കുണ്ടറ: വിദ്യാർത്ഥികൾ അടക്കം ഒരു പ്രദേശമാകെ ആശ്രയിക്കുന്ന റോഡ്, കാടിനു നടുവിലെന്നപോലെ ആയിട്ടും അധികൃതർക്ക് അനക്കമില്ല. കുണ്ടറ പഞ്ചായത്ത് ആറുമുറിക്കട, ഓൾഡ് ഫയർഫോഴ്സ്, പനവിളഭാഗം, മജിസ്ട്രേട്ട് മുക്ക്, ഹവ്വാ ബീച്ച് വഴി പോകുന്ന, മൂന്നു കിലോമീറ്ററോളമുള്ള കനാൽ റോഡിന്റെ ഇരുവശവുമാണ് കാടുമൂടിയത്. ഭീതിപ്പെടുത്തുംവിധം എട്ടടിയോളം വരെ ഉയരത്തിലാണ് ഇരുവശത്തും ചെടികളും മരങ്ങളും ഉൾപ്പെടെ വളർന്നു നിൽക്കുന്നത്.
ഉപയോഗശൂന്യമായി കിടക്കുന്ന കെ.ഐ.പി കനാലിന്റെ ഉൾവശത്ത് നിന്നു തുടങ്ങി ഇരുവശങ്ങളിലായി ഒന്നരയാൾ അടി ഉയരത്തിൽ തിങ്ങി നിൽക്കുന്ന വിധത്തിലാണ് കാട്. കാടുകൾക്കിടയിലൂടെയുള്ള റോഡാകട്ടെ കുണ്ടും കുഴിയും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാത്ത നിലയിലാണ്. അങ്ങുമിങ്ങുമുള്ള വഴിവിളക്കുകൾ പ്രകാശിക്കുന്നുമില്ല. പാമ്പ്, കീരി, പന്നി, എലി, മുള്ളൻ പന്നി എന്നിവ യഥേഷ്ടം വിഹരിക്കുന്നു,
കാട്ടുപന്നിയെ പോലെ പ്രദേശവാസികളെ ഉപദ്രവിക്കുന്ന ക്ഷുദ്രജീവികൾ എന്നു രംഗപ്രവേശം ചെയ്യുമെന്നറിയാതെ വലയുകയാണ് നാട്ടുകാർ.
റോഡിന്റെ ശോച്യാവസ്ഥ തിരഞ്ഞെടുപ്പുകാലത്ത് പ്രധാന പ്രചരണ വിഷയങ്ങളിൽ ഒന്നാണെന്ന് നാട്ടുകാർ പറയുന്നു. ഫണ്ട് അനുവദിച്ചെന്ന മട്ടിൽ അപ്പോൾ ഫ്ളക്സുകളും നോട്ടീസുകളും പുറത്തിറങ്ങും. എന്നാൽ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇവയെല്ലാം അപ്രത്യക്ഷമാവുകയും ചെയ്യും. കനാലിൽ മലിനജലം കെട്ടിക്കിടക്കുന്നതിനാൽ രൂക്ഷമായ ദുർഗന്ധമാണ് അനുഭവപ്പെടുന്നത്. മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവ് നായ്ക്കളുടെ ശല്യം മറ്റൊരു ദുരിതം. പ്രദേശത്ത് കൊതുകു ശല്യവും രൂക്ഷമാണ്. റോഡിന്റെ അവസ്ഥയ്ക്ക് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ സമരം ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
ഇടതൂർന്നു നിൽക്കുന്ന ഈ കാടിനിടയിലൂടെയാണ് നൂറുകണക്കിന് കുട്ടികൾ ദിനംപ്രതി സ്കൂളിലേക്ക് കാൽനടയായും സൈക്കിളിലും എത്തുന്നത്. എന്തെങ്കിലും കണ്ട് ഭയന്ന് ഓടുന്ന കുട്ടികൾ റോഡിലെ കുഴികളിൽ വീണ് പരിക്കേൽക്കുന്നത് പതിവാണ്. കുട്ടികളുടെ കാര്യമെങ്കിലും പരിഗണിച്ച് റോഡിന്റെ ദുരവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കണം
പാപ്പച്ചൻ തങ്കച്ചൻ,
മാനേജർ,
എം.എൻ യു.പി സ്കൂൾ, നെടുമ്പായിക്കുളം.
........................................
നൂറുകണക്കിന് സ്ത്രീകളാണ് ഈ കാട്ടുവഴിയിലൂടെ വ്യാപാര സ്ഥാപനങ്ങളിലേക്കും മറ്റും എത്തുന്നത്. ജീവൻ കൈയിൽപ്പിടിച്ചാണ് അവരുടെ യാത്ര. അടിയന്തര നടപടി അനിവാര്യമാണ്
ഫിലിപ്പ് കോശി,
ജി.കെ സാമിൽ,
നെടുമ്പായിക്കുളം.
....................................
4.5 കിലോമീറ്റർ നീളത്തിൽ റോഡിന്റെ അറ്റകുറ്റപ്പണി സൈഡ് ഭിത്തി, കലുങ്ക്, കാട് വെട്ടിമാറ്റൽ എന്നിവയ്ക്കായി 3.88 കോടി രൂപ കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ഫണ്ടിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. കലുങ്കിന്റെ പണികൾ ആരംഭിച്ചു, ഒരു വർഷ കാലാവധിയാണ് തുടർ പണികൾക്കായി പറഞ്ഞിരിക്കുന്നത്
അഡ്വ. ബിജു എബ്രഹാം, പഞ്ചായത്ത് പ്രസിഡന്റ്സിബി, വാർഡ് അംഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |