ഇപ്പോഴത്തെ നിലയിൽ മുന്നോട്ടുപോയാൽ താമസിയാതെ കെ.എസ്.ഇ.ബി മറ്റൊരു കെ.എസ്.ആർ.ടി.സിയായി മാറുമെന്നാണ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകർ പറയുന്നത്. കെ.എസ്.ആർ.ടി.സി സി.എം.ഡി പദവിയിൽ നിന്ന് കെ.എസ്.ഇ.ബിയുടെ തലപ്പത്തെത്തിയ അദ്ദേഹത്തിനു ബോർഡിന്റെ നിലവിലെ അവസ്ഥ വേദനയുളവാക്കുന്നതായി തോന്നിയിട്ടുണ്ടാകാം. കാലാകാലങ്ങളായി തുടരുന്ന സാമ്പത്തിക പ്രതിസന്ധിയും കൃത്യമായ ആസൂത്രണമില്ലാതായതും സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ കെ.എസ്.ഇ.ബിയെ വട്ടം ചുറ്റിക്കുകയാണ്. മാസാതോറും ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാരിന്റെ മുമ്പിൽ നാണമില്ലാതെ കൈനീട്ടുന്ന കെ.എസ്.ആർ.ടി.സിയുടെ ആ ഗതികേട് കെ.എസ്.ഇ.ബിക്ക് ഇതുവരെ ഉണ്ടാകാത്തത് അടിക്കടി നിരക്കുകൂട്ടാനും സർച്ചാർജ് ഏർപ്പെടുത്താനും റഗുലേറ്ററി കമ്മിഷൻ അനുവദിക്കുന്നതുകൊണ്ടു മാത്രമാണ്. എന്നാൽ ഉപഭോക്താക്കളെ പിഴിഞ്ഞ് ഇങ്ങനെ എത്രകാലം പോകാനാകുമെന്നാണ് ബോർഡ് മേധാവികൾ തന്നെ ഇപ്പോൾ ചിന്തിച്ചുകൊണ്ടിരിക്കുന്നത് വരവും ചെലവും തമ്മിലുള്ള പൊരുത്തമില്ലായ്മ നിരക്കു വർദ്ധനയും അധിക സർച്ചാർജും കൊണ്ട് നികത്താനാവുന്നില്ല.
ഓരോ മാസവും ദൈനംദിന ചെലവുകൾ നേരിടാൻ നാനൂറു കോടി രൂപയിലധികം ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് പലിശയ്ക്ക് എടുക്കേണ്ടിവരുന്നു. വരവ് 1750 കോടി രൂപയിൽ നിൽക്കുമ്പോൾ ചെലവാകട്ടെ 1950 കോടി രൂപയാണ്. ഒരിക്കലും കൂട്ടിമുട്ടാത്ത സമാന്തര രേഖകൾ പോലെ വരവും ചെലവും ഇത്തരത്തിൽ മാറ്റമില്ലാതെ മുന്നോട്ടു പോവുകയാണ്. ആഭ്യന്തര ഉത്‌പാദനം കമ്മിയായതിനാൽ കൂടിയ വിലയ്ക്ക് പുറത്തുനിന്ന് വലിയ തോതിൽ വൈദ്യുതി വാങ്ങേണ്ടിവരുന്നു. മുൻപിൻ നോക്കാതെ നേരത്തെ ഉണ്ടാക്കിയ വൈദ്യുതി വാങ്ങൽ കരാറുകൾ ഏകപക്ഷീയമായി റദ്ദാക്കിയതിന്റെ ഫലമായി നേരിടേണ്ടിവന്ന പ്രതിസന്ധി ഒരു വശത്ത്. മഴ ആവോളം ലഭിച്ചിട്ടും വൈദ്യുതി ലഭ്യത കുറഞ്ഞതിനെത്തുടർന്ന് നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുന്ന മഴക്കാല രാത്രികൾ. ബോർഡിന്റെ ആസൂത്രണ വൈകല്യങ്ങൾ ഇങ്ങനെ ധാരാളമാണ്.
ബോർഡിന്റെ പ്രതിസന്ധി മറികടക്കാനുള്ള അടിയന്തരമായി നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സ്ഥാപനത്തിന്റെ ഭാവി ഇരുളിലാകുന്നതിനൊപ്പം സംസ്ഥാനം രൂക്ഷമായ പവർകട്ടിലേക്കു നീങ്ങുമെന്നാണ് സി.എം.ഡി നൽകുന്ന മുന്നറിയിപ്പ്. അടുത്ത അഞ്ചുവർഷംകൊണ്ട് പതിനായിരം മെഗാവാട്ട് സ്ഥാപിതശേഷി കൈവരിക്കുക എന്ന ലക്ഷ്യം നേടാൻ വലിയ മൂലധന നിക്ഷേപം ആവശ്യമാണ്. ഇതിനായി സിയാൽ മാതൃകയിൽ കമ്പനിയുണ്ടാക്കി ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ജീവനക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും വലിയ ഉപഭോക്താക്കളിൽ നിന്നും ബോണ്ട് വഴി നിക്ഷേപം സ്വീകരിക്കാവുന്നതാണ്. ബോർഡിലെ താപ്പാനകൾക്ക് ഇതൊന്നും രുചിക്കുന്ന കാര്യമല്ലെന്നറിയാം. നിക്ഷേപങ്ങൾക്ക് നിശ്ചിത വർഷം കഴിഞ്ഞ് ലാഭവിഹിതം ലഭിക്കുമെന്ന് സർക്കാർ ഗ്യാരണ്ടിയുണ്ടെങ്കിൽ നിക്ഷേപം എത്ര വേണമെങ്കിലും കിട്ടും. സ്വകാര്യ കമ്പനികൾക്കു പോലും രണ്ടോ മൂന്നോ ദിവസം മതി അവർ ആവശ്യപ്പെടുന്ന വലിയ സംഖ്യയുടെ നിക്ഷേപം നേടിയെടുക്കാൻ. ആ നിലയ്ക്ക് ഒരു പൊതുമേഖലാ സ്ഥാപനത്തിന് പ്രയാസമൊന്നും നേരിടേണ്ടിവരില്ല.
25 മെഗാവാട്ടിൽ കുറവുള്ള ജലവൈദ്യുതി ഉത്‌പാദനം തദ്ദേശസ്ഥാപനങ്ങളും സ്റ്റാർട്ടപ്പുകളും വലിയ എച്ച്.ടി ഉപഭോക്താക്കളും കൂടുതലായി ഏറ്റെടുക്കണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇത്തരത്തിലുള്ള ചെറുകിട വൈദ്യുതി ഉത്‌പാദന കേന്ദ്രങ്ങൾ വർഷങ്ങളായി പൂർത്തിയാകാതെ കിടപ്പുണ്ട്. ആവശ്യം കണ്ടറിഞ്ഞിട്ടും അവ പണി തീർത്ത് ഉത്‌പാദനം തുടങ്ങാൻ ഒരു ശുഷ്കാന്തിയും കാണിക്കുന്നില്ല. സോളാർ വൈദ്യുതി ഏറെ സ്വീകാര്യമായിക്കൊണ്ടിരിക്കുന്നത് ബോർഡിന്റെ ഭാരം കുറയ്ക്കും. ആവശ്യമായ പ്രോത്സാഹനം നൽകുകയേ വേണ്ടൂ. പുറത്തുനിന്ന് ഓരോ മാസവും വൈദ്യുതി വാങ്ങാൻ ഇപ്പോൾ 900 കോടി രൂപ വേണ്ടിവരുന്നു. ബോർഡിന്റെ സാമ്പത്തികനില അമ്പേ തകർക്കുന്നത് ഇതാണ്. കൂട്ടത്തിൽ കുത്തഴിഞ്ഞ ഭരണവും പരമ്പരാഗത സമീപനങ്ങളിൽ ഒരു മാറ്റവും വരുത്തുകയില്ലെന്ന മുട്ടാപ്പിടിയും. ഏതായാലും ബോർഡ് രണ്ടാമതൊരു കെ.എസ്.ആർ.ടി.സിയായി മാറുന്നത് അംഗീകരിക്കാൻ ജനങ്ങൾക്കാവില്ല. അത്തരത്തിൽ ഒരെണ്ണം തന്നെ ധാരാളമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |