ഹിറ്റ് ചിത്രങ്ങളിൽ കാണുന്ന താരമാണ് പൂജ മോഹൻരാജ്.ആവേശത്തിൽ രങ്കന്റെ പിള്ളേരുടെ ചേച്ചിയായി തിളങ്ങിയ പൂജ മോഹൻരാജ് ബേസിൽ ജോസഫും നസ്രിയയും ആദ്യമായി ഒരുമിച്ച സൂക്ഷ്മദർശിനിയിൽ അസ്മ എന്ന കഥാപാത്രമായി എത്തി പ്രേക്ഷകരെ ചിരിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്നു. കീർത്തി സുരേഷും രാധിക ആപ്തെയും മുഖ്യ വേഷത്തിൽ എത്തുന്ന യഷ് രാജ് പ്രൊഡക്ഷൻസിന്റെ വെബ് സീരീസിലൂടെ ഹിന്ദിയിലുംഅരങ്ങേറ്റം കുറിച്ച പൂജ മോഹൻരാജ് വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
കേൾക്കാൻ രസം
പരീക്ഷണ സിനിമകളിൽ അഭിനയിക്കുന്നു എന്നു കേൾക്കുന്നത് രസമാണ്. ചെറിയ കഥാപാത്രങ്ങൾ ലഭിക്കുമ്പോൾ എനിക്ക് ഇത്ര സമയമേ ഉണ്ടാകുവെന്നും ഏറ്റവും നന്നായി വിനിയോഗിക്കണമെന്നേ ചിന്തിക്കാറുള്ളൂ. രോമാഞ്ചം സിനിമയിൽ രണ്ട് മിനിട്ട് മാത്രം ആണ് . എന്നാൽ കുറഞ്ഞ സമയത്ത് നന്നായി പെർഫോം ചെയ്യാൻ ശ്രമിച്ചു.നാടക പരിശീലനം അഭിനയത്തിൽ സഹായിച്ചിട്ടുണ്ട്.സിംഗപ്പൂർ ഇന്റർനാഷണൽ ആക്ടിംഗ് സ്കൂളിലും തൃശൂർ സ്കൂൾ ഒഫ് ഡ്രാമയിലുമാണ് ഉപരിപഠനം .
പത്തുവയസു മുതൽ ലോകധർമ്മി യുടെ നാടകത്തിന്റെ ഭാഗമായി. ഡൽഹി ലേഡി ശ്രീറാം കോളേജിൽ ബി.എ
ഇക്കണോമിക്സ് പഠിക്കുമ്പോഴും നാടകത്തിൽ അഭിനയിച്ചു.
ലോകധർമ്മിയുടെ ഭാഗമായതു മുതൽ നാടകത്തോട് പ്രിയം തോന്നി. ഡൽഹിയിലെ ജീവിതം നാടകവുമായും പലതരം കലാരൂപങ്ങളുമായും കൂടുതൽ അടുപ്പിച്ചു. നാടകത്തിന്റെ ഭാഗമാകാനാണ് ആഗ്രഹമെന്ന് തിരിച്ചറിഞ്ഞു. അതുവരെ ഐ.എ.എസ് നേടണമെന്നായിരുന്നു സ്വപ്നം. വൺ ആണ് ആദ്യ സിനിമ.
കഥാപാത്രത്തിൽ കാര്യം
പിന്നീട് സിനിമകൾ വരാൻ തുടങ്ങി. ഇരട്ട, കാതൽ, മഞ്ഞുമ്മൽ ബോയ്സ്, നീലവെളിച്ചം തുടങ്ങി കുറച്ചു നല്ല സിനിമകൾ ചെയ്തു. പ്രേക്ഷകരുടെ മനസിൽ ഇടംപിടിക്കുന്ന സിനിമയും കഥാപാത്രങ്ങളും ലഭിക്കുന്നുണ്ട്. കഥാപാത്രങ്ങൾ ചെറുതായിരിക്കും. എന്നാൽ കഥയ്ക്ക് പ്രസക്തമായ കഥാപാത്രങ്ങൾ തന്നെയാണ് ലഭിക്കുന്നത്. അതു വീണ്ടും കിട്ടണേ എന്നാണ് പ്രാർത്ഥന.വലിയ ടെക്നീഷ്യൻസിനൊപ്പമാണ് എല്ലാ സിനിമയും, ഒരു ജാതി ജാതകം, മരണമാസ്, പടക്കളം, പാതിരാത്രി എന്നീ സിനിമകൾ വരാനുണ്ട്. പുതിയ സിനിമകൾ തുടങ്ങാൻ പോകുന്നു. കണ്ണൂർ ആണ് അച്ഛന്റെയും അമ്മയുടെയും നാട്. ചേച്ചിയുടെ പഠനത്തിന്റെ ഭാഗമായാണ് കൊച്ചിയിൽ വരുന്നത്. രണ്ടുമൂന്നു വർഷമായി സിനിമ തന്നെയാണ് ജോലി. അതിനുമുമ്പ് നാടകം പഠിപ്പിച്ചു. ഇപ്പോഴും വർക്ഷോപ്പുകളുടെ ഭാഗമാകാറുണ്ട്.
യഷ്രാജിന്റെ കാസ്റ്റിംഗ് പേജിൽ നിന്ന് മെസേജ് വരികയായിരുന്നു .എന്റെ സിനിമകൾ കണ്ടാണ് വിളിച്ചത്. കഥാപാത്രത്തിന്റെയും എന്റെയും ലുക്ക് ഒരേപോലെ എന്നു കേട്ടപ്പോൾ അതിശയം തോന്നി. വിളി വന്നപ്പോൾ ആദ്യം വിശ്വാസം വന്നില്ല. 'ഇനി എന്ത് " എന്നു വിചാരിച്ചിരിക്കുമ്പോഴാണ് വിളി .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |