധാന ഭാഗമാണ് ബഡ്ജറ്റിലൂടെ പ്ളാനിംഗ് ബോർഡ് അംഗീകരിച്ച പട്ടയ മിഷൻ.

പട്ടയ മിഷന്റെ ഭാഗമായി എല്ലാ അസംബ്ളി മണ്ഡലങ്ങളിലും എം.എൽ.എമാരുടെ നേതൃത്വത്തിൽ പഞ്ചായത്ത് മെമ്പർമാരുൾപ്പെടെയുള്ള ജനപ്രതിനിധികൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താനാവും വിധമുള്ള റവന്യു അംസബ്ളികൾ സംഘടിപ്പിച്ചു. ജില്ലാ, വില്ലേജ്തല ജനകീയ സമിതികളിലും എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും അഭിപ്രായം രേഖപ്പെടുത്താൻ അവസരം നൽകി. ഇങ്ങനെ ലഭ്യമായ അപേക്ഷകളും വിഷയങ്ങളും പ്രത്യേക പട്ടയ മിഷൻ രൂപത്തിലാക്കി, താലൂക്കിലും ജില്ലയിലുമുള്ള ദൗത്യസംഘങ്ങൾക്ക് അവിടെ തീർക്കാൻ കഴിയാത്ത പ്രശ്നങ്ങൾ പട്ടയ ഡാഷ്ബോർഡ് തയ്യാറാക്കി അതിലുൾപ്പെടുത്തി. വിവിധ വകുപ്പുകളുടെ കൈവശമുള്ള ഭൂമിപോലും അതതു വകുപ്പുകളിൽ നിന്ന് ലഭ്യമാക്കാനുള്ള സംവിധാനം തയ്യാറാക്കി.

നിയമം ജനങ്ങൾക്ക് അനുകൂലമായി വായിക്കുക എന്നതാണ് ഗവൺമെന്റിന്റെ ഇപ്പോഴത്തെ വിഷയം. എല്ലാ വിഭാഗം ജനങ്ങളെയും ഉൾപ്പെടുത്താൻ കഴിയും വിധം പട്ടയ വിഷയം മുന്നോട്ടു കൊണ്ടുപോവുകയാണ്.

വനഭൂമി പട്ടയം കേന്ദ്രഗവൺമെന്റ് നൽകേണ്ടതാണ്. അക്കാര്യത്തിലും 30 വർഷത്തിനു ശേഷം പുതിയ ജെ.വി.ആറും അപേക്ഷയും എന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടു. അതിന്റെ ഭാഗമായി,​ വനഭൂമിയിൽ താമസിക്കുന്നവരിൽ ഇനിയും പട്ടയം കിട്ടാത്തവരുടെ വിവരശേഖരണം നടത്തി, അത് പ്രോസസ് ചെയ്തുവരികയാണ്. ഈ പ്രക്രിയ കഴിഞ്ഞാൽ വനംവകുപ്പുമായി സംയുക്തപരിശോധന നടത്തി കേന്ദ്ര ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തും. അതുവഴി പരിവേഷ് പോർട്ടലിൽ ഉൾപ്പെടുത്തി പട്ടയം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.

സംയുക്ത പരിശോധനയിൽ വനം വകുപ്പിന്റേതല്ലെന്നു കണ്ടെത്തുന്ന ഭൂമിക്ക് പ്രത്യേക അപേക്ഷ നൽകി പട്ടയം ലഭ്യമാക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിക്ഷിപ്തമായ ഒരുപാട് ഭൂമിയുണ്ട്. തനതു ഭൂമിയുണ്ട്. ഈ ഭൂമികളിൽ ഏറെക്കാലമായി പട്ടയം കൊടുക്കാൻ കഴിയാതിരിക്കുകയാണ്. ഉദാഹരണത്തിന്,​ കന്നുകാലി മേച്ചിൽ ചാൽ, വെളിപ്രദേശം, കളിക്കളം തുടങ്ങിയവ. അത്തരം സ്ഥലങ്ങൾ റവന്യു വകുപ്പിലേക്ക് പുനർനിക്ഷിപ്തമാക്കിയെങ്കിലേ റവന്യു വകുപ്പിന് പട്ടയം നൽകാനാവൂ. ഇതുവരെ അതിനുള്ള ചുമതല തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടേറിയറ്റിലായിരുന്നു. ഇപ്പോൾ അതു മാറ്റി,​ ജില്ലാ കളക്ടർമാർക്ക് ചുമതല നൽകി.

ഇതിന്റെ ഫലമായി,​ സംസ്ഥാന തലത്തിൽ പോകാതെ തന്നെ ജില്ലാ കളക്ടർക്ക് തീരുമാനമെടുക്കാനാവും. 1902 കോളനികളിൽ പഞ്ചായത്ത് വാങ്ങിയ സ്ഥലം അന്ന് ബന്ധപ്പെട്ടവർക്കു കൊടുക്കാതെ പഞ്ചായത്ത് കൈവശം വച്ചു. ആ ഭൂമിക്ക് പട്ടയം കൊടുക്കണമെങ്കിൽ വീണ്ടും റവന്യു വകുപ്പിലേക്ക് പുനർനിക്ഷിപ്തമാക്കണം. അതിനുവേണ്ടി ചട്ടഭേദഗതി വരുത്താൻ പഞ്ചായത്ത് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇങ്ങനെ മറ്റു വകുപ്പുകളുടെ കൈവശമുള്ള ഭൂമി കൂടി ഏറ്റെടുത്ത് പട്ടയം നൽകാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഇതിനായി പ്രത്യേക എസ്.ഒ.പി ഇറക്കി. വനം, പട്ടികജാതി /പട്ടികവർഗ വിഭാഗങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പട്ടയങ്ങൾക്ക് ഒരു പ്രത്യേക സംവിധാനം ഏർപ്പെടുത്താനായി എന്നതാണ് മറ്റൊരു പ്രധാന സംവിധാനം.

ഡിജിറ്റൽ

റീ സർവേ

? ഏറെ പ്രതീക്ഷയോടെ തുടങ്ങിയ ഡിജിറ്റൽ റീസർവെ എങ്ങനെ പോകുന്നു.

 ഡിജിറ്റൽ റീസർവെ ഇന്ത്യൻ ചരിത്രത്തിലെ പുതിയ അദ്ധ്യായമാണ്. ചില സ്ഥലങ്ങളിൽ ഇത് ആരംഭിച്ചിരുന്നെങ്കിലും ഇതിന് ഒരു മോഡൽ മറ്റെവിടെയും അവകാശപ്പെടാനാവില്ല. ചുരുങ്ങിയ സമയത്തിനുള്ളിൽ 217 വില്ലേജുകളിൽ സർവെ നടപടികൾ പൂർത്തിയാക്കി. 438 വില്ലേജുകളിൽ ഡിജിറ്റൽ റീസർവെ പുരോഗമിക്കുന്നു. 4700-ഓളം പുതിയ ജീവനക്കാരും അതിന് അനുസരണമായി ആധുനിക സംവിധാനങ്ങളും ഉൾപ്പെടുത്തിയാണ് ഈ പ്രവൃത്തി പുരോഗമിക്കുന്നത്. ഇതൊരു ജനകീയ റീസർവെയാണ്. എന്റെ ഭൂമി എന്ന പോർട്ടൽ വഴി എല്ലാവർക്കും അവരവരുടെ ഭൂമിയുടെ അതിർത്തി സംബന്ധമായ എല്ലാ കാര്യങ്ങളും അറിയാനാവും.

റവന്യു വകുപ്പിന്റെ പോർട്ടലായ 'പേൾ",​ രജിസ്ട്രേഷൻ വകുപ്പിന്റെ പോർട്ടലായ 'റെലിസ്",​ സർവെ വകുപ്പിന്റെ പോർട്ടലായ "ഇ മാപ്പ്" എന്നിവ ചേർത്ത് 'എന്റെ ഭൂമി" എന്ന പേരിൽ ഒരു ഇന്റഗ്രേറ്റഡ് പോർട്ടൽ നിലവിൽ വരികയാണ്. മൂന്ന് വകുപ്പുകളിൽ നിന്ന് ലഭ്യമാകേണ്ട 13 സേവനങ്ങൾ ഒറ്റ പോർട്ടലിൽ കിട്ടുകയാണ്. ഇന്ത്യയിലെ ആദ്യത്തെ സമഗ്ര സംവിധാനമാണ് ഇത്. ഉദാഹരണത്തിന്,​ ഒരു ഭൂമിയുടെ രജിസ്ട്രേഷൻ നടക്കുന്ന അവസരത്തിൽത്തന്നെ ഭൂമിയിന്മേൽ ഏതെങ്കിലും തരത്തിലുള്ള ബാദ്ധ്യതയുണ്ടോ, അപ്പോൾത്തന്നെ പോക്കുവരവ് നടത്താൻ സാധിക്കുന്ന ഭൂമിയാണോ, ലൊക്കേഷനും സ്കെച്ചും എങ്ങനെ, പോക്കുവരവ് നടത്താൻ തടസമാകുന്ന എന്തെങ്കിലും കടബാദ്ധ്യതയുണ്ടോ തുടങ്ങിയ വിവരങ്ങൾ അറിയാൻ പല ഓഫീസുകൾ കയറിയിറങ്ങേണ്ട സാഹചര്യമാണ് ഒഴിവാകുന്നത്. എല്ലാ റവന്യു ഓഫീസുകളും സ്മാർട്ടാവുകയാണ്.

പ്രോപ്പർട്ടി

കാർഡ്

? റവന്യു വകുപ്പിന്റെ അടുത്ത സംരംഭം എന്താണ്.

 വകുപ്പ് ഇപ്പോൾ ലക്ഷ്യം വയ്ക്കുന്നത് റവന്യു പ്രോപ്പർട്ടി കാർഡാണ്. വ്യക്തികളുടെ ഭൂമിയും അതിലുള്ള സ്ഥാപനങ്ങളും കെട്ടിടങ്ങളും ഉൾപ്പെടെയുള്ള വിവരങ്ങൾ ചിപ്പ് ഘടിപ്പിച്ച എ.ടി.എം കാർഡ് മാതൃകയിലുള്ള കാർഡിലൂടെ അറിയാൻ സാധിക്കുന്ന സംവിധാനത്തിലേക്ക് കടക്കാൻ പോവുകയാണ്. അതിന്റെ ഭാഗമായി സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ വരെയുള്ള എല്ലാ റവന്യു ഓഫീസുകളും ഇ- കേന്ദ്രങ്ങളായി മാറി. 14 ഇ- ജില്ലകളാണ്. വില്ലേജ് ഓഫീസുകളിൽ നിന്നു കിട്ടേണ്ട 24 സർട്ടിഫിക്കറ്റുകളിൽ ഇരുപത്തിമൂന്നും ഓൺലൈനായി അപേക്ഷ നൽകാനും വാങ്ങാനുമാവും. ഇപ്പോൾ പുതിയ 12 സൊല്യൂഷനുകൾ കൂടി വന്നു. 10 വിദേശ രാജ്യങ്ങളിലിരുന്ന് കരമൊടുക്കാനും വസ്തു തരംമാറ്റത്തിന് അപേക്ഷിക്കാനും അതിന്റെ ഫീസ് ഒടുക്കാനുമുള്ള കാര്യങ്ങൾ ഓൺലൈനായി ചെയ്യാം.

? റവന്യു വകുപ്പിന് തലവേദനയായി മാറിയ വസ്തു തരംമാറ്റത്തിന്റെ പുരോഗതി.

 ഭൂമി തരംമാറ്റം വളരെ ഗൗരവമുള്ള വിഷയമാണ്. ലക്ഷക്കണക്കിന് അപേക്ഷകളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. അതിനുള്ള നടപടികളിൽ നിർണായക മാറ്രമാണ് കൊണ്ടുവന്നത്. നേരത്തേ,​ നെൽവയൽ- തണ്ണീർത്തട നിയമപ്രകാരം 27 ആർ.ഡി.ഒമാർക്കാണ് ഇതിനുള്ള അധികാരമുണ്ടായിരുന്നത്. ഈ നിയമത്തിൽ ഭേദഗതി വരുത്തി. ആർ.ഡി.ഒ എന്നു പറഞ്ഞാൽ ഡെപ്യൂട്ടി കളക്ടറിൽ താഴെയല്ലാതെ,​ സർക്കാർ നിർദ്ദേശിക്കുന്ന ഒരു ഉദ്യോഗസ്ഥൻ ആകാം എന്ന് നിശ്ചയിച്ചു. അതോടെ,​ 72 കേന്ദ്രങ്ങളിൽ ഒരേ സമയം ഇതിനുള്ള നടപടികൾ നടത്താമെന്ന സ്ഥിതിയായി. അത്രയും വേഗത്തിൽ തരംമാറ്റൽ നടപടികൾ പുരോഗമിക്കുന്നു. 25 സെന്റ് വരെയുള്ള തരംമാറ്റത്തിന് അദാലത്തുകൾ നടന്നുവരുന്നു. തുടർച്ചയായി അദാലത്തുകൾ നടത്തി,​ കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ തീർപ്പാക്കൽ പരിഹരിക്കാനാണ് ശ്രമം.

(ബോക്സ്)​

അഴിമതിക്ക്

അറുതി വരും

? റവന്യു വകുപ്പ് ജീവനക്കാർ അഴിമതി കേസുകളിൽപ്പെടുന്നത് തുടർച്ചയാവുന്നല്ലോ.

 അഴിമതിയുടെ അളവു നോക്കുമ്പോൾ നേരത്തേ ഉണ്ടായിരുന്നതിൽ നിന്ന് വളരെ കുറവാണ് ഇപ്പോൾ. ഉള്ള സംഭവങ്ങൾ പർവതീകരിക്കപ്പെടുന്നതിനാൽ അതൊരു വലിയ സംഭവമായി മാറുന്നു. എന്നാലും അഴിമതി പൊട്ടുപോലുമില്ലാതാക്കുക എന്നതാണ് ലക്ഷ്യം. ഇപ്പോൾ ഇ- സംവിധാനത്തിലേക്ക് കടക്കുന്നത് അഴിമതി പൂർണമായും ഇല്ലാതാക്കാനാണ്. പെട്ടെന്ന് ഈ സംവിധാനത്തിന് സ്വീകാര്യത കിട്ടില്ലെന്ന പ്രശ്നമുള്ളതിനാൽ പൊതുജനങ്ങൾക്ക് പരാതി നല്കാൻ ഒരു പൊതു ഇടം റവന്യു വകുപ്പ് സംജാതമാക്കുകയാണ്.

വകുപ്പിന്റെ മൂന്ന് പ്രത്യേക വിജിലൻസ് കേന്ദ്രങ്ങൾ മുതൽ താഴോട്ടുള്ള പരിശോധനാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. അതിനു പുറമെ പൊതുജനത്തിന് സമീപിക്കാൻ കഴിയുന്ന ഒരു പൊതു പോർട്ടൽ റവന്യു വകുപ്പ് തുടങ്ങുകയാണ്. 'പരാതി" എന്ന പേരിലുള്ള ഓൺലൈൻ പോർട്ടലിലേക്ക് ആർക്കും,​ എവിടെ നിന്നും പരാതികൾ അയയ്ക്കാം. അതിന് മറുപടിയുണ്ടാവും. അതിനു പുറമെ ഒരു കോൾ സെന്റർ കൂടി തുടങ്ങും. വിളിക്കുന്ന ആളിന്റെ ഐഡന്റിറ്റി പുറത്തുവരാത്ത വിധമാവും ഇതിന്റെ സംവിധാനം. അതോടെ,​ അഴിമതിയുമായി ബന്ധപ്പെട്ട കുറെയധികം പ്രശ്നങ്ങൾക്ക് പരിഹാരമാവും.

ഇതിനൊക്കെ പുറമേ,​ റവന്യു ഉദ്യോഗസ്ഥർക്കിടയിൽ ഒരു സന്ദേശം പ്രചരിപ്പിക്കുകയാണ്- 'നിങ്ങൾ അഴിമതിക്കാരല്ലെന്നതിൽ പ്രത്യേകതയില്ല. നിങ്ങൾ അഴിമതിക്കാരല്ലെന്നു മാത്രമല്ല; നിങ്ങൾക്കു ചുറ്റും ആരെയും അഴിമതിക്കാരാകാൻ അനുവദിക്കുകയുമില്ല." ഈ സന്ദേശം താഴേത്തട്ടിലേക്ക് എത്തിക്കാൻ എല്ലാ സർവീസ് സംഘടനകളുമായും ആലോചിച്ചിട്ടുണ്ട്. ഈ സംവിധാനം കൂടി നടപ്പാവുന്നതോടെ അഴിമതി സംബന്ധമായ പരാതികൾ ഏറെക്കുറെ ഇല്ലാതാക്കാമെന്നാണ് വിശ്വാസം.

TAGS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.