ജി.ഡി.പി വളര്‍ച്ച 5.4 ശതമാനമായി താഴ്ന്നു
ഏഴ് പാദത്തിനിടെയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ച നിരക്ക്
കൊച്ചി: ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനത്തിലെ(ജി.ഡി.പി) വളര്‍ച്ച നിരക്ക് 5.4 ശതമാനമായി കുത്തനെ താഴ്ന്നു. മുന്‍വര്‍ഷം ഇതേകാലയളവില്‍ വളര്‍ച്ച 8.1 ശതമാനമായിരുന്നു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ഇന്ത്യ 6.7 ശതമാനവും വളര്‍ച്ച നേടിയിരുന്നു. കഴിഞ്ഞ ഏഴ് പാദങ്ങളിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചയാണിത്. അവലോകന കാലയളവില്‍ ഏഴ് ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് റിസര്‍വ് ബാങ്കും 6.5 ശതമാനം വളര്‍ച്ചയെന്ന് ധനകാര്യ വിദഗ്ദ്ധരും പ്രവചിച്ചിരുന്നു.
സാമ്പത്തിക വളര്‍ച്ച കണക്കാക്കുന്നതിലെ പ്രധാന സൂചികയായ മൊത്തം മൂല്യവര്‍ദ്ധനയില്‍ 5.6 ശതമാനം വളര്‍ച്ചയുണ്ടായി. മുന്‍വര്‍ഷം ഇക്കാലയളവില്‍ മൂല്യവര്‍ദ്ധനയിലെ വളര്‍ച്ച 7.7 ശതമാനമായിരുന്നു. സ്വകാര്യ ഉപഭോഗ ചെലവുകള്‍ ആറ് ശതമാനമായും സര്‍ക്കാര്‍ ഉപഭോഗ ചെലവുകള്‍ 4.4 ശതമാനമായും മെച്ചപ്പെട്ടു. മാനുഫാക്ചറിംഗ്, ഖനന രംഗങ്ങളില്‍ പ്രകടനം മോശമായപ്പോള്‍ കാര്‍ഷിക, സേവന മേഖലകള്‍ നില മെച്ചപ്പെടുത്തി.
തിരിച്ചടിക്ക് പിന്നില്‍
1. കാലാവസ്ഥ വ്യതിയാനവും അതിതീവ്ര മഴയും വ്യാവസായിക ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചു. ഖനന മേഖലയും വലിയ തിരിച്ചടി നേരിട്ടു.
2. ഒക്ടോബറില്‍ ഭക്ഷ്യ വില സൂചിക 10.87 ശതമാനമായി കുതിച്ചുയര്‍ന്നതോടെ നഗര മേഖലകളിലെ ഉപഭോഗത്തില്‍ ഗണ്യമായ ഇടിവുണ്ടായി. ജീവിത ഭാരം കൂടിയതോടെ ഉപഭോക്താക്കളുടെ വാങ്ങല്‍ശേഷി കുറഞ്ഞു.
3.രാജ്യത്തെ കമ്പനികളുടെ പ്രവര്‍ത്തന ലാഭം കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ തുടര്‍ച്ചയായി കുറയുന്നതിനാല്‍ നിക്ഷേപ സാഹചര്യം ദുര്‍ബലമാകുന്നു
3. ഉയര്‍ന്ന പലിശ നിരക്കും ശമ്പള വരുമാനത്തില്‍ വലിയ വര്‍ദ്ധനയില്ലാത്തതും കണ്‍സ്യൂമര്‍ ഉത്പന്നങ്ങളുടെ ഉപഭോഗത്തെ പ്രതികൂലമായി ബാധിക്കുന്നു.
മേഖല ഉത്പാദന വളര്‍ച്ച
മാനുഫാക്ചറിംഗ് 2.2 ശതമാനം
ഖനനം -0.1 ശതമാനം
കാര്‍ഷിക രംഗം 3.5 ശതമാനം
നിര്‍മ്മാണ വ്യവസായം 7.7 ശതമാനം
സേവന വിപണി 7.1 ശതമാനം
വ്യാവസായിക ഉത്പാദനവും തളരുന്നു
ഒക്ടോബറില്‍ എട്ട് പ്രധാന മേഖലകളിലെ വ്യാവസായിക ഉത്പാദന വളര്‍ച്ച 3.1 ശതമാനമായി താഴ്ന്നു. മുന്‍വര്‍ഷം ഒക്ടോബറില്‍ 12.7 ശതമാനമായിരുന്നു വളര്‍ച്ച. ക്രൂഡോയില്‍, പ്രകൃതി വാതക ഉത്പാദനത്തില്‍ ഇടിവുണ്ടായി. കല്‍ക്കരിയില്‍ 7.8 ശതമാനവും വളത്തില്‍ 0.4 ശതമാനവും സ്റ്റീല്‍ സിമന്റ് എന്നിവയില്‍ 4.2 ശതമാനവും വൈദ്യുതിയില്‍ 0.6 ശതമാനവും ഉത്പാദന വര്‍ദ്ധനയുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |