റോഡപകടങ്ങളുടെ പ്രധാന കാരണങ്ങളിൽ അമിതവേഗതയ്ക്കും ഡ്രെെവർമാരുടെ ലഹരി ഉപയോഗത്തിനും ആദ്യ സ്ഥാനമുണ്ട്. രാത്രികാലങ്ങളിൽ മദ്യപിച്ച് വണ്ടിയോടിക്കുന്ന ഡ്രെെവർമാർ ഉറങ്ങിപ്പാേകുമ്പാേഴുളള അപകടങ്ങളും നിരവധിയാണ്. കഴിഞ്ഞ ദിവസം തൃശൂരിലെ നാട്ടികയിലുണ്ടായത് അസാധാരണവും മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതുമായ അപകടമാണ്. പണി നടക്കുന്ന ദേശീയപാതാ ബൈപ്പാസിനരികിൽ ഉറങ്ങിക്കിടന്ന നാടോടികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി കുട്ടികളുൾപ്പെടെ അഞ്ചുപേരാണ് തത്ക്ഷണം മരിച്ചത്. കണ്ണൂരിൽനിന്ന് തടികയറ്റിവന്ന ലോറിയാണ് ദേശീയപാതയിൽനിന്ന് ബൈപ്പാസിലേക്ക് നിയന്ത്രണംവിട്ടുകയറിയത്. ദേശീയപാതയിൽ സ്ഥാപിച്ച ഡിവൈഡർ തകർത്താണ് ലോറി ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് പാഞ്ഞുകയറിയത്.
അപകടത്തിലെ ഏറ്റവും ഗുരുതമായ കാര്യം വണ്ടിയോടിച്ചിരുന്നത് ലോറിയുടെ ക്ലീനറാണ് എന്നതാണ്. ഒപ്പമുണ്ടായിരുന്ന ഡ്രൈവറും മദ്യലഹരിയിലായിരുന്നു. ക്ലീനർക്ക് ഡ്രൈവിംഗ് ലൈസൻസ് ഇല്ലെന്നതും അതീവഗുരുതരമായ തെറ്റ്. ഡ്രൈവർ വണ്ടിയോടിക്കാനാകാത്തതരത്തിൽ മദ്യപിച്ചിരുന്നതിനാലാണ് ക്ലീനർ ഓടിച്ചത്. മാഹിയിൽ നിന്ന് മദ്യം വാങ്ങി നാട്ടിക വരെ ജില്ലകൾ കടന്ന് ലക്കുകെട്ട് വണ്ടിയോടിച്ചിട്ടും ആരും ഇവരെ പരിശോധിച്ചില്ല. പൊലീസിന്റേയും മോട്ടോർവാഹനവകുപ്പിന്റേയും പരിശോധനകളിലെ ഗുരുതരമായ പിഴവിനെയാണ് ഇത് തുറന്നുകാണിക്കുന്നത്. രാത്രികാലങ്ങളിൽ വണ്ടികൾ അതിവേഗത്തിലാണ് ഓടുന്നതെന്ന് മന്ത്രിമാർക്ക് മാത്രമല്ല, കൊച്ചുകുട്ടികൾക്കു പോലും അറിയാം. പരിശോധനയ്ക്ക് ആവശ്യമായത്ര വാഹനങ്ങളില്ലെന്നും ജീവനക്കാരില്ലെന്നും ഉദ്യോഗസ്ഥരും മന്ത്രിമാർ അടക്കമുളള ജനപ്രതിനിധികളും പറയുമ്പോഴും അപകടങ്ങൾ തടയാനുളള നടപടികൾ ഇനിയുമായില്ല.
യന്ത്രങ്ങളുണ്ട്, എന്തിന്?
മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാൻ ബ്രത്ത് അനലൈസറും ആൽകോ സ്‌കാൻ വാനുമെല്ലാം ഉണ്ടെങ്കിലും ഡ്രൈവർമാരുടെ പരിശോധന വഴിപാട് മാത്രം. ലോറി ഡ്രൈവറും ക്‌ളീനറും മാഹിയിൽ നിന്ന് മദ്യപിച്ച് നാട്ടിക വരെയെത്തിയിട്ടും വാഹനപരിശോധനയിൽ കുടുങ്ങിയില്ല. എല്ലാ സ്റ്റേഷനിലും ബ്രത്ത് അനലൈസർ രണ്ടെണ്ണമെങ്കിലും ഉണ്ടെങ്കിലും വേണ്ടത്ര പൊലീസുകാർ ഇല്ലാത്തതിനാൽ ദിവസവും പരിശോധന നടക്കാറില്ല. രാത്രിയിലും പുലർച്ചെയുമാണ് മദ്യപിച്ചുള്ള അപകടങ്ങളേറെ. എന്നാൽ, രാത്രികാല പട്രോളിംഗ് കുറഞ്ഞു. തൃശൂരിലെ രണ്ട് ദേശീയപാതകളിലും അന്യസംസ്ഥാന ലോറികളും ബസുകളും രാത്രിയിലും പുലർച്ചെയും അപകടത്തിൽപ്പെടുന്നത് പതിവാണ്. തീരദേശ പാതയിൽ നിർമ്മാണപ്രവർത്തനം നടക്കുന്നതിനാൽ രാത്രിയിൽ അപകടം കൂടുതലാണ്. മുന്നറിയിപ്പ് സുരക്ഷാ ബോർഡും വേണ്ടത്രയില്ല.എല്ലാ സ്റ്റേഷനിലും ബ്രത്ത് അനലൈസറുണ്ടെന്നും രാത്രികാല പട്രോളിംഗ് കൂടുതൽ ശക്തമാക്കുമെന്നും പൊലീസ് പറയുമ്പോഴും പരിശോധനകൾ വഴിപാടാകുകയാണ്.
ആൽകോ സ്‌കാൻ വാൻ എവിടെ?
മദ്യമോ മറ്റു ലഹരിവസ്തുക്കളോ ഉപയോഗിച്ചുവോയെന്ന പരിശോധന മെഡിക്കൽ സെന്ററിൽ കൊണ്ടുപോകാതെ വേഗത്തിൽ പരിശോധിക്കാനാകുന്ന ആൽകോസ്‌കാൻ വാൻ പുറത്തിറക്കി രണ്ട് വർഷം കഴിഞ്ഞെങ്കിലും പല ജില്ലകളിലുമെത്തിയില്ല. പരിശോധിക്കുന്നയാളുടെ സ്വകാര്യതയ്ക്ക് തടസമുണ്ടാകാത്ത രീതിയിൽ ഉമിനീരിൽ നിന്നും നിമിഷങ്ങൾക്കകം ലഹരിപദാർത്ഥത്തെ വേഗം തിരിച്ചറിയാനും പൊലീസിന് നടപടി സ്വീകരിക്കാനും ഈ വാൻ വഴി കഴിയും. ഉമിനീര് ഉപയോഗിച്ചുള്ള പരിശോധന രാജ്യത്ത് ആദ്യമായാണ് നടപ്പാക്കുന്നതെന്ന വിശേഷത്തോടെയാണ് വാൻ രംഗത്തിറക്കിയത്. വിദേശ രാജ്യങ്ങളിലെ പൊലീസ് ഉപയോഗിക്കുന്ന തരത്തിലുള്ള ഈ വാഹനം എല്ലാ ജില്ലകളിലും നൽകാനായിരുന്നു പദ്ധതിയെങ്കിലും ഫലം കണ്ടില്ല. പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു. 2022 ആഗസ്റ്റ് 30 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ, വാനിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ചത്.
ലക്കുകെട്ട മദ്യപാനത്തിൽ
ചോരപ്പുഴയായി
തടി ലോറി ഓടിച്ചിരുന്ന ക്ലീനർ വടകര മുതൽ തുടർച്ചായി മദ്യപിച്ചെന്നും മദ്യലഹരിയിൽ ഉറങ്ങിപ്പോയെന്നും പൊലീസിന് മൊഴി നൽകിയിരുന്നു. മദ്യലഹരി മൂലം കണ്ണടച്ച് പോയപ്പോൾ ബാരിക്കേഡുകൾ കാണാതെയായി. ലോറി എന്തിലോ തട്ടുന്നുവെന്ന് തോന്നിയപ്പോൾ വെട്ടിച്ചുമാറ്റി. ഇതോടെ ഉറങ്ങിക്കിടന്നവരുടെ ദേഹത്തേക്ക് ലോറി പാഞ്ഞു കയറി. വഴി തെറ്റിയെന്ന് മനസിലായപ്പോൾ ലോറി പിന്നോട്ടെടുത്തു. വീണ്ടും ഇവരുടെ ശരീരത്തിലേക്ക് ലോറി കയറി. വൈകിട്ട് അഞ്ചോടെയാണ് പെരുമ്പാവൂരിലേക്ക് തടി കയറ്റി പുറപ്പെട്ടത്. മാഹിയിൽ നിന്നു വാങ്ങിതാണ് മദ്യം. വടകര മുതൽ മദ്യപാനം തുടങ്ങി.
പൊന്നാനിയെത്തിയപ്പോഴേക്കും ലൈസൻസുള്ള ഡ്രൈവർ ജോസ് അബോധാവസ്ഥയിലായി. പിന്നിട് ലോറി ഓടിച്ചത് ലൈസൻസില്ലാത്ത ക്ലീനർ അലക്‌സാണ്ടറായിരുന്നു. സ്ഥിരമായി ഇതിലെ തടി കയറ്റി വരാറുണ്ടെന്നും ഇവർ മൊഴി നൽകി. നിർമ്മാണ പ്രവർത്തനം നടക്കുന്ന കാര്യം ഇവർക്ക് അറിയാമായിരുന്നു. ജാഗ്രത പുലർത്താതെയായിരുന്നു ഡ്രൈവിംഗെന്ന് വ്യക്തമാക്കുന്നതാണ് ഈ മൊഴികളെന്ന് പൊലീസ് പറഞ്ഞു.
ലോറികൾ മാത്രമല്ല, സ്വകാര്യബസുകളും മരണപ്പാച്ചിലിൽ മുന്നിലാണ്. തൃശൂർ- കോഴിക്കോട് പാതയിൽ ലിമിറ്റഡ് സ്റ്റോപ്പ് അടക്കമുളള ബസുകൾ പായുന്നത് പൊലീസ് നോക്കിനിൽക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. അസഹിഷ്ണുതയാണ് ഡ്രൈവർമാരുടെ പ്രധാനപ്രശ്നം. മറ്റെല്ലാ വാഹനങ്ങളും വഴി മാറണമെന്ന ചിന്താഗതിയോടെ ലക്കും ലഗാനുമില്ലാത്ത മരണപ്പാച്ചിൽ. എത്രയെത്ര അപകടങ്ങൾ കണ്ടാലും ഇവയിലെ ഡ്രൈവർമാർ ഒരു പാഠവും ഉൾക്കൊള്ളുകയുമില്ല. എ.ഐ. ക്യാമറകൾക്കൊന്നും നാട്ടിലെ വാഹനാപകടങ്ങൾ കുറയ്ക്കുന്നതിൽ ഒന്നും ചെയ്യാനാവുന്നില്ല.
മോട്ടോർവാഹനപരിശോധന കാര്യക്ഷമമാക്കിയില്ലെങ്കിൽ അപകടങ്ങൾ തുടരും.
അപകടങ്ങൾ ഉണ്ടാകുമ്പോൾ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനും രാത്രികാല പരിശോധന കർശനമാക്കാനുമൊക്കെയുള്ള പതിവുതീരുമാനങ്ങൾ വരും. അതെല്ലാം അതോടെ തീരും. മദ്യപിച്ച് വാഹനമോടിച്ചുള്ള അപകടങ്ങൾക്കു കടുത്തശിക്ഷ നൽകിയാലേ കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കുകയുളളൂ. ദേശീയപാതകളിൽ പോലും വെളിച്ചമില്ലാത്തതും അപകടസാദ്ധ്യത കൂട്ടുന്നുണ്ട്.
എന്തെങ്കിലും അപകടങ്ങൾ ഉണ്ടാകുമ്പോൾ രക്ഷാപ്രവർത്തനം പോലും തടസപ്പെടും. നാട്ടികയിലും അതു സംഭവിച്ചു. ഹൈമാസ്റ്റ് ലൈറ്റുകളടക്കം വെളിച്ച സംവിധാനങ്ങളില്ലാതിരുന്നത്, രക്ഷാപ്രവർത്തനം വെെകിപ്പിച്ചു. കേരളത്തിലെ നിരവധി റോഡുകളിൽ
അറ്റകുറ്റപ്പണിയും പുനർനിർമ്മാണവും വീതികൂട്ടലുമെല്ലാം നടക്കുന്നുണ്ട്. അവിടെയെല്ലാം വേണ്ടത്ര സുരക്ഷാ മുൻകരുതലും മുന്നറിയിപ്പ് അടയാളങ്ങളും സ്ഥാപിച്ചില്ലെങ്കിൽ അപകടങ്ങൾ തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |