ന്യൂഡൽഹി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഇരകളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ച് നടി മാലാ പാർവതി. തന്റെ മൊഴി ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം നിരന്തരം ബുദ്ധിമുട്ടിക്കുന്നുവെന്നാണ് നടിയുടെ പരാതി.
മൊഴി നൽകാൻ താത്പര്യമില്ലെന്ന് അന്വേഷണ സംഘത്തെ അറിയിച്ചെങ്കിലും അവർ നിർബന്ധിക്കുന്നു. ഇപ്പോഴത് മാനസികപീഡനമായി മാറിയിരിക്കുന്നു. അന്വേഷണ സംഘത്തിന്റെ പ്രവൃത്തികൾ ഹേമ കമ്മിറ്റിയുടെ ഉദ്ദേശ്യലക്ഷ്യത്തെ തന്നെ അട്ടിമറിക്കുന്നതാണ്.
സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റിക്ക് മുന്നിൽ നൽകിയ മൊഴി രഹസ്യാത്മകവും കമ്മിറ്റിയുടെ പഠനാവശ്യത്തിനുമാണ്. സിനിമാ വ്യവസായം മെച്ചപ്പെടാനും, വനിതാ ആർട്ടിസ്റ്റുകൾക്ക് മികച്ച ജോലി സാഹചര്യം ഉറപ്പാക്കി കിട്ടാനുമാണ്. അതിനായി സമഗ്രനയം രൂപീകരിക്കാനുമാണ്. അല്ലാതെ ക്രിമിനൽ കേസിനോ, നിയമനടപടികൾ ആരംഭിക്കാനോ അല്ല. തന്റെ മൊഴി അത്തരത്തിൽ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുമില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
വിഷയം ഡിസംബർ 10ന് പരിഗണിക്കാനായി ജസ്റ്റിസുമാരായ വിക്രംനാഥ്, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് മാറ്റി. സമാന വാദങ്ങളുന്നയിച്ച് വനിതാ മേക്കപ്പ് ആർട്ടിസ്റ്റും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിനെതിരെ നിർമ്മാതാവ് സജിമോൻ പാറയിലും ഹർജി സമർപ്പിച്ചിട്ടുണ്ട്.
'ചിലരെ ലക്ഷ്യമിടുന്നു'
അധികാരപരിധിയും കടന്നാണ് കേരള ഹൈക്കോടതി മൊഴികളിൽ കേസെടുക്കാൻ ഉത്തരവിട്ടിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘം നടപടിയും തുടങ്ങി. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലുള്ള ചില കാര്യങ്ങൾ ഹേമ കമ്മിറ്റിയോട് താൻ പറഞ്ഞിരുന്നു. എന്നാൽ, അതിക്രമത്തിന് ഇരയായെന്ന് സംശയിപ്പിക്കപ്പെട്ടവർ തന്നെ അക്കാര്യം നിഷേധിച്ചു. എന്നാൽ, ആ മൊഴികൾവച്ച് ചിലരെ ലക്ഷ്യമിട്ടിരിക്കുകയാണ് പ്രത്യേക അന്വേഷണസംഘമെന്നും നടി ഹർജിയിൽ പറയുന്നു.
എതിർത്ത് ഡബ്ല്യു.സി.സി
നടിയുടെ ഹർജിയെ വിമൻ ഇൻ സിനിമ കളക്‌ടീവ് (ഡബ്ല്യു.സി.സി) എതിർത്തു. അപ്രസക്തമായ ഹർജിയാണ്. കക്ഷിചേരും. ആർക്കും നോട്ടീസ് അയയ്ക്കരുതെന്നും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |