കരുനാഗപ്പള്ളി: സി.പി.എം സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ച് കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് ലോക്കൽ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരുമടക്കം അൻപതോളം പേർ പ്രതിഷേധ മാർച്ച് നടത്തി. സേവ് സി.പി.എം എന്നെഴുതിയ പ്ലക്കാർഡുകളുമായി ഓഫീസിനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.
കരുനാഗപ്പള്ളിയിൽ നിന്നുള്ള പാർട്ടി ജില്ലാ കമ്മിറ്റി അംഗങ്ങൾക്കെതിരെ അഴിമതി അടക്കം ആരോപിച്ചുള്ള മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാർ മുഴക്കിയത്. സംഘടിത ശക്തി ഉപയോഗിച്ച് സമ്മേളനങ്ങൾ പിടിച്ചെടുക്കുന്നുവെന്നും മുദ്രാവാക്യമുയർന്നു. കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള വിവിധ പ്രദേശങ്ങളിലെ ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കും ബ്രാഞ്ച് സെക്രട്ടറിമാർക്കും പുറമേ ജനാധിപത്യ മഹിളാ അസോസിയേഷൻ, ഡി.വൈ.എഫ്.ഐ അടക്കമുള്ള സംഘടനകളുടെ മേഖലാ ഭാരവാഹികളും പാർട്ടി അംഗങ്ങളും മാർച്ചിലുണ്ടായിരുന്നു.
സി.പി.എമ്മിന്റെ പാർട്ടി പതാകയും പ്ലക്കാർഡുകളും പിടിച്ച് ഇന്നലെ ഉച്ചക്ക് 12 ഓടെ കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപത്ത് നിന്നാണ് മാർച്ച് ആരംഭിച്ചത്. ഓഫീസിനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് തടഞ്ഞതോടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമായി. പൊലീസിന്റെ ബലപ്രയോഗത്തിൽ പ്രതിഷേധിച്ച് ഇവർ പാർട്ടി ഓഫീസിന് സമീപമുള്ള കവാടത്തിന് മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ഉച്ചക്ക് 1.30ഓടെ സമരക്കാർ സ്വയം പിരിഞ്ഞുപോയി. സി.പി.എം നേതാക്കളായ കെ.ആർ.സജീവ്, അൻസർബാബു, കെ.സുരേഷ്, കുറ്റിയിൽ ജീവ്, പ്രസന്ന, ഗിരിജ അപ്പുക്കുട്ടൻ, തച്ചിരേത്ത് അജയൻ, പ്രശോഭ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.
സംഭവത്തിന് പിന്നാലെ സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി യോഗം ചേർന്ന് മാർച്ചിൽ പങ്കെടുത്തവരുടെ പേരും പ്രവർത്തിക്കുന്ന ഘടകവും സഹിതമുള്ള പട്ടിക തയ്യാറാക്കി കൈമാറി. ഇവർക്കെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കും. പ്രതിഷേധ മാർച്ചും വിഭാഗീയതയും ചർച്ച ചെയ്യാൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുക്കുന്ന ജില്ലാ സെക്രട്ടേറിയറ്റ്, കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി യോഗങ്ങൾ ഇന്ന് ചേരും. .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |