33 വർഷം മുൻപ് പെരുന്തച്ചൻ സിനിമയിലൂടെയാണ് തമ്പുരാട്ടിയാകാൻ വിനയ പ്രസാദ് മലയാളത്തിലേക്ക് വരുന്നത്.കന്നട താരം എന്ന തോന്നൽ അനുഭവപ്പെടാതെ മലയാളത്തിന്റെ മുഖപ്രസാദമായി മാറിയതാണ് പിന്നത്തെ കാഴ്ച.ഭർത്താവും കന്നട സംവിധായകനും ചിത്രസംയോജകനുമായിരുന്ന വി.ആർ. കെ പ്രസാദിന്റെ വേർപാടും വർഷങ്ങൾക്കുശേഷം വിനയ പ്രസാദ് വീണ്ടും വിവാഹം കഴിച്ചതും മലയാളിയും അറിഞ്ഞു. സുരാജ് വെഞ്ഞാറമൂട് നായകനായി ഇഡി എന്ന സിനിമ ഡിസംബർ 20ന് പ്രേക്ഷകർക്ക് മുൻപിൽ എത്തുമ്പോൾ ചെറിയ ഇടവേളയ്ക്കുശേഷം വിനയ പ്രസാദ് മലയാളത്തിൽ.
ഇഡി സിനിമയിലെ കഥാപാത്രത്തെ അവതരിപ്പിക്കാൻ പ്രേരിപ്പിച്ചത് എന്ത് ?
പുതുമ നിറഞ്ഞ കഥയും തിരക്കഥയും .വ്യത്യസ്തമായ അവതരണ രീതി. പ്രേക്ഷകരുടെ എല്ലാ പ്രതീക്ഷയെയും മാറ്റുന്ന സിനിമയായിരിക്കും ഇഡി (എക്സ്ട്രാ ഡീസന്റ് ) . ഡാർക് കോമഡിയാണ്. പോസിറ്റിവിറ്റിയുടെയും നെഗറ്റിവിറ്റിയുടെയും ഇടയിലാണ് ഇഡി. ഇതുവരെ അവതരിപ്പിച്ചതിൽ നിന്ന് അകന്നു നിൽക്കുന്ന മുഴുനീള അമ്മ വേഷം. മക്കൾ എല്ലാവരും നന്നാകണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും പക്ഷേ എന്ന ഒരു ചോദ്യം ഇവിടെ ഉയരുന്നുണ്ട്. അതിന്റെ ഉത്തരം അറിയാൻ സിനിമ കാണണം.
പെരുന്തച്ചനിലെ ഭാർഗവി തമ്പുരാട്ടിയേക്കാൾ മണിച്ചിത്രത്താഴിലെ ശ്രീദേവിയെ പ്രേക്ഷകർ ചേർത്തു പിടിക്കുന്നു?
കഥാപാത്രത്തിന് പാവം ഇമേജാണ്. മാടമ്പള്ളിയിൽ നടക്കുന്ന അനിഷ്ടങ്ങൾക്ക് കാരണം ശ്രീദേവിയല്ലെന്ന് തിരിച്ചറിയുമ്പോഴാണ് ആ കഥാപാത്രം കൂടുതൽ ജയിച്ച് തുടങ്ങിയതെന്ന് തോന്നുന്നു. ലവ് ട്രാക് എന്നും പ്രേക്ഷകർക്ക് ഇഷ്ടമാണ്. സണ്ണി ചെറുതായി പ്രൊപ്പോസ് ചെയ്തു പോകുന്നതും വിവാഹം കഴിക്കാതെ നിൽക്കുന്ന ശ്രീദേവി 'ഞാൻ കാത്തിരിക്കുന്നുണ്ടാകും" എന്ന രീതിയിൽ ഒാടി വന്നു നിൽക്കുന്നതും പ്രേക്ഷകരുടെ മനസിൽനിന്ന് ഇറങ്ങി പോയിട്ടില്ല. ഞാൻ എന്ന പ്രേക്ഷകയുടെ മനസിൽ ഇപ്പോഴും ആ സീൻ നിൽക്കുന്നു. മണിച്ചിത്രത്താഴ് പുതിയ തലമുറയും കാണുന്നു. ആ സിനിമ ഇപ്പോഴും അത്ഭുതപ്പെടുത്തുന്നുണ്ട്. എല്ലാം ഫാസിൽ സാറിന്റെ കഴിവ്. ഒപ്പം ടീം എനിക്ക് നൽകിയ പിന്തുണ.പെരുന്തച്ചനും മണിച്ചിത്രത്താഴും ജീവിതത്തിൽ നടന്ന വലിയ സംഭവങ്ങളാണ്. പെരുന്തച്ചൻ സിനിമയിലൂടെ മലയാളത്തിലേക്ക് വരുമ്പോൾ ഭാഷ പോലും അറിയില്ലായിരുന്നു.
സിനിമയിൽ ഇപ്പോൾ അമ്മ കഥാപാത്രങ്ങൾ വന്നു പോകുന്നവരായി മാറുന്നുണ്ടോ ?
മുൻപ് കുടുംബസമേതം കാണുന്ന മാധ്യമമായിരുന്നു സിനിമ. വീട്ടിലെ പ്രായമായവരും സിനിമ കാണാൻ എത്തുമായിരുന്നു. കാലം മാറിയപ്പോൾ അമ്മ കഥാപാത്രത്തിന് മാറ്റം വന്നു. അമ്മ കഥാപാത്രത്തിന്റെ സെന്റിമെൻസിന് കുറവ് സംഭവിച്ചു.ചില സിനിമകളിൽ അമ്മ കഥാപാത്രങ്ങൾ വന്നുപോവാറുണ്ട്. എന്നാൽ ചിലതിൽ പ്രാധാന്യമുണ്ട്. സീരിയലിൽ അമ്മ കഥാപാത്രങ്ങളുടെ പ്രാധാന്യം നഷ്ടപ്പെടുന്നില്ല. കൂടുന്നതേയുള്ളു.ജീവിതത്തിൽ അമ്മമാർ ശക്തരാണ്. എല്ലാ രീതിയിലും.
ജീവിതത്തിലെ പ്രതിസന്ധി കാലത്തുനിന്ന് എന്ത് പഠിക്കാൻ സാധിച്ചു ?
ദുഃഖങ്ങൾ ഉണ്ടാകുമ്പോൾ തളരാൻ പാടില്ല. അപ്രതീക്ഷിതമായിരുന്നു പ്രസാദിന്റെ വേർപാട്. ആസമയത്ത് മകൾക്ക് അഞ്ചര വയസാണ്. പിടിച്ചുനിൽക്കാൻ ധൈര്യം വേണമെന്ന് അച്ഛനും അമ്മയും ചെറുപ്പത്തിൽ തന്നെ ഉപദേശം തന്നു. അങ്ങനെ മുൻപോട്ട് പോയി. മകൾ പോലും കൂടെനിന്നു. മകൾ വിഷമിക്കാൻ പാടില്ല എന്ന ധൈര്യത്തിലാണ് പിടിച്ചുനിന്നത്. ഞാൻ ഒരു സാധാരണ സ്ത്രീയാണ്. ആ ദുഃഖം ബാധിക്കാതിരിക്കാൻ മനസിനെ പാകപ്പെടുത്തി. അഭിനയത്തിൽ മുഴുകി. കൂടുതൽ തിരക്കിലേക്ക് പോയപ്പോൾ മനസ് ശാന്തമായി മാറി . ചെയ്യാൻ മറ്റു ജോലികൾ ഇല്ലെങ്കിലല്ലേ മനസ് ദുഃഖിക്കൂ. ദൈവം ഒരു കൈയിൽ നഷ്ടം തന്നു. മറുകൈയിൽ അഭിനയിക്കാൻ ധാരാളം അവസരം തന്നതിന് നന്ദിയുണ്ട്.
മകൾ പ്രഥമ പ്രസാദിനൊപ്പം അഭിനയിക്കാൻ സാധിച്ചോ ?
ലക്ഷ്മി നാരായണര പ്രപഞ്ചനേ ബേരേ എന്ന സിനിമയിൽ മാത്രം ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചു. ആ ചിത്രം ഞാനാണ് സംവിധാനം ചെയ്തത്. സിനിമയിലും അമ്മയും മകളുമായി അഭിനയിക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു. പ്രഥമ നല്ല അഭിനേത്രിയും കഥക് നർത്തകിയുമാണ്. ദേവി വേഷത്തിലും നെഗറ്റീവ് കഥാപാത്രങ്ങളിലും കന്നട സിനിമയിലും സീരിയലിലും തിളങ്ങുന്നു. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്.
ഭർത്താവ് സൂര്യ എൻ. റാവു ഇവന്റ് മാനേജരും കൊറിയോഗ്രഫറുമാണ് . ചെറുമകൾ സ്ഥിടിക ആറാം ക്ളാസിൽ പഠിക്കുന്നു.
വിവാഹം കഴിക്കുമ്പോൾ സിനിമാതാരമാണെന്ന് ജ്യോതിപ്രകാശിന് അറിയാമായിരുന്നോ ?
എന്നെ കണ്ടുമുട്ടുമ്പോൾ സിനിമാതാരമെന്ന് അറിയില്ലായിരുന്നു. അതിനുശേഷമാണ് എന്റെ സിനിമകൾ കാണുന്നത്. സൗ മ്യമായ പെരുമാറ്റവും എല്ലാവരെയും ഒരേപോലെ കാണുന്ന സ്വഭാവവുമാണ് ആകർഷിച്ചതെന്ന് പറഞ്ഞിട്ടുണ്ട്.
എനിക്ക് തിരിച്ചും ഇതേ അഭിപ്രായം തന്നെയാണ്. ജ്യോതി പ്രകാശിനെ വിവാഹം കഴിച്ചാൽ നന്നായിരിക്കുമെന്ന് തോന്നി. രണ്ടുപേരും ഒരേ മേഖലയിൽ പ്രവർത്തിക്കുന്നവർ. ജ്യോതി പ്രകാശ് ഹിന്ദി സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. തിരക്കഥാകൃത്തുമാണ് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |